ലഖിംപൂർ ഖേരി: ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയിൽ സുപ്രീം കോടതി വിധി നാളെ

ന്യൂഡൽഹി: ലഖിംപൂർ ഖേരി കേസിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയിൽ സുപ്രീം കോടതി തിങ്കളാഴ്ച വിധി പറയും. ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ച രാവിലെ 10.30നാണ് വിധി പറയുക. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കർഷകർ നൽകിയ ഹരജി ഏപ്രിൽ നാലിന് സുപ്രീം കോടതി വിധി പറയാനായി മാറ്റിവെക്കുകയായിരുന്നു.

ആശിഷ് മിശ്രക്ക് ജാമ്യം നൽകിയ ഹൈകോടതി വിധിക്കെതിരെ സുപ്രീം കോടതി ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. വിചാരണ നടപടി ആരംഭിക്കാതെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും മുറിവുകളുടെ സ്വഭാവവും തുടങ്ങിയ അനാവശ്യ വിശദാംശങ്ങൾ നൽകുന്നത് നിർത്തണമെന്നും കോടതി പറഞ്ഞു.

സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഹൈകോടതി വിധിക്കെതിരെ ഉത്തർപ്രദേശ് സർക്കാർ അപ്പീൽ നൽകിയിട്ടില്ലെന്ന് കണ്ടെത്തി. ഈ റിപ്പോർട്ട് എസ്.ഐ.ടി ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചിന്‍റെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തിരുന്നു.

വിപുലമായി സമർപ്പിച്ച കുറ്റപത്രം ഹൈകോടതി പരിഗണിച്ചില്ലെന്നും ഒരാൾക്ക് വെടിയേറ്റെന്നാരോപിച്ചുള്ള എഫ്‌.ഐ.ആറിനെ മാത്രമാണ് ആശിഷ് മിശ്രക്ക് ജാമ്യം നൽകുമ്പോൾ ആശ്രയിച്ചതെന്നും കർഷകർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ ദുഷ്യന്ത് ദവെ, പ്രശാന്ത് ഭൂഷൺ എന്നിവർ സുപ്രീം കോടതിയിൽ വാദിച്ചു. ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്തുള്ള ഹരജിയിൽ മാർച്ച് 16ന് ഉത്തർപ്രദേശ് സർക്കാറിന്റെയും ആശിഷ് മിശ്രയുടെയും പ്രതികരണം സുപ്രീം കോടതി തേടി.

മാർച്ച് 10 ന് പ്രധാന സാക്ഷിക്ക് നേരെ ആക്രമണമുണ്ടായതിനെ തുടർന്ന് സാക്ഷികളുടെ സംരക്ഷണം ഉറപ്പാക്കാൻ സുപ്രീം കോടതി സംസ്ഥാന സർക്കാറിന് നിർദേശം നൽകുകയും ചെയ്തിരുന്നു.

Tags:    
News Summary - Lakhimpur Kheri case: Supreme Court to decide on plea seeking cancellation of bail to Ashish Mishra tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.