നടിയും ബി.ജെ.പി-ഹിന്ദുത്വ അനുകൂലിയുമായ കങ്കണയുടെ കവിളുകളേക്കാൾ മിനുസമായ റോഡുകൾ ജംതാരയിൽ നിർമ്മിക്കുമെന്ന പ്രസ്താവനക്ക് പിന്നാലെ പ്രതിരോധത്തിലായി കോൺഗ്രസ് എം.എൽ.എ ഡോ. ഇർഫാൻ അൻസാരി. കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തിൽ പങ്കുവച്ച സെൽഫി വിഡിയോയിലാണ് അദ്ദേഹത്തിന്‍റെ പരാമർശം. അന്താരാഷ്ട്ര നിലവാരമുള്ള 14 റോഡുകളുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. ജാർഖണ്ഡിലെ തന്റെ മണ്ഡലം കൂടിയായ ജംതാരയിലെ റോഡുകൾ ബോളിവുഡ് താരം കങ്കണ റണാവത്തിന്‍റെ കവിളുകളേക്കാൾ മിനുസമുള്ളതാക്കുമെന്നും അദ്ദേഹം വിഡിയോയിൽ പറഞ്ഞു.
ദീർഘ നേരം മാസ്ക് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നും മാസ്കുകൾ ധരിക്കുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് അൻസാരി നേരത്തെ രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു. രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലെ അൻസാരിയുടെ പ്രസ്താവന പ്രതിപക്ഷത്തു നിന്നും കോൺഗ്രസിൽ നിന്നുമുള്ള ഉൾപാർട്ടി വിമർശനങ്ങൾക്കും കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പരാമർശവുമായി അൻസാരിയുടെ രംഗപ്രവേശം.
2005ൽ ബിഹാറിലെ റോഡുകൾ നടി ഹേമ മാലിനിയുടെ കവിളുപോലെ മിനുസമാക്കുമെന്ന ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്‍റെ പ്രസ്താവന വലിയ കോലാഹലങ്ങളാണ് സൃഷ്ടിച്ചത്. 2021 നവംബറിൽ നിയമിതനായ രാജസ്ഥാൻ മന്ത്രി രാജേന്ദ്ര സിങ് സുധ റോഡുകളെ നടി കത്രീന കയ്ഫിന്‍റെ കവിളുകളോട് ഉപമിച്ചിരുന്നു. മഹാരാഷ്ട്രയിലെ ജൽഗാവോൻ ജില്ലയിലെ റോഡുകളെ ഹേമ മാലിനിയുടെ കവിളുകളോട് ഉപമിച്ച മഹാരാഷ്ട്ര മന്ത്രിയും, ശിവസേന മുതിർന്ന നേതാവുമായ ഗുലാബ്രറാവു പാട്ടീലിനെതിരെ രൂക്ഷ വിമർശനവുമായി വനിതാ കമ്മീഷൻ രംഗത്തെത്തിയതിനെ തുടർന്ന് മന്ത്രി കഴിഞ്ഞമാസം മാപ്പ് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.