ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ഒന്നിച്ചുമത്സരിക്കാൻ ജനതാദൾ എസും (ജെ.ഡി.എസും) ബി.എസ്.പിയും ധാരണ. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പുവരെ സഖ്യം തുടരുമെന്ന് ബി.എസ്.പിയിലെ സതീഷ് ചന്ദ്ര മിശ്രയും ജെ.ഡി.എസ് നേതാവ് ഡാനിഷ് അലിയും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഏപ്രിൽ-മേയ് മാസങ്ങളിലായിരിക്കും തെരഞ്ഞെടുപ്പ്. 14 ജില്ലകളിലായി എട്ടു സംവരണ സീറ്റുകളിലും 12 ജനറൽ സീറ്റുകളിലും ബി.എസ്.പി മത്സരിക്കും. ബാക്കിയുള്ള 204 സീറ്റുകളിൽ ജെ.ഡി.എസും മത്സരിക്കും. സംസ്ഥാന അധ്യക്ഷൻ എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലായിരിക്കും തെരഞ്ഞെടുപ്പ് പ്രചാരണം. ഇരുപാർട്ടികളുടെയും ദേശീയ അധ്യക്ഷന്മാരായ എച്ച്.ഡി. ദേവഗൗഡയും മായാവതിയും ഈമാസം 17ന് ബംഗളൂരുവിൽ സംയുക്ത തെരഞ്ഞെടുപ്പ് പ്രചാരണം നടത്തും. സഖ്യം വഴിത്തിരിവെന്ന് വിശേഷിപ്പിച്ച ഡാനിഷ് അലി, ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇത് വലിയ ചലനമുണ്ടാക്കുമെന്നും പ്രാദേശിക പാർട്ടികളെ ഒറ്റപ്പെടുത്താനുള്ള രണ്ടു വലിയ ദേശീയ പാർട്ടികളുടെ ശ്രമങ്ങളെ ചെറുക്കാനാകുമെന്നും അഭിപ്രായപ്പെട്ടു.
മായാവതിയുടെ നേതൃത്വത്തിലുള്ള ബി.എസ്.പി ആദ്യമായാണ് ജെ.ഡി.എസുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുന്നത്. സംസ്ഥാനത്ത് ബി.എസ്.പിക്ക് ശക്തമായ സ്വാധീനമുണ്ടെന്നും വോട്ടർമാരിൽ 22 ശതമാനം പട്ടികജാതി വിഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.