ചെന്നൈ: തമിഴ്‌നാട്ടിൽ അധികാരമേറ്റ നടൻ വിജയ്‌യുടെ ന്യൂനപക്ഷ സർക്കാറിന് പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി ഡി.എം.കെ. കോൺഗ്രസിനെ ഇനി ഒരിക്കലും വിശ്വസിക്കരുതെന്നും അടുത്തേക്ക് അടുപ്പികപോലും ചെയ്യരുതെന്നും ഡി.എം.കെ നേതാവും യൂത്ത് വിങ് സെക്രട്ടറിയുമായ ഉദയനിധി സ്റ്റാലിൻ വിമർശിച്ചു. ചെന്നൈയിൽ നടന്ന പാർട്ടി യോഗത്തിൽ പ്രവർത്തകരോട് സംവദിക്കുകയായിരുന്നു അദ്ദേഹം. ഡി.എം.കെ സഖ്യത്തിന്റെ ബലത്തിൽ ജയിച്ചുകയറിയ കോൺഗ്രസിന് അടിസ്ഥാനപരമായ നന്ദിയോ മര്യാദയോ ഇല്ലെന്നും ഉദയനിധി തുറന്നടിച്ചു.
ഡി.എം.കെ അണികളുടെ കഠിനാധ്വാനം കൊണ്ടാണ് കോൺഗ്രസിന് അഞ്ച് എം.എൽ.എമാരെ ലഭിച്ചതെന്നും എം.കെ സ്റ്റാലിൻ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിച്ചാണ് ജനങ്ങൾ വോട്ട് ചെയ്തതെന്നും ഉദയനിധി ഓർമിപ്പിച്ചു. എന്നാൽ ചില പദവികൾക്കായി അവർ തങ്ങളോട് പറയാതെ ടി.വി.കെ പാളയത്തിലേക്ക് ഓടുകയായിരുന്നു. സഖ്യകക്ഷികളുടെ ചോരയും നീരും കുടിച്ച് ജീവിക്കുന്ന 'അട്ടകൾ', 'പിന്നിൽനിന്ന് കുത്തുന്നവർ' എന്നിങ്ങനെയുള്ള പ്രമേയങ്ങളും യോഗത്തിൽ ഡി.എം.കെ കോൺഗ്രസിനെതിരെ പാസാക്കി. രാജ്യത്ത് ബി.ജെ.പി വളർന്നതിന് കാരണം മോദിയോ അമിത് ഷായോ അല്ല, കോൺഗ്രസിന്റെ ഇത്തരം നിലപാടുകളാണെന്നും ഉദയനിധി ആരോപിച്ചു.
അതേസമയം, കോൺഗ്രസ്, ഇടതുപക്ഷ കക്ഷികൾ, വി.സി.കെ, ഐ.യു.എം.എൽ എന്നിവരുടെ പിന്തുണയോടെ ഭരിക്കുന്ന വിജയ് സർക്കാർ അഞ്ച് വർഷം തികയ്ക്കില്ലെന്ന് ഡി.എം.കെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിൻ പറഞ്ഞു.
ആദ്യം പുറത്തുനിന്ന് പിന്തുണ പ്രഖ്യാപിക്കുകയും പിന്നീട് വിജയ് മന്ത്രിസഭയിൽ ചേരുകയും ചെയ്ത സി.പി.ഐ, സി.പി.എം, വി.സി.കെ, ഐ.യു.എം.എൽ കക്ഷികളെയും സ്റ്റാലിൻ പരിഹസിച്ചു. കുട്ടികൾക്ക് പുതിയ കളിപ്പാട്ടങ്ങളോട് തോന്നുന്ന കൗതുകം മാത്രമേ തമിഴ് ജനതയ്ക്ക് ഈ നടന്റെ ഭരണത്തോടും ഉണ്ടാകൂ എന്നും, അധികം വൈകാതെ അവർ ഡി.എം.കെയെ തേടി തിരിച്ചുവരുമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. പുതിയ വോട്ടർമാരിലും യുവാക്കളിലും രാഷ്ട്രീയ അവബോധം വളർത്താൻ ഉദയനിധി സ്റ്റാലിൻ യൂത്ത് വിങ് ഭാരവാഹികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2019 മുതൽ ഡി.എം.കെ സഖ്യത്തിലുണ്ടായിരുന്ന കക്ഷികളാണ് പുതിയ തമിഴ് രാഷ്ട്രീയ സാഹചര്യത്തിൽ വിജയ്‌ക്കൊപ്പം ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.