ലേ: പരിസ്ഥിതിലോല പ്രദേശമായ ലഡാക്കിന്റെ പ്രകൃതിഭംഗിയും ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നതിനായി ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തി ലഡാക്ക് ഭരണകൂടം. നിയമലംഘകർക്കെതിരെ കടുത്ത നടപടികളും വൻ തുക പിഴയും ചുമത്താൻ ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേന ഉത്തരവിട്ടു. നിരോധനം കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ലേ വിമാനത്താവളത്തിലും ലഡാക്കിലേക്കുള്ള അതിർത്തി പ്രവേശന കവാടങ്ങളിലും കർശനമായ പരിശോധനകൾ നടത്തും.
വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവർ ലഡാക്കിലേക്ക് നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ കൊണ്ടുവരുന്നത് തടയാനാണ് ഈ പുതിയ നീക്കം. വിനോദസഞ്ചാരികൾ, ഗതാഗത ജീവനക്കാർ, വ്യാപാരികൾ എന്നിവരെയെല്ലാം പുതിയ ഉത്തരവ് നേരിട്ട് ബാധിക്കും. പുതിയ നിയമപ്രകാരം നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഉപയോഗിക്കുകയോ, വിൽക്കുകയോ, ശേഖരിച്ചുവെക്കുകയോ ചെയ്യുന്ന വ്യക്തികൾക്കും ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങൾക്കും 10,000 രൂപ വരെ പിഴ ചുമത്തും. കൂടാതെ പൊതുസ്ഥലങ്ങളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്ക് 5,000 രൂപയാണ് പിഴ ശിക്ഷ.
ലഡാക്കിന്റെ തനിമ നിലനിർത്താനും ടൂറിസം മേഖലയുടെ സുസ്ഥിരമായ വളർച്ച ഉറപ്പാക്കാനും വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും മുൻഗണന നൽകേണ്ടതുണ്ടെന്ന് ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേന എക്സിൽ കുറിച്ചു. നിരോധനം കൂടുതൽ ഫലപ്രദമാക്കാൻ താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥർക്ക് ഭരണകൂടം പ്രത്യേക അധികാരം നൽകിയിട്ടുണ്ട്. ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർമാർ (BDO), തഹസിൽദാർമാർ, മുൻസിപ്പൽ ഉദ്യോഗസ്ഥർ, ഫോറസ്റ്റർമാർ, ഫോറസ്റ്റ് ഗാർഡുകൾ എന്നിവർക്ക് നിയമലംഘനങ്ങൾ കണ്ടെത്താനും നേരിട്ട് ചലാൻ നൽകി പിഴ ഈടാക്കാനും ഇനി മുതൽ അധികാരമുണ്ടാകും. മുമ്പ് പ്രധാന നഗരങ്ങളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന പരിശോധനകൾ ഇതോടെ ഉൾഗ്രാമങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കും.
അതിശൈത്യമുള്ള ഉയർന്ന പ്രദേശമായതിനാൽ ലഡാക്കിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ജീർണ്ണിക്കാൻ ദശാബ്ദങ്ങൾ എടുത്തേക്കാം. ലേ, നുബ്ര വാലി, പാംഗോങ് തടാകം തുടങ്ങിയ പ്രകൃതിരമണീയമായ സ്ഥലങ്ങളിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണം വർധിച്ചതോടെ മാലിന്യ സംസ്കരണം വലിയ പ്രതിസന്ധിയായിരുന്നു. ഈ സാഹചര്യത്തിലാണ് ഭരണകൂടം കടുത്ത നിലപാടിലേക്ക് നീങ്ങിയത്. ലഡാക്ക് സന്ദർശിക്കുന്ന വിനോദസഞ്ചാരികൾ തങ്ങളുടെ യാത്രകളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പൂർണമായും ഒഴിവാക്കണമെന്ന് അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.