തുമകാരു: കൊച്ചി ലുലുമാളിൽ ഇന്ത്യൻ പതാകയെ അപമാനിച്ചുവെന്ന വ്യാജവാർത്ത പ്രചരിപ്പിച്ച ബി.ജെ.പി പ്രവർത്തക ശകുന്തള നടരാജന് എതിരെ കർണാടക പൊലീസ് കേസെടുത്തു. ചോദ്യം ചെയ്യുന്നതിനായി ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് ഇവർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
ബി.ജെ.പി പ്രവർത്തക പങ്കുവെച്ച പോസ്റ്റ് വ്യാജവും വ്യാജവുമാണെന്ന് വസ്തുത പരിശോധന വിഭാഗം കണ്ടെത്തിയതിനെ തുടർന്നാണ് അവർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തത്.
ചിത്രം പ്രശ്‌നമുണ്ടാക്കാൻ മനഃപൂർവം എടുത്തതാണെന്നും എഡിറ്റ് ചെയ്തതാണെന്നും പൊലീസ് സൂചിപ്പിച്ചു. പോസ്റ്റിലൂടെ ജനങ്ങളെ പ്രകോപിപ്പിക്കാനുള്ള ശ്രമമാണ് നടന്നത്. പ്രതികൾ ശിവകുമാറിനെയും ലുലു മാളിനെയും തമ്മിൽ ബന്ധിപ്പിക്കാൻ ശ്രമിച്ചതായും പൊലീസ് കുറ്റപ്പെടുത്തി.
കൊച്ചിയിലെ ലുലു മാളിന്റെ ചിത്രം ഉപയോഗിച്ച് ബംഗളുരുവിൽ ആളുകളെ പ്രകോപിപ്പിക്കാൻ ശ്രമം നടന്നതായി പോലീസ് പറഞ്ഞു.മറ്റൊരു രാജ്യത്തെ പതാകയേക്കാൾ ഉയർത്തിക്കെട്ടേണ്ടത് ഇന്ത്യൻ പതാകയാണെന്ന് മനസിലാക്കാനുള്ള സാമാന്യ ബുദ്ധിപോലുമില്ലാതായല്ലോ എന്ന് പറഞ്ഞാണ് ശകുന്തള ചിത്രം പ്രചരിപ്പിച്ചത്.ലുലു മാൾ ബഹിഷ്‍കരിക്കുക എന്ന ഹാഷ്ടാഗിലുള്ള പോസ്റ്റിൽ അവർ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ ടാഗ് ചെയ്യുകയും ചെയ്തു.
ലോകകപ്പ് ക്രിക്കറ്റിനോടനുബന്ധിച്ച് ലുലു മാളിൽ വിവിധ രാജ്യങ്ങളുടെ പതാകകൾ പ്രദർശിപ്പിച്ചിരുന്നു. ഒരേ ഉയരത്തിലാണ് പതാകകൾ കെട്ടിയിരുന്നത്. എന്നാൽ പ്രത്യേക ആംഗിളിൽ ഇതിന്റെ ഫോട്ടോ എടുക്കുമ്പോൾ ഇന്ത്യൻ പതാക, പാകിസ്താന്റെ പതാകയേക്കാൾ താഴ്ന്നതായി തോന്നും. ഇതാണ് ബി.ജെ.പി വിവാദമാക്കിയത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കുടുംബത്തെ അപമാനിച്ചും ഇവർ മുമ്പ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.