സിദ്ധരാമയ്യ

ലോക്സഭ മണ്ഡല പുനർനിർണയ വിരുദ്ധ യോഗത്തിൽ കർണാടക പങ്കുചേരും

ബംഗളൂരു: ലോക്സഭ മണ്ഡലങ്ങൾ പുനർനിർണയിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ഡി.എം.കെയുടെ നേതൃത്വത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മാർച്ച് 22ന് വിളിച്ച യോഗത്തിൽ കർണാടകയുടെ പ്രതിനിധിയായി ഉപ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പങ്കെടുക്കും. ബുധനാഴ്ച ബംഗളൂരുവിൽ തമിഴ്‌നാട് വനം മന്ത്രി കെ. പൊൻമുടി, എം.എം. അബ്ദുല്ല എംപി എന്നിവർ മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ശിവകുമാറിനെയും കണ്ടിരുന്നു. ഇതിനുപിന്നാലെ പരസ്യ പിന്തുണ അറിയിച്ച സിദ്ധരാമയ്യ, സ്റ്റാലിന് ഇതുസംബന്ധിച്ച ഔദ്യോഗിക കത്തും അയച്ചു.

മുൻകൂട്ടി നിശ്ചയിച്ച പരിപാടികളുള്ളതിനാലാണ് തനിക്ക് നേരിട്ട് പങ്കെടുക്കാൻ കഴിയാത്തതെന്നും ഉപ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനോട് പങ്കെടുക്കാൻ അഭ്യർഥിച്ചതായും കത്തിൽ വ്യക്തമാക്കി.

മണ്ഡല പുനർനിർണയം സംസ്ഥാനങ്ങളുടെ സ്വയംഭരണവുമായി ബന്ധപ്പെട്ട നിർണായക പ്രശ്നമാണുയർത്തുന്നതെന്നും പുതിയ ജനസംഖ്യ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി പാർലമെന്ററി, നിയമസഭ മണ്ഡലങ്ങളുടെ അതിർത്തി പുനർനിർണയിക്കുന്നത് സംബന്ധിച്ച് സമാന ചിന്താഗതിക്കാരായ സംസ്ഥാനങ്ങൾ ഗൗരവതരമായി ചർച്ച ചെയ്യേണ്ടതുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു.

സ്റ്റാലിനെ പിന്തുണച്ച്

രേവന്ത് റെഡ്ഡി

ന്യഡൽഹി: ലോക്സഭ മണ്ഡലപുനർനിർണയത്തെ എതിർക്കുന്ന ഡി.എം.കെയുടെയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെയും നിലപാടുകളെ പിന്തുണക്കുന്നതായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി.

സ്റ്റാലിൻ ചെന്നൈയിൽ വിളിച്ചുചേർത്ത യോഗത്തിൽ കോൺഗ്രസ് ഹൈകമാൻഡിന്റെ സമ്മതം തേടിയ ശേഷം പങ്കെടുക്കുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. 

Tags:    
News Summary - Karnataka to participate in anti-Lok Sabha constituency redelineation meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.