Representational Image
കോഴിക്കോട്: സൗദിയിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ജിദ്ദ, ഇന്ത്യയില്‍നിന്ന് അധ്യാപകരെ നിയമിക്കുന്നതിനായി നടത്തിയ പരീക്ഷയുടെ നടപടിക്രമങ്ങളിലെ വീഴ്ച മൂലം നിരവധി ഉദ്യോഗാര്‍ഥികള്‍ക്ക് ടെസ്റ്റ് എഴുതാനോ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനോ കഴിഞ്ഞില്ല. ഡല്‍ഹിയിലും ബംഗളൂരുവിലുമായിരുന്നു പരീക്ഷ കേന്ദ്രങ്ങൾ. ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് ദീര്‍ഘദൂരം യാത്ര ചെയ്ത് തലേ ദിവസം തന്നെ വന്ന് ഹോട്ടലുകളില്‍ താമസിച്ച് ടെസ്റ്റ് എഴുതാന്‍ എത്തിയര്‍ക്ക് നിരാശയോടെ മടങ്ങേണ്ടി വന്നു. ഇതേക്കുറിച്ച് പരീക്ഷാ സെന്ററിലുണ്ടായിരുന്ന ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ അധികൃതരോട് ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടി പോലും ലഭിച്ചില്ലെന്നാണ് ഉദ്യോഗാര്‍ഥികള്‍ പറയുന്നത്.
അപേക്ഷ നല്‍കിയ ഉദ്യോഗാര്‍ഥികള്‍ക്ക് ഡല്‍ഹിയിലും ബംഗളൂരുവിലുമാണ് ടെസ്റ്റിനും ഇന്റര്‍വ്യൂവിനുമുള്ള സെന്റര്‍ നിശ്ചയിച്ചിരുന്നത്. ഒരാഴ്ച മുന്‍പായിരുന്നു ഡല്‍ഹിയിലെ ടെസ്റ്റ്. ബംഗളൂരിവിലെ ടെസ്റ്റ് ജൂണ്‍ 22നും ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇന്റര്‍വ്യൂ 23നുമായിരിക്കുമെന്നായിരുന്നു ഉദ്യോഗാര്‍ഥികളെ അറിയിച്ചിരുന്നത്. ഇതുപ്രകാരമുള്ള ഹാള്‍ ടിക്കറ്റും മൂന്നാഴ്ച മുമ്പ് അയച്ചിരുന്നു. അതുപ്രകാരം ഇന്ന് (ജൂണ്‍ 22) ടെസ്റ്റ് എഴുതാന്‍ ചെന്നവരോട് ടെസ്റ്റ് ഇന്നലെ ആയിരുന്നുവെന്നും ഇക്കാര്യം ഇ-മെയില്‍ സന്ദേശത്തിലൂടെ അറിയിച്ചിരുന്നുവെന്നുമാണ് അവിടെയുണ്ടായിരുന്നവര്‍ പറഞ്ഞത്.
എന്നാല്‍, തങ്ങള്‍ക്ക് മെസേജ് ഒന്നും ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞുവെങ്കിലും അതിനു തങ്ങള്‍ ഉത്തരവാദികളല്ലെന്നും സന്ദേശം കിട്ടിയവര്‍ ടെസ്റ്റ് എഴുതാന്‍ വന്നിരുന്നുവെന്നും ടെസ്റ്റ് കഴിഞ്ഞുവെന്നുമായിരുന്നു മറുപടി. ഉദ്യോഗാര്‍ഥികളില്‍ കൊച്ചുകുട്ടികളുമായി കിലോമീറ്ററുകള്‍ യാത്ര ചെയ്ത് പരീക്ഷാ കേന്ദ്രത്തിലെത്തിയവരുമുണ്ട്. രാവിലെ 8.30ന് പരീക്ഷാ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നതിനാല്‍ തലേദിവസം വന്ന് പലരും ഹോട്ടലുകളില്‍ തങ്ങുകയായിരുന്നു. ഇതില്‍ കേരളത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികളും ഉണ്ട്.
മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണ് ടെസ്റ്റിനുളള തിയതി നിശ്ചയിച്ചതും അത് ഉദ്യോഗാര്‍ഥികളെ അറിയിച്ചതും. ഇന്ത്യയിലെ രണ്ട് സെന്ററുകളില്‍ മാത്രം നടത്തുന്ന ടെസ്റ്റില്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ക്ക് പങ്കെടുക്കണമെങ്കില്‍ മുൻകൂട്ടി അറിയിക്കേണ്ടത് ആവശ്യവുമാണ്. എന്നാല്‍, പരീക്ഷ നടക്കുന്നതിനു രണ്ടോ മൂന്നോ ദിവസം മുന്‍പ് പരീക്ഷ തിയതി ഒരു ദിവസം മുമ്പേ ആക്കി മാറ്റുകയും അത് അപേക്ഷകരില്‍ ചിലര്‍ക്കു മാത്രം ലഭിക്കുകയും ചെയ്തത് സംശയം ജനിപ്പിക്കുന്നതാണെന്ന് ഉദ്യോഗാർഥികൾ പറയുന്നു. ഇങ്ങനെ നേരത്തെയാക്കുമ്പോള്‍ ഉദ്യോഗാര്‍ഥികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളൊന്നും പരിഗണിക്കപ്പെടാതിരുന്നതും നീതീകരിക്കാനാവുന്നതല്ല.
അപേക്ഷകര്‍ക്ക് 50 വയസാണ് പരിധി നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിദേശ സ്‌കൂളുകളില്‍ ജോലിചെയ്തു പരിചയസമ്പന്നരായ ഉദ്യോഗാര്‍ഥികളും അപേക്ഷ അയച്ചിരുന്നു. ഇങ്ങനെയുള്ളവര്‍ക്കും ടെസ്റ്റിനുള്ള ഹാള്‍ ടിക്കറ്റ് അയച്ചിരുന്നു. ഇവരും ടെസ്റ്റിനു പോകുന്നതിനുള്ള ഒരുക്കമെല്ലാം പൂര്‍ത്തിയാക്കിയിരിക്കെ, പ്രായപരിധി കഴിഞ്ഞതിനാല്‍ നിങ്ങള്‍ പരീക്ഷ എഴുതാന്‍ യോഗ്യരല്ലെന്ന അറിയിപ്പാണ് രണ്ടു ദിവസം മുന്‍പ് ലഭിച്ചത്. അപേക്ഷ സൂക്ഷ്മ പരിശോധ നടത്തുമ്പോള്‍ പ്രായ പരിധി കഴിഞ്ഞവരെ പരിഗണിക്കുന്നില്ലെങ്കില്‍ ഹാള്‍ ടിക്കറ്റ് അയക്കേണ്ടതില്ലായിരുന്നു. എന്നാല്‍ എല്ലാവര്‍ക്കും ഹാള്‍ ടിക്കറ്റ് അയച്ച് ടെസ്റ്റിനു ക്ഷണിച്ചതുപ്രകാരം അവരും പരീക്ഷക്ക് തയാറായി അവസാന നിമിഷം മാത്രമാണ് അപേക്ഷ തള്ളിയതായുള്ള അറിയിപ്പു വന്നത്. ഹോട്ടല്‍ ബുക് ചെയ്തും യാത്രക്കാവശ്യമായ ടിക്കറ്റ് എടുത്തും തയാറായിരുന്ന ഇത്തരക്കാര്‍ക്കും വന്‍ സാമ്പത്തിക നഷ്ടവും മാസിക പ്രയാസവുമാണ് ഉണ്ടാക്കിയത്.
അധ്യാപക നിയമനത്തില്‍ ക്രമക്കേടുണ്ടെന്ന പരാതി നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഈ പരാതിയുടെ പകർപ്പ് വ്യാപകമായി സ്‌കൂള്‍ രക്ഷിതാക്കളുടെ ഗ്രൂപ്പില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് പരീക്ഷ തിയതി മാറ്റി ഉദ്യോഗാര്‍ഥികളെ വഞ്ചിച്ച നടപടിയും ഉണ്ടായിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.