കർണാടക മന്ത്രിസഭ: പ്രിയങ്ക് ഖാർഗെ ആഭ്യന്തര മന്ത്രി, ധനകാര്യം മുഖ്യമന്ത്രിക്ക്

ബംഗളൂരു: കർണാടക കോൺഗ്രസിലെ യുവനേതാക്കളിൽ പ്രമുഖനും എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകനുമായ പ്രിയങ്ക് ഖാ​ർഗെ ഇനി ആഭ്യന്തര മന്ത്രി. സിദ്ധരാമയ്യ മ​ന്ത്രിസഭയിൽ ഐ.ടി/ബി.ടി, ഗ്രാമവികസന മന്ത്രിയായിരുന്നു. ഇപ്പോൾ ആഭ്യന്തരത്തിന് പുറമെ, ഐ.ടി/ബി.ടി ചുമതല നിലനിർത്തിയിട്ടുമുണ്ട്.

കൽബുർഗി ജില്ലയിലെ ചിറ്റാപൂരിൽനിന്ന് മൂന്ന് തവണ എം.എൽ.എയായ പ്രിയങ്ക്, വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകൾ കൊണ്ട് അണികളെ ആവേശം കൊള്ളിക്കുന്ന നേതാവാണ്. കർണാടകയിലെ സർക്കാർ സ്ഥാപനങ്ങളിൽ ആർ.എസ്.എസ് പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തണമെന്നത് ഉൾപ്പെടെ പ്രിയങ്കിന്റെ വിവിധ പ്രസ്താവനകൾ ഏറെ വിവാദമായിരുന്നു. സിദ്ധരാമയ്യ ഭരണകാലത്ത് ജി. പരമേശ്വരയായിരുന്നു ആഭ്യന്തര മന്ത്രി.

മുഖ്യമന്ത്രി ഡി​.കെ. ശിവകുമാർ തന്നെ ധനവകുപ്പിന്റെ ചുമതല വഹിക്കും. ഡി.കെ കൈകാര്യം ചെയ്തിരുന്ന ബംഗളൂരു വികസന വകുപ്പ് കൃഷ്ണ ബൈരെ ഗൗഡക്ക് നൽകി. റവന്യൂ വകുപ്പിൽ താൻ തുടക്കമിട്ട പരിഷ്കാരങ്ങൾ പൂർത്തിയാക്കാൻ അതേ വകുപ്പിൽ തുടരാനായിരുന്നു ബൈരെ ഗൗഡക്ക് താല്പര്യം. ബെംഗളൂരു വികസന വകുപ്പ് ലക്ഷ്യമിട്ടിരുന്ന മുതിർന്ന നേതാവ് രാമലിംഗ റെഡ്ഡി ഇതിൽ അസംതൃപ്തി പരസ്യമാക്കിയിട്ടുണ്ട്. നിലവിൽ ജലവിഭവ വകുപ്പാണ് അദ്ദേഹത്തിന് നൽകിയത്.

ഉപമുഖ്യമന്ത്രി ജി. പരമേശ്വര റവന്യൂ, കായിക വകുപ്പ് ചുമതല. ആദ്യമായി മന്ത്രിസഭയിലെത്തിയ സിദ്ധരാമയ്യയുടെ മകൻ ഡോ. യതീന്ദ്ര നഗരവികസന വകുപ്പ് കൈകാര്യം ചെയ്യും.

മലയാളികളിൽ കെ.ജെ. ജോർജിന് നേരത്തെയുണ്ടായിരുന്ന ഊർജവകുപ്പിന് പുറമെ, ടൂറിസവും നൽകി. യു.ടി. ഖാദർ ആരോഗ്യ-കുടുംബക്ഷേമ മന്ത്രിയാണ്. സിദ്ധരാമയ്യ സർക്കാറിൽ സ്പീക്കറായിരുന്നു.

കെ.എച്ച്. മുനിയപ്പ (ഭക്ഷ്യ-സിവിൽ സപ്ലൈസ്), എം.ബി. പാട്ടീൽ (വ്യവസായം), സതീഷ് ജാർക്കിഹോളി (പൊതുമരാമത്ത്) തുടങ്ങിയവർക്കും ചുമതലകൾ നൽകി.

അതേസമയം, മന്ത്രിസഭയിൽ ഭിന്നതയുണ്ടെന്ന വാർത്തകൾ മുഖ്യമന്ത്രി തള്ളി. ആർക്കെങ്കിലും അതൃപ്തിയുള്ളതായി അറിയില്ലെന്നും വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട് ആരും തന്നെ വന്ന് കണ്ടിട്ടില്ലെന്നും ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിസഭയിൽ വനിതാ പ്രതിനിധ്യമില്ലാത്തതിനെ ചൊല്ലിയുണ്ടായ വിമർശനങ്ങൾക്കും അദ്ദേഹം മറുപടി നൽകി.

Tags:    
News Summary - Karnataka Cabinet portfolios announced: CM Shivakumar keeps finance, Priyank gets Home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.