ശ്രീനഗർ: അതിർത്തിയിൽ പാക് പ്രകോപനമുണ്ടെന്ന വിശദീകരണത്തിനുപിന്നാലെ സൈനിക വിന്യാസത്തിന് ആക്കം കൂട്ടിയതും ചരിത്രത്തിലാദ്യമായി അമർനാഥ് തീർഥാടകരോടും സഞ്ചാരികളോടും യാത്ര അവസാനിപ്പിച്ച് മടങ്ങിപ്പോകണമെന്ന മുന്നറിയിപ്പും സൃഷ്ടിച്ച ആശങ്കയിൽ ഇനിയെന്താണ് നടക്കാൻ പോകുന്നതെന്നറിയാതെ ജനം പരിഭ്രാന്തിയിൽ. ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി സംബന്ധിച്ച് പ്രധാന കേന്ദ്ര തീരുമാനങ്ങൾ വരുന്നുവെന്ന റിപ്പോർട്ടുകളാണ് താഴ്വരയെ മുൾമുനയിൽ നിർത്തുന്നത്.
ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകുന്ന 370ാം വകുപ്പും 35എ വകുപ്പും ഒഴിവാക്കുമെന്നും കശ്മീരിനെ മൂന്നായി വിഭജിക്കുമെന്നുമുള്ള ഊഹാപോഹങ്ങൾ ശക്തമാണ്. എന്നാൽ, കശ്മീരിൽ സ്വീകരിക്കാൻ പോകുന്ന നടപടികളെക്കുറിച്ച് കേന്ദ്ര സർക്കാർ മൗനം പാലിക്കുന്നത് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്നു. അമർനാഥ് പാതയിൽ പാക് സൈന്യത്തിെൻറ കുഴിബോംബും അമേരിക്കൻ തോക്കുമടക്കം ആയുധശേഖരം പിടികൂടിയെന്ന കരസേനയുടെ അറിയിപ്പിനു പിന്നാലെയാണ് കശ്മീരിൽ സുരക്ഷ കർശനമാക്കിയത്. 35,000ത്തോളം വരുന്ന അർധസേനയെ കശ്മീരിൽ കേന്ദ്രം വിന്യസിച്ചിരുന്നു.
ഇതിനുപുറമെ ശനിയാഴ്ച. 25,000 സൈനികരെക്കൂടി കശ്മീരിലെത്തിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ഒരു ദേശീയ ടെലിവിഷൻ ചാനൽ റിപ്പോർട്ട് ചെയ്തെങ്കിലും സി.ആർ.പി.എഫ് അധികൃതർ അക്കാര്യം നിഷേധിച്ചു. സേനാ വിന്യാസം സുരക്ഷാ നടപടികളുടെ ഭാഗമാണെന്നും പ്രത്യേക പദവി സംബന്ധിച്ച തീരുമാനങ്ങളെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നും ജമ്മു-കശ്മീർ ലഫ്. ഗവർണർ സത്യപാൽ മാലിക് പറഞ്ഞു. സംസ്ഥാനം വിടാനുള്ള മുന്നറിയിപ്പിനെ തുടർന്ന് ശ്രീനഗർ വിമാനത്താവളത്തിലും റെയിൽവേ സ്റ്റേഷനിലുമൊക്കെ വൻതിരക്കായായിരുന്നു. വ്യോമസേനയുടെ വിമാനങ്ങൾ വരെ ഉപയോഗിച്ച് കശ്മീരിൽനിന്ന് മിക്ക അമർനാഥ് തീർഥാടകരെയും ടൂറിസ്റ്റുകളെയും തിരികെയയച്ചിട്ടുണ്ട്.
കശ്മീർ സന്ദർശിക്കുന്നവർ അതിജാഗ്രത പുലർത്തണമെന്ന് യു.കെയും ജർമനിയും മുന്നറിയിപ്പ് നൽകി. ആസ്ട്രേലിയയും പൗരന്മാരെ കശ്മീരിൽ പോകുന്നതിൽനിന്ന് വിലക്കിയിട്ടുണ്ട്. എന്താണ് നടക്കുന്നതെന്ന് കേന്ദ്ര സർക്കാർ തുറന്നുപറയണമെന്ന് മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ല ആവശ്യപ്പെട്ടു. 35എ വകുപ്പിൽ കൈവെക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര േമാദി ഉറപ്പുനൽകിയയെന്നും അദ്ദേഹം പ റഞ്ഞു.
സംസ്ഥാനത്തെ പ്രക്ഷുബ്ധമായ അന്തരീക്ഷം ചർച്ചചെയ്യാൻ മുൻമുഖ്യമന്ത്രി മഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തിൽ പീപ്ൾസ് ഡമോക്രാറ്റിക് പാർട്ടി പ്രത്യേക യോഗം ചേർന്നു. കശ്മീരിൽ പെട്രോളിനും മറ്റു അവശ്യസാധനങ്ങൾക്കുമായി ജനം തിരക്കുകൂട്ടുകയാണ്. പെട്രോൾ ബങ്കുകൾക്കുമുന്നിൽ നീണ്ട ക്യൂവായിരുന്നു മിക്കയിടങ്ങളിലും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.