സർക്കാർ സ്ഥാപനങ്ങളും ആശുപത്രികളും ഇനി ‘നിരോധിത മേഖലകൾ’; ലക്ഷദ്വീപിൽ പ്രതിഷേധങ്ങൾക്ക് കർശന നിയന്ത്രണം

കവരത്തി: ചില റോഡുകളിൽ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചതിനുപിന്നാലെ പൊതുവിടങ്ങളിൽ പ്രതിഷേധങ്ങള്‍ക്ക് വിലക്ക് ഏർപ്പെടുത്തി ലക്ഷദ്വീപ് ഭരണകൂടം. ദ്വീപുകളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ആശുപത്രികള്‍ക്കും ഇന്ധന ഡിപ്പോകള്‍ക്കും ചുറ്റും ജില്ല മജിസ്‌ട്രേറ്റ് ശിവം ചന്ദ്ര നിരോധനാജ്ഞ പുറപ്പെടുവിച്ചു.

അഞ്ച് പേരോ അതിലധികമോ ആളുകള്‍ ഒത്തുചേരുന്നതിനും പ്രതിഷേധിക്കുന്നതിനുമാണ് വിലക്ക്. സമീപകാലങ്ങളില്‍ വിവിധ വിഷയങ്ങളില്‍ ദ്വീപ് ഭരണകൂടത്തിനെതിരെ പ്രതിഷേധമുയരുന്ന പശ്ചാത്തലത്തിലാണ് നടപടി. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ബി.എൻ.എസ് 223ാം വകുപ്പ് പ്രകാരം ആറുമാസം വരെ തടവോ പിഴയോ ലഭിക്കുന്ന കുറ്റം ചുമത്തുമെന്ന് ഉത്തരവില്‍ പറയുന്നു.

ദ്വീപുകളിലെ ജെട്ടികള്‍, ഹെലിപാഡുകള്‍ എന്നിവയുടെ 150 മീറ്റര്‍ ചുറ്റളവില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ പാടില്ല. വൈദ്യുതി ഉൽപാദന സ്റ്റേഷനുകള്‍, ഇന്ധന ഡിപ്പോകള്‍, ഡീസലൈനേഷന്‍ പ്ലാന്റുകള്‍, ആശുപത്രികള്‍, എസ്.ഡി.എം, ബി.ഡി.ഒ ഓഫിസുകള്‍, ജില്ല കലക്ടറേറ്റ്, കവരത്തി സെക്രട്ടേറിയറ്റ് എന്നിവയാണ് പ്രതിഷേധങ്ങൾ വിലക്കിയ മറ്റു കേന്ദ്രങ്ങൾ.

നിയന്ത്രണങ്ങള്‍ ജനങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യവും സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശവും ഇല്ലാതാക്കുന്നതാണെന്ന് വ്യാപക വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. എന്നാല്‍, പൊതുസുരക്ഷയും അവശ്യ സേവനങ്ങളുടെ തടസ്സമില്ലാത്ത പ്രവര്‍ത്തനവും ഉറപ്പാക്കാനാണ് നടപടിയെന്നാണ് ഭരണകൂടത്തിന്റെ വിശദീകരണം. ജനങ്ങള്‍ക്ക് പ്രതിഷേധിക്കാനായി ഓരോ ദ്വീപിലും പ്രത്യേക പ്രതിഷേധ വേദികള്‍ തയാറാക്കുമെന്ന് ദ്വീപ് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തേ, കവരത്തിയിലെ വൈ ജങ്ഷൻ മുതൽ ഹെലിപാഡ് വരെയുള്ള ഭാഗത്തും പടിഞ്ഞാറൻ ജെട്ടി ഭാഗത്തെ ബീച്ച് റോഡിലും വൈകീട്ട് 6.30 മുതൽ രാത്രി 10.30 വരെ ഗതാഗതം നിരോധിച്ച ജില്ല കലക്ടറുടെ ഉത്തരവിനെതിരെ ജനം തെരുവിലിറങ്ങിയിരുന്നു. കാൽനടക്കാരുടെ സുരക്ഷക്കെന്നപേരിലാണ് അന്ന് വാഹനഗതാഗതം നിരോധിച്ചത്. കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ വാഹനനിയന്ത്രണം വേണമെന്ന റോഡ് ട്രാൻസ്‌പോർട്ട് ഡയറക്ടറുടെ ആവശ്യം ചൂണ്ടിക്കാട്ടി‍യായിരുന്നു കലക്ടറുടെ നടപടി.

Tags:    
News Summary - Lakshadweep protest ban: Govt offices, hospitals and fuel depots among 'prohibited zones' where gatherings of 5 or more persons restricted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.