അപകടത്തിൽപെട്ട ബൈക്കിന്റെ പെട്രോൾ ടാങ്ക് തുറന്നനിലയിൽ

കുർണൂൽ ബസ് അപകടം; അമിതവേഗവും ഇന്ധനടാങ്കിലേക്ക് തീപടർന്നതും ദുരന്തത്തിന് വ്യാപ്തികൂട്ടി

ഹൈദരബാദ്:  ഹൈദരാബാദിൽ നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിൽ 40 ലധികം യാത്രക്കാരുണ്ടായിരുന്നു. മോട്ടോർ സൈക്കിളുമായി കൂട്ടിയിടിച്ചാണ് തീപിടിത്തമുണ്ടായതെന്നും എന്നാൽ ബസിനുള്ളിലെ കത്തുന്ന വസ്തുക്കൾ മൂലമാണ് പലരും മരിച്ചതെന്നും ഡി.ഐ.ജി കോയ പ്രവീൺ പറഞ്ഞു. പ്രാഥമിക അ​ന്വേഷണത്തിൽ ബൈക്കുമായുള്ള കൂട്ടിയിടിയിൽ ബൈക്ക് ബസിനടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ബസിനടിയിൽ കുരുങ്ങിയ ബൈക്ക് റോഡിലുരസിയുണ്ടായ തീപ്പൊരിയും പെട്രോളുമായുണ്ടായ സമ്പർക്കത്തിൽ തീ ആളിപ്പടരുകയായിരുന്നു. ബസിനുള്ളിലെ കത്തുന്ന വസ്തുക്കളും തീ പടരാൻ സഹായകമായി. ബസിന്റെ  ഇന്ധനടാങ്കിനും തീപിടിച്ചതോടെ  ആളിക്കത്തുകയായിരുന്നു.  മുൻ വശത്തെ വാതിൽ അഗ്നിബാധയെ തുടർന്ന് തുറക്കാൻ സാധിക്കാ​തായതും യാത്രക്കാരിൽ അധികമാളുകളും ഉറക്കത്തിലായതുമാണ് മരണസംഖ്യ ഉയരാൻ കാരണമായത്. ബസിനുള്ളിൽ തീ പടർന്നതോടെ ഞെട്ടിയുണർന്നവരിൽ പലരും പുകയും ബഹളവും മൂലം എങ്ങോട്ട് പോകണമെന്ന് ചിന്തിക്കുന്ന സമയത്തിനുള്ളിൽ തീ പടരുകയായിരുന്നു. ചില്ലുകൾ പൊട്ടിക്കാൻ സാധിക്കാതെ പുക ശ്വസിച്ച് തളർന്ന് വീഴുകയായിരുന്നു. ബസിൽ മതിയായ അഗ്നി സുരക്ഷാ ഉപകരണങ്ങൾ ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തി.

സ്കാനിയയുടെ ദീർഘദൂര ബസ് മോഡലുകളുടെ ഘടനാപരവും രൂപകൽപനാപരവുമായ നിരവധി പിഴവുകളും കണ്ടെത്തി. ബസിന്റെ ഘടനയിൽ വരുത്തുന്ന മാറ്റം യാത്രക്കാരുടെ സുരക്ഷയെയും ബാധിക്കു​ന്നുണ്ടെന്ന് അപകടം ചൂണ്ടിക്കാട്ടുന്നതായും ആന്ധ്രാപ്രദേശ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് അറിയിച്ചു. മരിച്ചവരിൽ ഇതുവരെ 21 പേരെ കണ്ടെത്തിയതായി ഡോ. സിരി പറഞ്ഞു. ശേഷിക്കുന്ന 20 പേരിൽ 11 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്, 9 പേരെ തിരിച്ചറിഞ്ഞിട്ടില്ല. ബസിന്റെ പിറകുവശത്തുള്ള എമർജൻസി വിൻഡോ തകർത്ത് പുറത്തിറങ്ങിയവരാണ് രക്ഷപ്പെട്ടവരിലധികവും. രക്ഷപ്പെട്ടവർക്കും പൊള്ളലേറ്റിട്ടുണ്ട്.

വെള്ളിയാഴ്ച ചിന്നതെക്കുരുവിന് സമീപം തീപിടിച്ച് 20 ഓളം യാത്രക്കാരുടെ മരണത്തിനിടയാക്കിയ കാവേരി ട്രാവൽസ് ബസിന്റെ ഫിറ്റ്നസ്, ഇൻഷുറൻസ് സർട്ടിഫിക്കറ്റുകൾ കൃത്യമായിരുന്നിട്ടും, ഗതാഗത നിയമലംഘനങ്ങളുടെ റെക്കോർഡാണുള്ളതെന്ന് കണ്ടെത്തി. സ്കാനിയ ബസ് (രജിസ്ട്രേഷൻ നമ്പർ DD01N9490) വെമുരി കാവേരി ട്രാവൽസിന്റെ ഉടമസ്ഥതയിലുള്ളതും ഒഡിഷയിലെ റായ്ഗഡിൽ നിന്നുള്ള വെമുരി വിനോദ് കുമാറിന്റെ പേരിലുള്ളതായിരുന്നു വാഹനം.

വാഹനം 2018 മേയ് 2 ന് വാങ്ങിയതാണെന്നും 2018 ആഗസ്റ്റ് 8 ന് ദാമൻ ആൻഡ് ദിയുവിൽ രജിസ്റ്റർ ചെയ്തതാണെന്നും 2025 ഏപ്രിൽ 29 ന് റായ്ഗഡ് ആർടിഒയിൽ വീണ്ടും രജിസ്റ്റർ ചെയ്തതായും ഉദ്യോഗസ്ഥർ പറഞ്ഞു. ഈ വാഹനം പതിവായി ഗതാഗത നിയമലംഘനം നടത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു, തെലങ്കാനയിൽ മാത്രം അമിതവേഗത്തിന് 16 ചലാനുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള ബസ് പിഴയിനത്തിൽ 23,000 രൂപ അടക്കാനുമുണ്ടെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

Tags:    
News Summary - Kurnool bus accident; Excessive speed and lack of safety equipment contributed to the tragedy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.