ജെ.ഇ.ഇ മെയിൻ രജിസ്​ട്രേഷൻ: ആധാറിനായി രക്ഷിതാക്കൾ നെട്ടോട്ടത്തിൽ

കോട്ടയം: ഐ.ഐ.ടി–എൻ.ഐ.ടി–ഐ.ഐ.ഐ.ടിയടക്കം കേന്ദ്ര സഹായത്തോടെ രാജ്യത്ത് പ്രവർത്തിക്കുന്ന വിവിധ എൻജിനീയറിങ്–ആർക്കിടെക്ചർ–പ്ലാനിങ് സ്​ഥാപനങ്ങളിൽ പ്രവേശനത്തിനുള്ള ജോയൻറ് എൻട്രൻസ്​ എക്സാമിനേഷൻ (ജെ.ഇ.ഇ) മെയിൻ പരീക്ഷയുടെ രജിസ്​ട്രേഷന് ആധാർ കാർഡ് നിർബന്ധമാക്കിയത് ഗൾഫിലെ ഇന്ത്യൻ സ്​കൂളുകളിലെ ആയിരക്കണക്കിനു വിദ്യാർഥികളെ വലക്കുന്നു.

ഏപ്രിൽ രണ്ടിന് രാജ്യത്തെ 104 കേന്ദ്രങ്ങളിൽ നടക്കുന്ന പരീക്ഷയുടെ രജിസ്​ട്രേഷൻ ജനുവരി രണ്ടിന് അവസാനിക്കാനിരിക്കെ മക്കൾക്ക് ആധാർ കാർഡ് സംഘടിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് ഭൂരിപക്ഷം രക്ഷിതാക്കളും. അപേക്ഷകെൻറ ജനനത്തീയതി സംബന്ധിച്ച വ്യക്തതക്ക് വേണ്ടിയാണ് ആധാർ നിർബന്ധമാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം.

ജനനത്തീയതിയടക്കം അപേക്ഷയിൽ രേഖപ്പെടുത്തുന്ന വിവരങ്ങൾ ശരിയാണോയെന്ന് അറിയാനാണ് ആധാർ നിർബന്ധമാക്കിയതെന്ന് സി.ബി.എസ്​.ഇ അധികൃതർ അറിയിച്ചു. ആധാർ നമ്പർ രേഖപ്പെടുത്താത്ത അപേക്ഷ നിരസിക്കുമെന്നതിനാൽ പലരും അവധിയെടുത്ത് നാട്ടിലെത്തി കാർഡ് സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ്. ആധാറിന് അപേക്ഷകൻ നേരിട്ടെത്തണമെന്നതിനാൽ കുട്ടികളെയും ഒപ്പം കൂട്ടിയാണ് രക്ഷിതാക്കൾ എത്തുന്നത്. അപേക്ഷകെൻറ ഒറിജിനൽ സർട്ടിഫിക്കറ്റുകളും ഫോട്ടോയും വേണമെന്നതും വിരലടയാളം പതിപ്പിക്കേണ്ടതും രക്ഷിതാക്കളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. വൻസാമ്പത്തിക നഷ്ടവും നേരിടേണ്ടി വരുന്നു.

കേരളത്തിൽ കോഴിക്കോട്–തിരുവനന്തപുരം–എറണാകുളം എന്നിവിടങ്ങളിലാണ് പരീക്ഷ കേന്ദ്രങ്ങൾ. ഗൾഫ് രാജ്യങ്ങളിൽ മാത്രം 120ലധികം സ്​കൂളുകളുണ്ട്. സി.ബി.എസ്​.ഇ സിലബസിലുള്ള സ്​കൂളുകളിൽ എൻട്രൻസ്​ പരിശീനവും ഉള്ളതിനാൽ ജെ.ഇ.ഇ പരീക്ഷക്ക് അപേക്ഷകരുടെ വൻതിരക്കാണ്. പ്ലസ്​ ടു തലത്തിൽ കുറഞ്ഞത് അഞ്ചു വിഷയം എങ്കിലും എടുത്ത് പഠിച്ചിരിക്കണമെന്നതാണ് യോഗ്യത.

ഒരാൾ മൂന്ന് തവണയിൽ കൂടുതൽ ഈ പരീക്ഷ അഭിമുഖീകരിക്കാനും അനുവദിക്കില്ല. അതിനാൽ നിസ്സാരപ്രശ്നങ്ങളുടെ പേരിൽ പരീക്ഷയിൽനിന്ന് വിട്ടുനിൽക്കാനും ആരും തയാറാവില്ല. ഭൂരിപക്ഷം കുട്ടികളും പരീക്ഷ എഴുതുമെന്നതും പ്രത്യേകതയാണ്. പ്രവാസി വിദ്യാർഥികളിൽ ബഹുഭൂരിപക്ഷത്തിനും നിലവിൽ ആധാർ കാർഡില്ലെന്നാണ് വിവരം. എന്നാൽ, അടിയന്തരമായി കാർഡ് ലഭിക്കാനുള്ള സംവിധാനമുണ്ടെന്നും മതിയായ രേഖകൾ ഹാജരാക്കിയാൽ എത്രയും വേഗം കാർഡ് ലഭ്യമാക്കുമെന്നും റവന്യൂ അധികൃതർ അറിയിച്ചു. അക്ഷയകേന്ദ്രങ്ങളിലും അപേക്ഷിക്കാമെന്നതിനാൽ ആർക്കും ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും റവന്യൂ അധികൃതർ പറയുന്നു.

ഇത്തവണ ജെ.ഇ.ഇ മെയിൻ പരീക്ഷക്ക് ആധാർ കാർഡ് നിർബന്ധമാക്കുമെന്ന് കേന്ദ്രസർക്കാറും മനുഷ്യവിഭവശേഷി മന്ത്രാലയവും നേരത്തേ അറിയിച്ചിരുന്നു. അപേക്ഷകർക്ക് ആവശ്യമെങ്കിൽ സഹായം ലഭ്യമാക്കുമെന്ന് സി.ബി.എസ്​.ഇ സ്​കൂൾ അസോസിയേഷൻ പ്രസിഡൻറ് അഡ്വ. ടി.പി.എം. ഇബ്രാഹീംഖാൻ ‘മാധ്യമ’ത്തോട് പറഞ്ഞു.

Tags:    
News Summary - J.E.E main rajistration: parente run for aadhar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.