'ഖലിസ്ഥാനി' പരാമർശം; പൊലീസിൽ ഹാജരായി കങ്കണ

മുംബൈ: കർഷക സമരങ്ങളെ വിഘടനവാദി ഗ്രൂപ്പുമായി ബന്ധപ്പെടുത്തി സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റിട്ട സംഭവത്തിൽ നടി കങ്കണ റണാവത്ത് മുംബൈ പൊലീസിന് മുന്നിൽ ഹാജരായി. സിഖ് സംഘടനയുടെ പരാതിയെ തുടർന്ന് കഴിഞ്ഞ മാസമാണ് നടിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. മുംബൈയിലെ ഖാർ പൊലീസ് സ്റ്റേഷനിൽ രാവിലെ 11നാണ് കങ്കണ ഹാജരായത്.

മൊഴി രേഖപ്പെടുത്താനായി പൊലീസ് സ്റ്റേഷനിൽ ഹാജരായെന്ന് കങ്കണയുടെ അഭിഭാഷകൻ റിസ്വാൻ സിദ്ദീഖ് പറഞ്ഞു. ഈ മാസം ആദ്യം ചോദ്യം ചെയ്യാനായി പൊലീസ് കങ്കണയ്ക്ക് നോട്ടീസ് അയച്ചിരുന്നു. ഡിസംബർ 22ന് ഖാർ പൊലീസിന് മുന്നിൽ ഹാജരാകുമെന്ന് അവരുടെ അഭിഭാഷകൻ നേരത്തെ ബോംബെ ഹൈകോടതിയെ അറിയിച്ചിരുന്നു. എന്നാൽ, പകരം മറ്റൊരു ദിവസം അഭിഭാഷകൻ ആവശ്യപ്പെടുകയായിരുന്നു.

കർഷക സമരങ്ങളെ വിഘടനവാദി ഗ്രൂപ്പുമായി ബന്ധപ്പെടുത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിന്‍റെ പേരിൽ ഡിസംബർ 25 വരെ അറസ്റ്റ് ഉണ്ടാകില്ലെന്ന് പൊലീസ് ഹൈകോടതിയെ അറിയിച്ചിരുന്നു.

കങ്കണയുടെ മൗലികാവകാശമായ അഭിപ്രായ സ്വാതന്ത്രത്തെക്കുറിച്ചുള്ള വലിയൊരു ചോദ്യമാണ് വിഷയത്തിൽ ഉൾപ്പെട്ടിരിക്കുന്നതെന്നും അതുകൊണ്ട് അവർക്ക് സാവകാശം നൽകണമെന്നും കോടതി പറഞ്ഞതിന് പിന്നാലെയാണ് അറസ്റ്റ് പെട്ടന്നുണ്ടാവില്ലെന്ന് പൊലീസ് പ്രസ്താവന ഇറക്കിയത്.

തനിക്കെതിരെ നൽകിയ എഫ്.ഐ.ആർ റദ്ദാക്കണമെന്ന ആവശ്യവുമായി കങ്കണ ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്.

സിഖ് സമുദായത്തിന്‍റെ വികാരം മനപ്പൂർവം വ്രണപ്പെടുത്തി എന്ന കുറ്റം ചുമത്തിയാണ് നടിക്കെതിരെ പൊലീസ് കേസെടുത്തത്. 

Tags:    
News Summary - Kangana Ranaut Meets Cops For Statement In "Khalistani" Insta Post Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.