ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന പഴയ ട്വീറ്റ് വൈറലായതിനു പിന്നാലെ ബി.ജെ.പി നേതാവും നടിയുമായ ഖുശ്ബു സുന്ദർ വിശദീകരണവുമായി രംഗത്തെത്തി. ‘മോദി എന്നതിന്റെ അർഥം അഴിമതി എന്നാക്കി മാറ്റാമെന്ന്’ 2018ൽ കോൺഗ്രസിലായിരുന്നപ്പോൾ ഖുശ്ബു ട്വീറ്റ് ചെയ്തിരുന്നു.
രാഹുൽ ഗാന്ധിയുടെ ലോക്സഭ അംഗത്വം റദ്ദാക്കിയതിനു പിന്നാലെയാണ് നടിയുടെ പഴയ ട്വീറ്റ് കോൺഗ്രസ് പ്രവർത്തകർ കുത്തിപ്പൊക്കിയത്. ‘മോദി എന്നതിന്റെ അർഥം അഴിമതി എന്നാക്കാം. അതാണ് നല്ലത്. നീരവ്, ലളിത്, നമോ = അഴിമതി’ – എന്നായിരുന്നു ഖുശ്ബുവിന്‍റെ ട്വീറ്റ്. കോണ്‍ഗ്രസ് നേതാക്കൾ ട്വീറ്റിന്റെ സ്ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെച്ചിരുന്നു.
തന്റെ പഴയ ട്വീറ്റുകൾ കുത്തിപ്പൊക്കേണ്ട ഗതികേടിലാണ് കോൺഗ്രസെന്ന് ഖുശ്ബു പരിഹസിച്ചു. ‘ഞാൻ കോൺഗ്രസ് പാർട്ടിയിൽ ആയിരുന്നപ്പോൾ പോസ്റ്റ് ചെയ്ത ‘മോദി’ ട്വീറ്റിൽ ലജ്ജിക്കുന്നില്ല. അന്ന് ഞാൻ പാർട്ടിയുടെ നേതാവിനെ പിന്തുടരുകയും അവരുടെ ഭാഷ സംസാരിക്കുകയും മാത്രമാണ് ചെയ്തത്’ -അവർ കൂട്ടിച്ചേർത്തു.
കോൺഗ്രസ് വിട്ട് 2020ലാണ് ഖുശ്ബു ബി.ജെ.പിയിൽ ചേരുന്നത്. നിലവിൽ ദേശീയ വനിത കമീഷൻ അംഗമാണ്. ഗുജറാത്തിലെ ബി.ജെ.പി നേതാവ് പൂർണേഷ് മോദി ഇപ്പോൾ ബി.ജെ.പി നേതാവ് ഖുശ്ബു സുന്ദറിനെതിരെ കേസ് കൊടുക്കുമോ എന്നും പ്രവർത്തകർ ചോദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.