കൊൽക്കത്ത: പശ്ചിമ ബംഗാൾ വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസുവിനും പ്രതിഷേധിച്ച നിരവധി വിദ്യാർഥികൾക്കും പരിക്കേറ്റ സംഭവത്തിനു പിന്നാലെ ജാദവ്പൂർ കാമ്പസിൽ ശനിയാഴ്ച നടന്ന തീവെപ്പും അക്രമവുമായി ബന്ധപ്പെട്ട് ജെ.യു മുൻ വിദ്യാർഥി അറസ്റ്റിൽ. ഇപ്പോൾ പ്രമുഖ സോഫ്‌റ്റ്‌വെയർ കമ്പനിയിൽ ജോലി ചെയ്യുന്ന, ജെ യുവിന്റെ കൺസ്ട്രക്ഷൻ എൻജിനീയറിങ് വിഭാഗത്തിലെ മുൻ വിദ്യാർഥിയെ അർധരാത്രിയോടെ അപ്പാർട്ട്മെന്റിൽ നിന്ന് പിടികൂടിയതായി ജോയിന്റ് കമീഷണർ രൂപേഷ് കുമാർ പറഞ്ഞു.
ആക്രമണം, സ്ത്രീയെ ദ്രോഹിക്കൽ, പൊതുമുതൽ നശിപ്പിക്കൽ, തട്ടിയെടുക്കൽ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവയിൽ നിലവിലെയും മുൻ വിദ്യാർഥികൾക്കും മറ്റുള്ളവർക്കുമെതിരെ ആറ് എഫ്.ഐ.ആറുകൾ ഉൾപ്പെടെ ഏഴ് എഫ്.ഐ.ആറുകൾ തയ്യാറാക്കിയിട്ടുണ്ട്. ഏഴാമത്തെ എഫ്.ഐ.ആർ, അജ്ഞാത വാഹനത്തിന്റെ ഡ്രൈവർക്കെതിരെയാണ്. തീയിട്ട കേസിൽ മറ്റൊരാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ജാദവ്പൂർ സർവകലാശാലയിലെ ടി.എം.സി പിന്തുണയുള്ള അധ്യാപക ജീവനക്കാരുടെ യൂണിയൻ ഓഫിസിൽ കഴിഞ്ഞ ദിവസം നശീകരണവും തീവെപ്പും നടന്നിരുന്നു. തീവ്ര ഇടതുപക്ഷ വിപ്ലവ വിദ്യാർഥി മുന്നണി (ആർ.എസ്.എഫ്) അംഗങ്ങൾ രണ്ട് തവണ ഓഫിസ് ആക്രമിച്ചതായി ആരോപണമുയർന്നു. ഓഫിസിന് പുറത്തുള്ള ബെഞ്ചുകൾ ഇളകിയിരുന്നു. എ.സി, ലൈറ്റുകൾ, ഫാനുകൾ എന്നിവ തകർക്കുകയും കത്തിനശിക്കുകയും ചെയ്തു. ‘തൃണമൂൽ ശിക്ഷാ ബന്ധു സമിതി’ എന്ന് എഴുതിയ ഒരു സൈൻബോർഡ് നിലത്ത് കിടന്നിരുന്നു.
അധ്യാപക സംഘടന നടത്തിയ പരിപാടിയിൽ പങ്കെടുക്കാനാണ് ബ്രത്യ ബസു ജെ യുവിൽ എത്തിയത്. മന്ത്രി പോകാനൊരുങ്ങവേ, നിരവധി പ്രശ്നങ്ങൾ നിലനിൽക്കെ എന്തുകൊണ്ട് വിദ്യാർഥികളുമായി ചർച്ച നടത്തിയില്ല എന്ന ആവശ്യമുന്നയിച്ച് പ്രതിഷേധിച്ച വിദ്യാർഥികൾ മന്ത്രിയുടെ കാർ ആക്രമിക്കുകയും കാമ്പസിൽ നിന്ന് പോകുന്നതിൽനിന്ന് തടയാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ, ഇതവഗണിച്ച് കാർ ഓടിച്ചുപോയതിനെ തുടർന്ന് പ്രതിഷേധിച്ച നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇന്ദ്രനുജ് റോയ് എന്ന വിദ്യാർഥിക്ക് തലക്കും കണ്ണിനും ഗുരുതരമായി പരിക്കേറ്റു. ഇയാളുടെ ശരീരത്തിന്റെ ഒരു ഭാഗം ചക്രത്തിനടിയിൽപ്പെട്ടതായും റിപ്പോർട്ടുണ്ട്.
പ്രതിഷേധിച്ച വിദ്യാർഥികൾക്ക് മുകളിലൂടെ കാർ പാഞ്ഞുകയറി കുറഞ്ഞത് മൂന്ന് പേർക്കെങ്കിലും പരിക്കേറ്റു എന്നാരോപിച്ച് ബസുവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി.പി.എം വിദ്യാർഥി സംഘടനയായ എസ്.എഫ്.ഐ രംഗത്തുവന്നു. ഇടതുമുന്നണിയും മന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമായി വന്നിട്ടുണ്ട്.
ബസുവിന്റെ ക്രൂരത, പുറത്തുനിന്നുള്ളവരെ കൊണ്ടുവന്ന് ജെ.യു കാമ്പസിൽ ഭീകരത അഴിച്ചുവിടാനുള്ള വൻ ഗൂഢാലോചന എന്നിവ ആരോപിച്ച് തിങ്കളാഴ്ച ബംഗാളിലെ യൂനിവേഴ്‌സിറ്റി കാമ്പസുകളിൽ എസ്.എഫ്.ഐ വിദ്യാർഥി സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
കെ.പി.സി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച റോയിയുടെ ഇടതുകണ്ണിന് ചുറ്റും 14 തുന്നലുകൾ ഇട്ടിട്ടുണ്ട്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പരിക്കേറ്റ മറ്റൊരു വിദ്യാർഥി സുമന്ത പ്രമാണിക്കിനെ ഞായറാഴ്ച ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.
വിദ്യാർഥി നേതാക്കൾ ഗുണ്ടായിസം പ്രചരിപ്പിക്കുകയാണെന്ന് മന്ത്രി ബ്രത്യ ബസു ആരോപിച്ചു. ‘പ്രസംഗം അവസാനിച്ചതിനു ശേഷം കാമ്പസ് തെരഞ്ഞെടുപ്പിനെക്കുറിച്ച് ചർച്ച ചെയ്യാൻ വിദ്യാർഥികളെ കാണാൻ ഞാൻ ആഗ്രഹിച്ചു. എസ്.എഫ്.ഐയുടെയും തൃണമൂൽ കോൺഗ്രസ് ഛത്ര പരിഷത്തിന്റെയും അനുഭാവികളാണ് ചർച്ചക്ക് എത്തിയതെന്നും’ അദ്ദേഹം പറഞ്ഞു.
നാലോ ആറോ വിദ്യാർഥികളെ കാണാൻ ഞാൻ ആഗ്രഹിച്ചു. എന്നാൽ, അവർ 40 പേരടങ്ങുന്ന സംഘമായി വരാൻ ആഗ്രഹിച്ചു. ചർച്ചകൾ എങ്ങനെ നടത്താനാകും? യഥാർഥത്തിൽ, തടസ്സങ്ങൾ സൃഷ്ടിക്കാനും ഗുണ്ടായിസം പ്രചരിപ്പിക്കാനും അവർ ആഗ്രഹിച്ചു. അവർ 30 മുതൽ 40 വരെ വിദ്യാർഥികളുടെ സംഘമാണ്. ഒരു വിദ്യാർഥിക്ക് പരിക്കേറ്റതിൽ ഖേദമുണ്ടെന്നും‘ ബസു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.