കർഷക പ്രക്ഷോഭം തണുപ്പിക്കാൻ ചർച്ചക്ക് ഒരുക്കമെന്ന് കേന്ദ്രം; തയാറല്ലെന്ന് കർഷകർ

ചണ്ഡീഗഡ്: കാർഷിക നിയമങ്ങൾക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന കർഷക പ്രക്ഷോഭങ്ങൾ തണുപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം പാളി. ചർച്ചയിൽ പങ്കെടുക്കാനുള്ള സർക്കാർ നിർദേശം പ്രക്ഷോഭ രംഗത്തുള്ള കർഷക സംഘടനകൾ തള്ളിയതോടെയാണ് സമരം തുടരുമെന്ന് ഉറപ്പായത്.

പഞ്ചാബിലും ഹരിയാനയിലും കർഷക സമരം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ ചർച്ചക്ക് തയാറാണെന്ന് അറിയിച്ചത്. വ്യാഴാഴ്ച ഡൽഹിയിൽ കർഷക പ്രതിനിധികളുമായി ചർച്ച നടത്താമെന്നായിരുന്നു കേന്ദ്ര കാർഷിക മന്ത്രാലയത്തിൽ നിന്ന് ഫോണിലൂടെ വിവരം ലഭിച്ചത്. എന്നാൽ, കേന്ദ്ര സർക്കാർ കർഷകരുടെ പ്രശ്നങ്ങൾ ലാഘവത്തോടെ കൈകാര്യം ചെയ്യുന്നത് തുടരുന്ന സാഹചര്യത്തിൽ ചർച്ചക്ക് ഒരുക്കമല്ലെന്നാണ് കർഷക സംയുക്ത സമരസമിതി നിലപാടെടുത്തത്. സമിതി പഞ്ചാബ് സംസ്ഥാന സെക്രട്ടറി സർവൻ സിങ് പന്തേറാണ് നിലപാട് വ്യക്തമാക്കിയത്.

അതേസമയം, നാളെ വിളിച്ചു ചേർത്ത ചർച്ചയിൽ ബി.ജെ.പി അനുകൂല കർഷക സംഘടനകൾ പങ്കെടുത്തേക്കും. മറ്റ് പ്രതിപക്ഷ പാർട്ടികളുടെ കർഷക സംഘടനകൾ ചർച്ചയിൽ പങ്കെടുക്കുമോയെന്ന് വ്യക്തമാക്കിയിട്ടില്ല.

കാർഷിക മേഖലയിൽ സമഗ്ര പരിഷ്കരണം ലക്ഷ്യമിട്ട് മൂന്ന് നിയമങ്ങളാണ് കഴിഞ്ഞ മാസം കേന്ദ്രസർക്കാർ പാസാക്കിയത്. അന്നു മുതൽ രാജ്യത്തെ നൂറോളം വരുന്ന കർഷക സംഘടനകൾ സമരത്തിലാണ്. ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലാണ് കർഷക പ്രക്ഷോഭം ശക്തിപ്രാപിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.