ഹരിദ്വാർ വിദ്വേഷ പ്രസംഗം: ജിതേന്ദ്ര ത്യാഗിക്ക് ഹൈകോടതി ജാമ്യം നിഷേധിച്ചു

ഡെറാഡൂൺ: ഹരിദ്വാർ വിദ്വേഷ പ്രസംഗ കേസിൽ അറസ്റ്റിലായ ജിതേന്ദ്ര ത്യാഗിക്ക് (വസീം റിസ്‌വി) ജാമ്യം നിഷേധിച്ച് ഉത്തരാഖണ്ഡ് ഹൈകോടതി. ത്യാഗിയുടെ പ്രസംഗം വിദ്വേഷപരമായിരുന്നുവെന്നും കലാപങ്ങൾക്ക് വഴിവെക്കുന്നതായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രസംഗം പ്രവാചകൻ മുഹമ്മദ് നബിയെ അവഹേളിക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

വിദ്വേഷ പ്രസംഗം പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ചൂണ്ടിക്കാണിച്ച ജസ്റ്റിസ് രവീന്ദ്ര മൈതാനിയുടെ ബെഞ്ച് പ്രസംഗം പുനരാവിഷ്ക്കരിക്കുന്നതിൽ നിന്നും വിട്ടുനിന്നു. കഴിഞ്ഞ ഡിസംബർ 17 മുതൽ 19 വരെ ഹരിദ്വാറിൽ നടത്തിയ ഹിന്ദു ധര്‍മ്മ സന്‍സാദ് സമ്മേളനത്തിലായിരുന്നു ജിതേന്ദ്ര ത്യാഗി, യതി നരസിംഹാനന്ദ് ഉൾപ്പെടെയുള്ളവർ ഇതര മതത്തിനും പ്രവാചകനുമെതിരെ വിദ്വേഷ പ്രചാരണങ്ങളുമായി രംഗത്തെത്തിയത്.

ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന സ്വാതന്ത്രത്തിനുള്ള അവകാശം പരമമായ അവകാശമല്ലെന്നും, പരിമിതികൾ ബാധകമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യൻ ഭരണഘടനയിലെ അനുച്ഛേദം 19(2) പ്രകാരം സംസാര സ്വാതന്ത്രത്തിന് നിയന്ത്രണങ്ങൾ ഉണ്ടെന്നും കോടതി പറഞ്ഞു.

വിദ്വേഷ പ്രചാരണം നടത്തുകയും, വിഡിയോ പ്രചരിപ്പിക്കുകയും ചെയ്ത സംഭവം സമൂഹത്തിൽ ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങൾ കണക്കിലെടുത്താണ് ജാമ്യം നിഷേധിച്ചതെന്ന് കോടതി അറിയിച്ചു. 2022 ജനുവരിയിൽ ഹരിദ്വാറിലെ കോടതി ത്യാഗിക്ക് ജാമ്യം നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരാഖണ്ഡ് കോടതിയും ജാമ്യം നിഷേധിച്ചത്.

ഉത്തരാഖണ്ഡ് ഷിയാ വഖഫ് ബോർഡ് മുൻ മേധാവിയായിരുന്ന വസീം റിസ്വി പിന്നീട് ഹിന്ദു മതത്തിൽ ചേരുകയും ജിതേന്ദ്ര ത്യാഗി എന്ന പേര് സ്വീകരിക്കുകയുമായിരുന്നു. ഹിന്ദു ധര്‍മ്മ സന്‍സാദിൽ മുസ്ലീങ്ങള്‍ക്കെതിരായ ഇയാളുടെ പ്രസംഗം വ്യാപകമായി പങ്കുവെക്കപ്പെട്ടിരുന്നു. സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനും ഉത്തരാഖണ്ഡ് സര്‍ക്കാരിനും ഡല്‍ഹി പൊലീസിനും കഴിഞ്ഞ ദിവസം സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു.

മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലും മഹാത്മാ ഗാന്ധിയുടെ പൗത്രന്‍ തുഷാര്‍ ഗാന്ധിയുമടക്കം നിരവധി പേര്‍ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിരുന്നു. മുസ്ലിംങ്ങളെ കൂട്ടക്കൊല ചെയ്യാനായി പുതിയ ആയുധങ്ങള്‍ കണ്ടെത്തേണ്ടതുണ്ട് എന്നായിരുന്നു ഹിന്ദു ധര്‍മ്മ സന്‍സദില്‍ സന്യാസിമാര്‍ പ്രസംഗിച്ചത്. പ്രകോപനപരമായ പ്രസംഗങ്ങളിലൂടെ അക്രമത്തിന് പ്രേരിപ്പിച്ചതിന് മുമ്പും യതി നരസിംഹാനന്ദ് വിവാദത്തില്‍പ്പെട്ടിട്ടുണ്ട്. ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനും ആയുധമെടുത്ത് ഹിന്ദുമതത്തെ സംരക്ഷിക്കാനെന്ന പേരില്‍ ഇന്ത്യയിലെ മുസ്ലീംങ്ങളെ കൊല്ലാനും ആവര്‍ത്തിച്ചുള്ള ആഹ്വാനങ്ങളാണ് ധര്‍മ്മ സന്‍സാദില്‍ ഉണ്ടായിരുന്നത്. ഹിന്ദുക്കളെ സായുധരാക്കുക എന്നത് മാത്രമാണ് മുസ്ലീംങ്ങളുടെ ഭീഷണി അവസാനിപ്പിക്കാനുള്ള വഴി എന്നായിരുന്നു യതി നരസിംഹാനന്ദിന്റെ പ്രസംഗം.

Tags:    
News Summary - itendra Tyagi's 'Hate' Speech Intended To Wage War, Abused Prophet Muhammad: UK HC Denies Bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.