ന്യൂഡൽഹി: ‘‘ജനങ്ങൾ മരിക്കണം എന്ന് ഞങ്ങൾ പറയുന്നില്ല, എന്നാൽ ഇത്തരം സംഭവങ്ങൾ തടയാൻ ഞങ്ങൾക്കാകില്ല. ഞങ്ങൾക്കുമേൽ സമ്മർദമുണ്ട്. ഞങ്ങൾക്ക് പരിമിതിയുമുണ്ട്’’. രാജ്യതലസ്ഥാനത്ത് അമ്പതോളം പേരുടെ മരണത്തിനും നൂറിലേറെ പേരുടെ തിരോധാനത്തിനും നൂറുകണക്കിനാളുകളുടെ പരിക്കിനും പതിനായിരങ്ങളുടെ പലായനത്തിനും കാരണമായ വർഗീയകലാപത്തിന് വഴിമരുന്നിട്ട ബി.ജെ.പി നേതാക്കൾക്കെതിരായ ഹരജി പരിഗണിക്കുേമ്പാഴാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് അസാധാരണ പ്രസ്താവന നടത്തിയത്.
ഡൽഹി കലാപത്തിന് വഴിമരുന്നിട്ട പ്രകോപനം നടത്തിയ ബി.ജെ.പി നേതാക്കളായ കേന്ദ്രമന്ത്രി അനുരാഗ് ഠാകുർ, കപിൽ മിശ്ര, അഭയ് വർമ, പർവേഷ് വർമ എന്നിവർക്കെതിരെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യെപ്പട്ട് സമർപ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ് അപ്രതീക്ഷിത പരാമർശങ്ങൾ നടത്തിയത്. കലാപത്തിലെ 10 ഇരകളായിരുന്നു ഹരജിക്കാർ.
മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് തിങ്കളാഴ്ച വിഷയം ശ്രദ്ധയിൽപെടുത്തി, അടിയന്തരമായി പിറ്റേന്നു തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അഞ്ചോ ആറോ ആളുകൾ ജനങ്ങളെ കലാപത്തിന് േപ്രരിപ്പിക്കുകയാണെന്നും ദിവസവും ആളുകൾ മരിച്ചുകൊണ്ടിരിക്കുകയാണെന്നും ഗോൺസാൽവസ് ബോധിപ്പിച്ചപ്പോൾ, ഡൽഹി ഹൈകോടതി വിഷയം കേട്ടുകൊണ്ടിരിക്കുകയാണല്ലോ എന്നായിരുന്നു ബോബ്ഡെയുടെ മറുപടി. 10 പേർ വീതം ദിവസവും മരിച്ചുകൊണ്ടിരുന്നിട്ടും ആറാഴ്ചക്ക് കേസ് മാറ്റിവെക്കുകയാണ് ഹൈകോടതി ചെയ്തതെന്നും ഇത് ഏറെ നിരാശപ്പെടുത്തുന്നതാണെന്നും ഗോൺസാൽവസ് പറഞ്ഞു.
ഇതിനുള്ള മറുപടിയിലാണ് ചീഫ് ജസ്റ്റിസിെൻറ തുറന്നുപറച്ചിലുണ്ടായത്. ‘‘ജനങ്ങൾ മരിക്കണമെന്ന് ഞങ്ങൾ പറയുന്നില്ല. കൈകാര്യം ചെയ്യാനാകാത്ത സമ്മർദമാണ് ഞങ്ങൾക്കു മേലുണ്ടാകുന്നത്. കാര്യങ്ങൾ സംഭവിക്കുന്നത് നിർത്താൻ ഞങ്ങൾക്കാകില്ല. ഇതൊക്കെ തടയാൻ എന്തെങ്കിലും ആശ്വാസം നൽകാനും കഴിയില്ല. ഒരുതരം സമ്മർദം ഞങ്ങൾ അനുഭവിക്കുന്നുണ്ട്. അത് കൈകാര്യംചെയ്യാൻ ഞങ്ങൾക്കാകില്ല’’-ചീഫ് ജസ്റ്റിസ് നിസ്സഹായത പങ്കുവെച്ചു.
‘‘കോടതി ഇതിനുത്തരവാദിയാണെന്ന നിലയിലാണ് (പറയുന്നത്). ഞങ്ങൾ വിഷയം കേൾക്കും.
സംഭവമുണ്ടായ ശേഷമാണ് ഞങ്ങൾ ചിത്രത്തിൽ വരുന്നതെന്ന് നിങ്ങൾ മനസ്സിലാക്കണം. ഞങ്ങൾ സമാധാനം ആഗ്രഹിക്കുന്നു. ഞങ്ങൾക്ക് പരിമിതിയുണ്ട്. ഞങ്ങളാണ് ഉത്തരവാദികളെന്ന നിലയിലുള്ള മാധ്യമ വാർത്തകൾ വായിക്കുന്നുണ്ട്. ഞങ്ങൾ കേസ് ബുധനാഴ്ച കേൾക്കും’’ എന്നുപറഞ്ഞ് ചീഫ് ജസ്റ്റിസ് നിർത്തിയപ്പോൾ എന്തുകൊണ്ട് നാളെ (ചൊവ്വ) പറ്റില്ലെന്ന് കോളിൻ ഗോൺസാൽവസ് ചോദിച്ചു. ബുധനാഴ്ചയെന്ന് ചീഫ് ജസ്റ്റിസ് വീണ്ടും ആവർത്തിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.