മുസ്‍ലിം വിദ്യാർഥികളോട് പാകിസ്താനിൽ പോകാൻ പറഞ്ഞ അധ്യാപികക്ക് സ്ഥലംമാറ്റം

ബംഗളൂരു: കർണാടകയിൽ മുസ്‍ലിം വിദ്യാർഥികളോട് പാകിസ്താനിൽ പോകാൻ പറഞ്ഞ അധ്യാപികക്ക് സ്ഥലംമാറ്റം. ഷിമോഗ ജില്ലയിലെ അധ്യാപികയെയാണ് സ്ഥലംമാറ്റിയത്. ഇവർക്കെതിരെ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. അഞ്ചാം ക്ലാസിലെ വിദ്യാർഥികളോടാണ് ഇവർ പാകിസ്താനിലേക്ക് പോകാൻ ആവശ്യപ്പെട്ടത്.

ജനതാദൾ സെക്കുലർ ന്യൂനപക്ഷ വിഭാഗം ജില്ലാ പ്രസിഡന്റ എ. നസറുല്ലയാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്. അധ്യാപികയായ മഞ്ജുള ദേവിയാണ് അഞ്ചാം ക്ലാസ് വിദ്യാർഥികളോട് പാകിസ്താനിലേക്ക് പോകാൻ ആവശ്യപ്പെട്ടത്. വിദ്യാർഥികൾ തമ്മിൽ വഴക്കുണ്ടാക്കുന്നതിനിടെയായിരുന്നു സംഭവം.

കുട്ടികൾ ഇതിനെ കുറിച്ച് പറഞ്ഞപ്പോൾ ഞെട്ടലുണ്ടായി. ഉടൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പബ്ലിക് ഇൻസ്ട്രക്ഷൻ മുമ്പാകെ പരാതി നൽകുകയായിരുന്നു. തുടർന്ന് അധ്യാപികക്കെതിരെ നടപടിയുണ്ടായെന്നും നസറുല്ല പറഞ്ഞു.

കുട്ടികളോട് ഇത് നിങ്ങളുടെ രാജ്യമല്ലെന്നും ഹിന്ദുരാജ്യമാണെന്നും ടീച്ചർ പറഞ്ഞുവെന്ന് പരാതിയിൽ പറയുന്നു. നിങ്ങൾ പാകിസ്താനിലേക്ക് പോകണം. നിങ്ങൾ ഞങ്ങളുടെ അടിമകളാണെന്ന് ടീച്ചർ പറഞ്ഞുവെന്നും പരാതി അന്വേഷിക്കുന്ന ബ്ലോക്ക് എഡ്യുക്കേഷൻ ഓഫീസർ ബി.നാഗരാജ് പറഞ്ഞു.

ഇതുസംബന്ധിച്ച് ഒരു റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും മേലധികാരികളുടെ നിർദേശപ്രകാരം തുടർ നടപടികൾ സ്വീകരിക്കുമെന്നും വിദ്യാഭ്യാസ ഓഫീസർ പറഞ്ഞു. യു.പിയിൽ മുസ്‍ലിം വിദ്യാർഥിയെ സഹപാഠികളെ കൊണ്ട് അധ്യാപിക തല്ലിച്ച സംഭവമുണ്ടായതിന് പിന്നാലെയാണ് സമാന സംഭവം കർണാടകയിലും ഉണ്ടായിരിക്കുന്നത്.

Tags:    
News Summary - Karnataka teacher asks Muslim students to ‘go to Pak’, inquiry initiated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.