ന്യൂഡൽഹി: കാശി, മഥുര വിവാദങ്ങളിൽ മൗനം വെടിഞ്ഞ് ആർ.എസ്.എസ്. ഓൺലൈൻ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ആർ.എസ്.എസ് പ്രചാർ പ്രമുഖ് സുനിൽ അംബേക്കറാണ് സംഘടനയുടെ ഇക്കാര്യത്തിലുള്ള നിലപാട് പറഞ്ഞത്. കാശി, മഥുര തർക്കങ്ങളും കോടതിവഴി പരിഹരിക്കണം എന്നാണ് സുനിൽ അംബേക്കർ പറയുന്നത്.
'നമ്മുടെ പുരാതന ക്ഷേത്രങ്ങളിൽ പലതും വിദേശ ആക്രമണകാരികളാൽ തകർക്കപ്പെട്ടു എന്നത് സത്യമാണ്. അവർ ക്ഷേത്രങ്ങൾ കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തു. അവയിൽ ചിലത് നമുക്ക് വളരെ പ്രധാനപ്പെട്ടതും സെൻസിറ്റീവുമാണ്. അവയിലൊന്നാണ് അയോധ്യ. കാശിയും മഥുരയും ഇത്തരത്തിലുള്ള ക്ഷേത്രങ്ങളാണ്. ഹൈന്ദവ വികാരങ്ങൾ ഇത്തരം ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അത് വൈകാരികമായ കാര്യമാണ്'-അംബേക്കർ പറഞ്ഞു.
മുസ്ലീം ആക്രമണകാരികൾ നശിപ്പിക്കുകയും പള്ളികൾ സ്ഥാപിക്കുകയും ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന 'പുരാതന' ക്ഷേത്രങ്ങൾ 'വീണ്ടെടുക്കാൻ' ഇതുവരെ മുന്നിൽനിന്നത് സംഘപരിവാർ സംഘടനയായ വിശ്വഹിന്ദു പരിഷത്താണ്. ആർ.എസ്.എസ് ഇക്കാര്യത്തിൽ നിലപാടൊന്നും പരസ്യമായി പ്രഖ്യാപിച്ചിരുന്നില്ല. മാത്രമല്ല ഇത്തരം തർക്കങ്ങൾ അനാവശ്യമാണെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് ഒരിക്കൽ പറയുകയും ചെയ്തിട്ടുണ്ട്. എല്ലാ പള്ളികളിലും ക്ഷേത്രാവശിഷ്ടങ്ങൾ തിരയേണ്ടതില്ല എന്നാണ് മോഹൻ ഭാഗവത് പറഞ്ഞത്. എന്നാൽ പുതിയ പ്രഖ്യാപനം ആർ.എസ്.എസിനെ സമ്മർദത്തിലാക്കാൻ വി.എച്ച്.പിക്ക് കഴിഞ്ഞതിന്റെ സൂചനയാണ്. ഏകീകൃത സിവിൽ കോഡ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ 'ജനസംഖ്യാ നിയന്ത്രണ'പരിപാടി എന്നിവയെക്കുറിച്ചും അംബേക്കർ അഭിമുഖത്തിൽ സംസാരിച്ചു.
കാശി-മഥുര വിഷയത്തിൽ ജുഡീഷ്യറി ഇടപെടണം.
2019ൽ അയോധ്യയിലെ രാമജന്മഭൂമി-ബാബറി മസ്ജിദ് തർക്കത്തിൽ ഹിന്ദു ഹരജിക്കാർക്ക് അനുകൂലമായി സുപ്രീം കോടതി വിധിച്ചിരുന്നു. വാരാണസിയിലെ ഗ്യാൻവാപി പള്ളി, മഥുരയിലെ ഷാഹി ഈദ്ഗാഹ് എന്നിവയെച്ചൊല്ലിയുള്ള തർക്കവും നിയമപരമായ മാർഗങ്ങളിലൂടെ പരിഹരിക്കണമെന്നാണ് അംബേക്കർ പറയുന്നു.
'ഹിന്ദുക്കൾക്കുള്ള ആരാധനാലയങ്ങൾ തിരികെ ലഭിക്കാൻ നിയമപരമായ വഴികളുണ്ട്. അതൊരു നിയമാനുസൃത പ്രസ്ഥാനമാണ്. സമൂഹവും ജനങ്ങളും അഭിപ്രായം പറയട്ടെ. അയോധ്യാ പ്രശ്നം കോടതി പരിഹരിച്ചു. ഈ കേസുകളും ജുഡീഷ്യറി വഴി പരിഹരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. എല്ലാവരും അത് അംഗീകരിക്കണം'-അദ്ദേഹം കൂട്ടിച്ചേർത്തു.
മഥുരയിലെ കൃഷ്ണ ജന്മഭൂമി ക്ഷേത്രത്തിന് സമീപമുള്ള ഷാഹി ഈദ്ഗാഹ് മസ്ജിദ് നീക്കം ചെയ്യുന്നതിനുള്ള ഒരു കൂട്ടം കേസുകൾ മഥുര കോടതിയിലാണ്. വാരാണസിയിലെ കാശി-വിശ്വനാഥ ക്ഷേത്ര സമുച്ചയത്തിലെ ഗ്യാൻവാപി പള്ളിയിൽ ഹിന്ദുക്കളുടെ ആരാധനയ്ക്കുള്ള അവകാശത്തെച്ചൊല്ലിയും നിയമപോരാട്ടം തുടരുകയാണ്.
'ജനസംഖ്യാ നിയന്ത്രണം ആവശ്യം'
ഇന്ത്യയിലെ 'ജനസംഖ്യാ അസന്തുലിതാവസ്ഥ' പരിഹരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സുനിൽ അംബേക്കർ സംസാരിച്ചു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈ മാസം നടത്തിയ വിവാദ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. സംസ്ഥാനത്തിന്റെ ഫെർട്ടിലിറ്റി നിരക്ക് കുറയ്ക്കുന്നതിന് 2021 ൽ യു.പിയിൽ അവതരിപ്പിച്ച ജനസംഖ്യാ നയത്തെക്കുറിച്ച് പരാമർശിക്കവെ ആളുകളുടെ 'ഉത്തരവാദിത്തം' ആയിരിക്കണം ജനസംഖ്യാ നിയന്ത്രണമെന്ന് അദ്ദേഹം പറഞ്ഞു.
'ജനസംഖ്യാ മാനേജ്‌മെന്റ് നയങ്ങൾ രാജ്യങ്ങളിലും സമൂഹങ്ങളിലും ചർച്ച ചെയ്യപ്പെടുന്നു. ഞങ്ങളും അതിനെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങൾ എങ്ങിനെ ചെയ്യാം എന്നത് സർക്കാരാണ് തീരുമാനിക്കേണ്ടത്. നമ്മുടേത് ഒരു ജനാധിപത്യ രാജ്യമാണ്. എല്ലാ ഗവൺമെന്റുകളും കേന്ദ്രവും സംസ്ഥാനങ്ങളും മുന്നോട്ടുള്ള വഴി രൂപപ്പെടുത്തണം. നിയമപരമായോ മറ്റെന്തെങ്കിലും മാർഗ്ഗങ്ങളിലൂടെയോ അത് എങ്ങനെ ചെയ്യുമെന്ന് ഞങ്ങൾക്ക് അറിയില്ല. എന്നാൽ തത്വത്തിൽ ജനസംഖ്യാ നിയന്ത്രണം ഉണ്ടായിരിക്കണം'-അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.