ന്യൂഡൽഹി: ലോക്സഭാ ഡെപ്യൂട്ടി സ്പീക്കറെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ വൈകാതെ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. 2019 മുതൽ ഈ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണെന്നും ഇത്തരം നടപടി ആദ്യമായിട്ടാണെന്നും ഖാർഗെ കത്തിൽ ചൂണ്ടിക്കാട്ടി.
ഒന്നാം ലോക്സഭ മുതൽ 16ാം ലോക്സഭവരെ എല്ലാ സഭകൾക്കും ഡെപ്യൂട്ടി സ്പീക്കർ ഉണ്ടായിരുന്നു. പ്രധാന പ്രതിപക്ഷ പാർട്ടിയിലെ അംഗങ്ങളിൽനിന്ന് ഡെപ്യൂട്ടി സ്പീക്കറെ തെരഞ്ഞെടുക്കുന്നതാണ് പാരമ്പര്യം. എന്നാൽ, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി, തുടർച്ചയായി രണ്ട് ലോക്സഭാ ടേമുകളിലേക്ക് ഈ സ്ഥാനം ഒഴിഞ്ഞുകിടക്കുന്നു. ഭരണഘടന ആർട്ടിക്കിൾ 93 പ്രകാരം പാർലമെന്റിന് സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും തെരഞ്ഞെടുക്കേണ്ടതുണ്ട്. ഭരണഘടനാപരമായി, സ്പീക്കർക്കുശേഷം സഭയുടെ രണ്ടാമത്തെ ഉയർന്ന അധ്യക്ഷനാണ് ഡെപ്യൂട്ടി സ്പീക്കർ. ഒഴിവ് നികത്താത്തത് ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനമാണെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.
2014 മുതൽ 2019 വരെയുള്ള 16ാം ലോക്സഭയിൽ ബി.ജെ.പിയുടെ സുമിത്ര മഹാജൻ ലോക്സഭ സ്പീക്കർ ആയിരുന്നപ്പോൾ എ.ഐ.ഡി.എം.കെയുടെ തമ്പി ദുരൈ ആയിരുന്നു ഡെപ്യൂട്ടി സ്പീക്കർ. 17ാം ലോക്സഭയിലും പിന്നീടും ഡെപ്യൂട്ടി സ്പീക്കറെ നിയമിക്കാത്തതിന് കാരണം സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.