‘രാജ്യത്തെ ഓർത്ത് വേദനിക്കുന്നു, പ്രധാനമന്ത്രിയിൽ നിന്ന് ഇതിലും മികച്ചതൊന്നും പ്രതീക്ഷിക്കുന്നില്ല’; മോദിക്കെതിരെ കപിൽ സിബൽ

ന്യൂഡൽഹി: മുസ്‌ലിം വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് രാജ്യസഭ എം.പി കപിൽ സിബൽ. വിദ്വേഷ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ പ്രധാനമന്ത്രിക്ക് നോട്ടീസ് അയക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തെ 20 കോടി ജനങ്ങൾ അദ്ദേഹത്തിന് പ്രശ്നമല്ലേയെന്നും സിബൽ ചോദിച്ചു. രാജ്യത്തെ ഓർത്ത് വേദനിക്കുന്നുവെന്നും പ്രധാനമന്ത്രിയിൽനിന്ന് ഇതിലും മികച്ചതൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും നേരത്തെ സിബൽ എക്സിൽ കുറിച്ചിരുന്നു. രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു മോദിയുടെ വിവാദ പരാമർശങ്ങൾ.

കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ സ്വത്ത് മുസ്‍ലിംകൾക്ക് വീതിച്ചുനൽകുമെന്നും കടന്നുകയറ്റക്കാർക്കും കൂടുതൽ കുട്ടികൾ ഉള്ളവർക്കും നിങ്ങളുടെ സ്വത്ത് നൽകുന്നത് അംഗീകരിക്കാനാകുമോ എന്നും മോദി പ്രസംഗിച്ചിരുന്നു. മോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷന് നിരവധി പരാതികളാണ് ലഭിക്കുന്നത്.

‘സ്ത്രീകളുടെ സ്വത്തുക്കൾ നുഴഞ്ഞുകയറ്റക്കാർക്കും തീവ്രവാദികൾക്കും കോൺഗ്രസ് വിട്ടുനൽകുമെന്നാണ് പ്രധാനമന്ത്രി മോദി പ്രസംഗിച്ചത്. 20 കോടി ജനങ്ങൾ തനിക്ക് വിഷയമല്ലേ? അവർക്ക് ആഗ്രഹങ്ങളൊന്നുമില്ലേ? രാഷ്‌ട്രീയം ഈ നിലവാരത്തിലേക്ക് കൂപ്പുകുത്തി, ചരിത്രത്തിൽ ഇങ്ങനെ സംഭവിച്ചിട്ടില്ല, അത് സംഭവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. തെരഞ്ഞെടുപ്പ് കമീഷൻ എന്തുകൊണ്ട് ഉടൻ നടപടിയെടുത്തില്ലെന്ന് ചോദിക്കാൻ ആഗ്രഹിക്കുന്ന. തെരഞ്ഞെടുപ്പ് കമീഷൻ അതിനെ അപലപിക്കുകയും പ്രധാനമന്ത്രിക്ക് നോട്ടീസ് അയക്കുകയും വേണം’ -കപിൽ സിബൽ ഡൽഹിയിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ഒന്നാംഘട്ട വോട്ടെടുപ്പ് തങ്ങൾക്ക് അനുകൂലമെന്ന് വ്യക്തമായതോടെയാണ് മോദി ഇത്തരത്തിൽ പരാമർശം നടത്തുന്നതെന്നും സിബൽ കൂട്ടിച്ചേർത്തു. വിഷയത്തിൽ ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത് പുലർത്തുന്ന മൗനത്തെയും അദ്ദേഹം ചോദ്യം ചെയ്തു. പ്രധാനമന്ത്രി പദവിയെയും ആ പദവി വഹിക്കുന്ന വ്യക്തിയെയും തങ്ങൾ ബഹുമാനിക്കുന്നു. എന്നാൽ പ്രധാനമന്ത്രി ബഹുമാനത്തിന് അർഹനല്ലെങ്കിൽ, രാജ്യത്തെ ബുദ്ധിജീവികൾ ശബ്ദമുയർത്തണം. മോഹൻ ഭാഗവത് നിശബ്ദനാണ്. എന്തുകൊണ്ടാണ് അദ്ദേഹം നിശബ്ദനായിരിക്കുന്നതെന്നും സിബൽ ചോദിച്ചു.

''രാജ്യത്തെ സമ്പത്തിന്റെ ആദ്യ അവകാശികൾ മുസ്‍ലിംകളാണെന്ന് കോൺഗ്രസിന്റെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പറഞ്ഞിട്ടുണ്ട്. ഈ സ്വത്തുക്കളെല്ലാം ഒരുമിച്ചുകൂട്ടി കൂടുതൽ മക്കളുള്ളവർക്കും നുഴഞ്ഞുകയറ്റക്കാർക്കും നൽകുമെന്നാണ് അതിനർഥം. നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയ സ്വത്തുക്കൾ നുഴഞ്ഞുകയറ്റക്കാർക്കു നൽകണോ? ഇത് നിങ്ങൾക്ക് അംഗീകരിക്കാനാകുമോ?''-മോദി പ്രചാരണത്തിനിടെ പറഞ്ഞു. അമ്മമാരുടെയും പെൺമക്കളുടെയും സ്വർണങ്ങളുടെ കണക്കെടുത്ത് വിതരണം ചെയ്യുമെന്നാണ് കോൺഗ്രസ് പ്രകടനപത്രികയിൽ പറയുന്നതെന്നും മോദി കുറ്റപ്പെടുത്തി.

Tags:    
News Summary - Kapil Sibal demands EC action on PM's speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.