ന്യൂഡൽഹി: രാജ്യത്ത് ഉയർന്ന രക്തസമ്മർദമുള്ളവരുടെ എണ്ണം കുറയുമ്പോഴും കേരളത്തിൽ ഉയരുന്നതായി ദേശീയ കുടുംബാരോഗ്യ സർവേ (എൻ.എഫ്.എച്ച്.എസ്-6) റിപ്പോർട്ട്.
കേരളത്തിൽ പുരുഷന്മാരിൽ 36.6 ശതമാനം പേർക്കാണ് ഉയർന്ന രക്തസമ്മർദം ഉള്ളത്. അതായത് സംസ്ഥാനത്തെ മൂന്ന് പുരുഷന്മാരിൽ ഒരാളിലധികം പേർക്ക് രക്തസമ്മർദമുണ്ട്. മുൻ സർവേയിലെ 33.8 ശതമാനത്തേക്കാൾ ഗണ്യമായ വർധന.
നഗര-ഗ്രാമ വ്യത്യാസമില്ലാതെ സംസ്ഥാനത്തുടനീളം രക്തസമ്മർദം ഉള്ളവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. നഗരങ്ങളിൽ 37.2 ശതമാനവും ഗ്രാമങ്ങളിൽ 36.1 ശതമാനവുമാണ് നിരക്ക്.
ഉയർന്ന രക്തസമ്മർദം എന്നത് നഗരങ്ങളിലെ ജീവിതശൈലി ഉളവാക്കുന്ന രോഗമാണെന്ന പരമ്പരാഗത ധാരണയെ തിരുത്തുന്നതാണ് കേരളത്തിലെ ഈ കണക്കുകൾ.
കേരളത്തിന് തൊട്ടുപിന്നാലെ കർണാടകയും തമിഴ്നാടും പുരുഷന്മാരിലെ രക്തസമ്മർദ നിരക്കിൽ 28.2 ശതമാനം വീതം രേഖപ്പെടുത്തി. മഹാരാഷ്ട്രയിൽ ഇത് 27.7 ശതമാനവും പശ്ചിമ ബംഗാളിൽ 24.9 ശതമാനവുമാണ്.
തെലങ്കാനയിൽ 24.5 ശതമാനവും ആന്ധ്രപ്രദേശിൽ 24.1 ശതമാനവുമാണ് പുരുഷന്മാരിലെ നിരക്ക്. സ്ത്രീകളിൽ ഏറ്റവും കൂടുതൽ രക്തസമ്മർദ നിരക്ക് രേഖപ്പെടുത്തിയത് രാജസ്ഥാനിലാണ് (32 ശതമാനം).
സ്ത്രീകളുടെ പട്ടികയിൽ രാജസ്ഥാന് തൊട്ടുപിന്നാലെ 31.9 ശതമാനവുമായി കേരളമുണ്ട്. അതിവേഗത്തിലുള്ള നഗരവത്കരണം, മാറിയ ഭക്ഷണരീതികൾ, വ്യായാമമില്ലായ്മ, പ്രായമേറുന്ന ജനസംഖ്യ എന്നിവയാണ് ദക്ഷിണേന്ത്യയിൽ ഇത്തരം രോഗങ്ങൾ വർധിക്കാൻ കാരണമായി ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ശരീരഭാരവും അമിതവണ്ണവും കൂടുതലുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ ദക്ഷിണേന്ത്യ മുന്നിലാണ്.
ആശുപത്രി പ്രസവങ്ങളിലും കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പുകളിലും രാജ്യം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും ജീവിതശൈലീ രോഗങ്ങൾ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുകയാണെന്നാണ് സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.