സുപ്രീംകോടതി

സമാധാനപരമായി പ്രതിഷേധിക്കാൻ അഭിഭാഷകർക്ക് അവകാശമുണ്ട്: ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: സമാധാനപരമായ പ്രതിഷേധങ്ങളിൽ പങ്കെടുക്കാൻ ഓരോ അഭിഭാഷകനും അവകാശമുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ (സി.ജെ.ഐ) സൂര്യകാന്ത്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനും തെരഞ്ഞെടുപ്പ് കമീഷനുമെതിരെ അഭിഭാഷകർ നടത്തിയ പ്രതിഷേധത്തിനിടെ പൊലീസ് അതിക്രമം ഉണ്ടായെന്നും അഭിഭാഷകരെ കരുതൽ തടങ്കലിൽ എടുത്തെന്നും ചൂണ്ടിക്കാട്ടി മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ കോടതിയെ സമീപിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ്  സൂര്യകാന്ത് ഇക്കാര്യം വ്യക്തമാക്കിയത്. 

സി.ജെ.ഐ സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഹരജി ചൊവ്വാഴ്ച വാദം കേൾക്കാൻ ലിസ്റ്റ് ചെയ്യാൻ ബെഞ്ച് സമ്മതിച്ചിട്ടുണ്ട്.  പ്രതിഷേധത്തിനിടെ പൊലീസ് നടപടിയിൽ ആശങ്ക പ്രകടിപ്പിച്ച ശങ്കരനാരായണൻ, ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (ബി.എൻ.എസ്.എസ്) 163-ാം വകുപ്പ് പ്രകാരമുള്ള ഉത്തരവ് പൊതുസമൂഹത്തിന് ലഭ്യമല്ലെന്നും ചൂണ്ടിക്കാട്ടി.

അഭിഭാഷകർക്ക് നേരെ ശാരീരിക ബലപ്രയോഗവും തടങ്കലും ഉണ്ടായെന്നാരോപിച്ച് പൊലീസ് സംയമനം പാലിക്കണമെന്ന് കോടതി നിർദേശിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

‘പൊതുസമൂഹത്തിന് ലഭ്യമാകുന്ന തരത്തിൽ 163-ാം വകുപ്പ് പ്രകാരമുള്ള ഒരു ഉത്തരവും തന്നെ ഇല്ല. ഒരു വകുപ്പിന്റെ സാധുത തന്നെ ഞങ്ങൾ ചോദ്യം ചെയ്തിട്ടുണ്ട്. മുതിർന്ന അഭിഭാഷകൻ ഷദാൻ ഫറാസത്തിനെ തെരുവിലൂടെ വലിച്ചിഴച്ചതായും അദ്ദേഹം ആരോപിച്ചു.

പ്രതിഷേധക്കാർക്ക് നേരെ സ്വകാര്യ വ്യക്തികൾ ആക്രമണം നടത്തുമ്പോൾ പൊലീസ് ഫലപ്രദമായി ഇടപെട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. കുട്ടികൾക്ക് നേരെ ലാത്തി വീശിയതായുള്ള റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി, അത്തരം സംഭവങ്ങളുടെ വിഡിയോകൾ ചൊവ്വാഴ്ച കോടതിയിൽ പ്രദർശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന അഭിഭാഷകരായ ദിനേഷ് ദ്വിവേദി, ഉത്തര ബബ്ബാർ എന്നിവരെ പ്രതിഷേധത്തിനിടെ ബസുകളിൽ കരുതൽ തടങ്കലിൽ എടുത്തതായും ശങ്കരനാരായണൻ അവകാശപ്പെട്ടു.

പൊലീസ് അതിക്രമങ്ങൾക്കെതിരെ ശക്തമായ സന്ദേശം നൽകാൻ സുപ്രീംകോടതി ഇടപെടണമെന്നും അഭിഭാഷകരെയും പൗരന്മാരെയും സംരക്ഷണമില്ലാതെ വിടരുതെന്നും അദ്ദേഹം കോടതിയോട് അഭ്യർത്ഥിച്ചു. വാദങ്ങൾക്ക് മറുപടിയായി, ഇപ്പോൾ കൂടുതൽ നിരീക്ഷണങ്ങൾ നടത്താൻ ആഗ്രഹിക്കുന്നില്ലെന്ന് സി.ജെ.ഐ പറഞ്ഞു. എന്നാൽ നിർദ്ദിഷ്ട സ്ഥലങ്ങളിൽ സമാധാനപരമായ പ്രകടനങ്ങളിൽ പങ്കെടുക്കാൻ അഭിഭാഷകർക്ക് അവകാശമുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

‘ഇപ്പോൾ, ഞാൻ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല’ സുപ്രീം കോടതിയുടെ സ്ഥാപനപരമായ പങ്കിനെ ദുർബലപ്പെടുത്തുന്ന സംഭവവികാസങ്ങൾക്ക് വേദിയാകാൻ സുപ്രീംകോടതി പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓരോ അഭിഭാഷകനും ബാറിലെ ഓരോ അംഗത്തിനും തിരിച്ചറിഞ്ഞ സ്ഥലങ്ങളിൽ സമാധാനപരമായ പ്രതിഷേധങ്ങളുടെ ഭാഗമാകാൻ അവകാശമുണ്ടെന്ന് അദ്ദേഹം ആവർത്തിച്ചു.

സുപ്രീം കോടതി ബാർ അസോസിയേഷന്റെയും (എസ്.സി.ബി.എ) മറ്റുള്ളവരുടെയും ഹരജി ബെഞ്ച് ചൊവ്വാഴ്ച വാദം കേൾക്കാൻ ഇതിനകം ലിസ്റ്റ് ചെയ്തിട്ടുണ്ട്.

Tags:    
News Summary - Lawyers Have Right To Join Peaceful Protests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.