പ്രതീകാത്മക ചിത്രം

പരിസ്ഥിതി അനുമതിയിൽ കേന്ദ്രത്തിന്റെ നയം മാറ്റം

ന്യൂഡൽഹി: കൽക്കരിയേതര ഖനന പദ്ധതികൾക്കും ഹൈവേ നിർമാണത്തിനും എണ്ണ-വാതക പര്യവേക്ഷണത്തിനും പരിസ്ഥിതി അനുമതി നൽകാൻ ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച രേഖകൾ നിർബന്ധമാക്കില്ല. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന മന്ത്രാലയം 2025 ഡിസംബർ 18 ന് നയത്തിൽ ഭേദഗതി വരുത്തി. ഇനി ഭൂമി കണ്ടെത്തുന്നതിന് മുമ്പേ കൽക്കരിയേതര ഖനന പ്രോജക്‌ടുകൾക്ക് പാരിസ്ഥിതിക അനുമതി തേടാം. ആദ്യം നിയമപ്രകാരം ഭൂമി ഏറ്റെടുക്കണമെന്നും അതിനുശേഷമാണ് പരിസ്ഥിതി അനുമതിക്ക് ശ്രമിക്കേണ്ടതെന്നുമായിരുന്നു ഇതുവരെയുള്ള നയം.

എന്നാൽ, കൽക്കരിയേതര ഖനനത്തിന് വേർതിരിക്കേണ്ട പ്രദേശത്തെക്കുറിച്ച് പൂർണമായ അറിവില്ലാതെ നടത്തുന്ന പരിസ്ഥിതി ആഘാത വിശകലനത്തിന്‍റെ പ്രസക്തി മനസ്സിലാകുന്നില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേഷ് പറഞ്ഞു. രാജ്യത്തെ പാരിസ്ഥിതിക സമീപനങ്ങൾക്ക് മോദി ഭരണകൂടം ഏൽപ്പിക്കുന്ന കനത്ത പ്രഹരമാണ് നയംമാറ്റമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

2014 ഒക്ടോബർ ഏഴിന് പുറപ്പെടുവിച്ച ഉത്തരവിൽ കൂടുതൽ വ്യക്തത വരുത്തി, ഭാഗികമായി പരിഷ്കരിച്ച് 2025 ഫെബ്രുവരി 20 ന് പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച് പദ്ധതി വിലയിരുത്തൽ സമയത്ത് ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച് പര്യാപ്തമായി കണക്കാക്കാവുന്ന രേഖകൾ ഏതൊക്കെയെന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഭൂമി ഏറ്റെടുക്കൽ രേഖകൾ നിർബന്ധമാക്കുന്നത് ചില പദ്ധതികൾക്ക് പ്രായോഗികമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ തീരുമാനം.

കൽക്കരിയേതര ധാതുഖനനം, കടൽത്തീരത്തും കടൽ മേഖലയിലുമുള്ള എണ്ണ-വാതക പര്യവേക്ഷണം, ഉൽപാദനം, എണ്ണ-വാതക ട്രാൻസ്‍പോർട്ടേഷൻ പൈപ്പ്‌ലൈനുകൾ തുടങ്ങിയ പദ്ധതികൾക്ക് 2014 ഒക്‌ടോബർ ഏഴിന് പുറപ്പെടുവിച്ച നിർദേശങ്ങൾ ബാധകമല്ലെന്നാണ് വിദഗ്‌ധ ഉപദേശക സമിതിയുടെ ശിപാർശകളുടെ അടിസ്ഥാനത്തിൽ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.

കൽക്കരിയേതര ഖനന പദ്ധതികളുടെ കാര്യത്തിൽ പാരിസ്ഥിതിക അനുമതി നൽകുന്ന സമയത്ത് ഭൂവുടമകളുടെ അനുമതി വേണ്ടെന്ന് വെക്കണമെന്ന അഭ്യർഥന വിദഗ്‌ധ സമിതിയും പരിഗണിച്ചിരുന്നു. പാരിസ്ഥിതിക അനുമതി നേടി ഖനന പ്രവർത്തനങ്ങൾ ആരംഭിച്ച ശേഷം ഭൂമി ഏറ്റെടുക്കൽ ഘട്ടം ഘട്ടമായി പുരോഗമിക്കുന്ന നിരവധി പദ്ധതികൾ ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

Tags:    
News Summary - Land Acquisition Norms for Non-Coal Mining Projects

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.