"വിദേശങ്ങളിൽ നിന്നുള്ള ആജ്ഞകൾ തങ്ങൾ സ്വീകരിക്കില്ല": ട്രംപിന് തുറന്ന കത്തുമായി കമൽഹാസൻ

ന്യൂഡൽഹി: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് തുറന്ന കത്തുമായി നടനും മക്കൾ നീതി മയ്യം (എം.എൻ.എം) നേതാവുമായ കമൽഹാസൻ. ഇന്ത്യ സ്വതന്ത്ര പരമാധികാര രാഷ്ടമാണെന്നും വിദേശങ്ങളിൽ നിന്നുള്ള ആജ്ഞകൾ തങ്ങൾ സ്വീകരിക്കില്ലെന്നും വ്യക്തമാന്നതാണ് തുറന്ന കത്ത്.

റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ ഇന്ത്യയെ താത്കാലികമായി ‘അനുവദിക്കുന്നു’വെന്ന് യുഎസ് പറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് താരത്തിന്റെ തുറന്നകത്ത്. രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം അമേരിക്കൻ പ്രസിഡന്റിനോട് പ്രതികരിച്ചത്. ഇന്ത്യ പരമാധികാര രാഷ്ട്രമാണെന്നും വിദേശങ്ങളിൽ നിന്നുള്ള ആജ്ഞകൾ തങ്ങൾ സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

'യുഎസ്എയുടെ പ്രസിഡന്റിന്' എന്നുപറഞ്ഞുകൊണ്ടാണ് കമൽഹാസന്റെ കുറിപ്പ് തുടങ്ങുന്നത്. 'പ്രിയപ്പെട്ട മിസ്റ്റർ പ്രസിഡന്റ്, ഞങ്ങൾ, ഇന്ത്യയിലെ ജനങ്ങൾ, ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിന്റെ ഭാഗമാണ്. വിദൂര വിദേശങ്ങളിൽ നിന്നുള്ള ആജ്ഞകൾ ഞങ്ങൾ സ്വീകരിക്കില്ല. ദയവായി സ്വന്തം കാര്യങ്ങൾ കഴിവിന്റെ പരമാവധി നന്നായി ചെയ്യുക.' -കമൽ ഹാസൻ തുടർന്നു.

'പരമാധികാര രാഷ്ട്രങ്ങൾ തമ്മിലുള്ള പരസ്പര ബഹുമാനമാണ് ശാശ്വതമായ ആഗോളസമാധാനത്തിന്റെ ഒരേയൊരു അടിത്തറ. നിങ്ങളുടെ രാജ്യത്തിനും അവിടെയുള്ള ജനങ്ങൾക്കും സമാധാനവും സമൃദ്ധിയും ഞങ്ങൾ നേരുന്നു. എന്ന് കമൽഹാസൻ - ഇന്ത്യക്കാരനെന്നതിൽ അഭിമാനിക്കുന്ന ഒരു പൗരൻ, മക്കൾ നീതി മയ്യം സ്ഥാപകൻ.' -കമൽഹാസൻ കുറിപ്പ് അവസാനിപ്പിച്ചു.

റഷ്യയുടെ പക്കൽ നിന്ന് 30 ദിവസത്തേക്ക് എണ്ണ വാങ്ങാൻ ഇന്ത്യയെ ‘അനുവദിക്കുന്നു’വെന്നാണ് യുഎസ് നേരത്തേ പ്രഖ്യാപിച്ചത്. യുഎസ്സിന്റെ പ്രഖ്യാപനത്തിന് പിന്നാലെ വലിയ വിമർശനം കേന്ദ്രസർക്കാരിനെതിരെ ഉയർന്നിരുന്നു. 

Tags:    
News Summary - Kamal Haasan tells Donald Trump after US gives 30-day waiver to India for Russian oil purchase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.