അടക്കിവാണു എവിടെയും

രണ്ടു വയസ്സില്‍ പിതാവിനെ നഷ്ടപ്പെടുകയും ജീവിക്കാനായി മേക്കപ്പിടുകയും ചെയ്ത ജയലളിതയില്‍ കാലം നിറച്ച ആത്മവിശ്വാസം രാഷ്ട്രീയത്തിലും പ്രയോഗിക്കപ്പെട്ടു. എം.ജി.ആറിന് ശേഷം അണ്ണാ ഡി.എം.കെ എന്ന പാര്‍ട്ടിയുടെ ജീവാത്മാവും പരമാത്മാവുമായി അവര്‍ മാറി.

അപൂര്‍വ സന്ദര്‍ഭങ്ങളിലേ ജയലളിത മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാറുള്ളൂ. രാഷ്ട്രീയമായ തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കെ ഒരു കൂടിക്കാഴ്ചയില്‍ അവര്‍ പറഞ്ഞു: ‘സുഹൃത്തേ, ഞാന്‍ മുന്നോട്ട് മാത്രമേ നോക്കാറുള്ളൂ. കഴിഞ്ഞുപോയവയെക്കുറിച്ച് ആകുലപ്പെടാറില്ല.’ ഡസനോളം അഴിമതിക്കേസുകളില്‍ പ്രതിയായെങ്കിലും ജയലളിത ജീവിതത്തില്‍ രണ്ടു പ്രാവശ്യം മാത്രമാണ് ജയിലില്‍ കഴിഞ്ഞത്. ആകെ 49 ദിവസം. കളര്‍ ടി.വി കുംഭകോണ കേസില്‍ 1996 ഡിസംബര്‍ ഏഴുമുതല്‍ ജനുവരി മൂന്നുവരെ 27 ദിവസം ചെന്നൈയില്‍ തടവിലായി. വീണ്ടും 2014ല്‍ 66.65 കോടിയുടെ അനധികൃത സ്വത്ത് സമ്പാദന കേസില്‍  സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ 18 വരെ 22 ദിവസം ബംഗളൂരു ജയിലിലും.

മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് കുറ്റവാളിയായി ജയിലിലേക്ക് പോയ നേതാവ് അസൗകര്യങ്ങളുടെ നടുവില്‍ പരിഭവമില്ലാതെ കഴിഞ്ഞുകൂടി. മറ്റു തടവുകാരെ പാര്‍പ്പിച്ച സെല്ലിലാണ് ജയയെയും അടച്ചത്. കൊതുകു കടിയേറ്റു. ജയില്‍ ഭക്ഷണം കഴിച്ചു. ഇത്തരം പ്രതിസന്ധിഘട്ടങ്ങളില്‍നിന്ന് ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയരുന്ന ജയലളിതയെയാണ് പിന്നീട് കണ്ടത്.  ലോകം മുഴുവന്‍ അഴിമതിക്കാരിയായി ആഘോഷിച്ചപ്പോഴും അതിന്‍െറ ഭാവഭേദങ്ങള്‍ ആ ശരീര ഭാഷയില്‍ ആരു കണ്ടില്ല. വലിയൊരു ജനക്കൂട്ടത്തെ  ആരാധനാ വൃന്ദത്തിലേക്ക് എത്തിക്കാന്‍ സാധിച്ച ആത്മവിശ്വാസം ഗവേഷകരെ പോലും അതിശയിപ്പിച്ചു.  

ഏഴൈതോഴന്‍െറ കൈപിടിച്ച്
ജയ രാഷ്ട്രീയ ജീവിതത്തിലേക്ക്  എത്തിപ്പെട്ടത് തീര്‍ത്തും യാദൃച്ഛികമായാണ്. സിനിമാ നടി മാത്രമായിരുന്ന അവര്‍ 1982ല്‍  അണ്ണാ ഡി.എം.കെയില്‍ ചേര്‍ന്നു. പെണ്ണിന്‍ പെരുമൈ (സ്ത്രീ മഹത്ത്വം) എന്ന വിഷയത്തില്‍ എം.ജി.ആറിന്‍െറ സാന്നിധ്യത്തില്‍ ജയലളിത നടത്തിയ പ്രസംഗമാണ്  രാഷ്ട്രീയത്തിലേക്ക് വഴിതുറന്നത്.  ഇംഗ്ളീഷ് പ്രഭാഷണപാടവം  തിരിച്ചറിഞ്ഞ എം.ജി.ആര്‍ 1984ല്‍ അവരെ രാജ്യസഭയിലേക്കയച്ചു. എന്നാല്‍, ജയലളിത പാര്‍ട്ടിക്കകത്ത് പിടിമുറുക്കുന്നതില്‍ ഉന്നത നേതാക്കളില്‍ ഇതിനകം കടുത്ത അസംതൃപ്തി വളര്‍ന്നു.

 ’84ല്‍ എം.ജി.ആര്‍ ചികിത്സക്കായി അമേരിക്കയിലേക്ക് പോയ സന്ദര്‍ഭത്തില്‍ അധികാരം കൈയാളിയതും അതേവര്‍ഷം എം.ജി.ആറിന്‍െറ അസാന്നിധ്യത്തില്‍ നടന്ന ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പ്രചാരണത്തിന് നേതൃത്വം നല്‍കിയതും ജയലളിതയായിരുന്നു. ’87ല്‍ എം.ജി.ആറിന്‍െറ മരണശേഷം എ.ഐ.എ.ഡി.എം.കെ രണ്ടായി പിളരുന്നതിന് തമിഴകം സാക്ഷ്യം വഹിച്ചു. പാര്‍ട്ടി ചിഹ്നമായ ‘രണ്ടില’ തെരഞ്ഞെടുപ്പ് കമീഷന്‍ മരവിപ്പിച്ചു. ’88 ജനുവരി ഏഴിന് 96 നിയമസഭാംഗങ്ങളുടെ പിന്തുണയോടെ എം.ജി.ആറിന്‍െറ ഭാര്യ ജാനകി രാമചന്ദ്രന്‍ മുഖ്യമന്ത്രിയായപ്പോള്‍ ജയലളിത രാഷ്ട്രീയം ഉപേക്ഷിച്ചില്ല. പിന്നീട് ആറ് എം.എല്‍.എമാര്‍ക്ക് സ്പീക്കര്‍ അയോഗ്യത കല്‍പിച്ച സംഭവം വിവാദമായതോടെ, രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലെ അന്നത്തെ കേന്ദ്രസര്‍ക്കാര്‍ നിയമസഭ പിരിച്ചുവിടാന്‍ രാഷ്ട്രപതിയോട് ശിപാര്‍ശ ചെയ്തു.

പൂര്‍ണ രാഷ്ട്രീയം ഉപേക്ഷിച്ച ജാനകി രാമചന്ദ്രന്‍ താന്‍ പ്രതിനിധാനം ചെയ്യുന്ന അണ്ണാ ഡി.എം.കെയെ ജയലളിതക്കായി സമര്‍പ്പിച്ച് വിദേശത്തേക്ക് പറന്നു.
ഇതിനു മുമ്പ് എം.ജി.ആറിന്‍െറ ശവപേടകം വഹിച്ച വാഹനത്തില്‍നിന്ന് പുറത്തേക്ക് വീഴാന്‍ കാരണമായ ചവിട്ടും ജയലളിതയുടെ ആത്മവിശ്വാസം ഊതിക്കത്തിക്കാന്‍ സഹായിച്ചു.

Tags:    
News Summary - jayalalitha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.