ന്യൂഡൽഹി: 2014ൽ നരേന്ദ്ര മോദി അധികാരത്തിലെത്തിയതിന് ശേഷമാണ് ഇന്ത്യക്ക് യഥാർഥത്തിൽ സ്വാതന്ത്ര്യം കിട്ടിയതെന്ന വിവാദ പ്രസ്താവനയുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. ടൈംസ് നൗ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുേമ്പാഴായിരുന്നു കങ്കണയുടെ വിവാദ പ്രസ്താവന.
1947ൽ ഇന്ത്യക്ക് ലഭിച്ചത് സ്വാതന്ത്ര്യമല്ലായിരുന്നു. അത് വെറും ഭിക്ഷമാത്രമായിരുന്നുവെന്നാണ് കങ്കണയുടെ പരാമർശം. ബ്രിട്ടീഷുകാരുടെ തുടർച്ചയായിരുന്നു കോൺഗ്രസ് ഭരണമെന്നും കങ്കണ ആരോപിച്ചു. അതേസമയം, കങ്കണയുടെ പ്രസ്താവനക്കെതിരെ ബി.ജെ.പി നേതാവ് വരുൺ ഗാന്ധി രംഗത്തെത്തി.
ചില സമയത്ത് മഹാത്മഗാന്ധിയുടെ ത്യാഗങ്ങളെ അപമാനിക്കുന്നു. ചിലപ്പോൾ അദ്ദേഹത്തിന്‍റെ കൊലയാളിക്ക് ആദരം നൽകുന്നു. ഇപ്പോൾ മംഗൽ പാണ്ഡേ മുതൽ റാണി ലക്ഷ്മിഭായി, ഭഗത് സിങ്, ചന്ദ്രശേഖർ ആസാദ്, നേതാജി തുടങ്ങിയവരെ അപമാനിച്ചിരിക്കുന്നു. ഇതിന് ഞാൻ ഭ്രാന്തെന്നാണോ രാജ്യദ്രോഹമെന്നാണോ വിളിക്കേണ്ടതെന്നായിരുന്നു വരുൺ ഗാന്ധിയുടെ ചോദ്യം.
അതേസമയം, കങ്കണയുടെ പ്രസ്താവനക്കെതിരെ ട്വിറ്ററിലും പ്രതിഷേധമുയർന്നു. കങ്കണയുടെ വിഡ്ഢിത്തരത്തിന് കൈയടിക്കുന്നത് ആരാണെന്ന് അറിയാൻ തനിക്ക് താൽപര്യമുണ്ടെന്നായിരുന്നു ബോളിവുഡ് നടി സ്വര ഭാസ്കറിന്റെ പ്രസ്താവന. കങ്കണയുടെ പത്മശ്രീ രാഷ്ട്രപതി തിരിച്ചെടുക്കണമെന്ന ആവശ്യവും സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.