ജയലളിതയുടെ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ ആര്‍ക്ക്

കോയമ്പത്തൂര്‍: ജയലളിത അന്തരിച്ചതോടെ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ ആരാണ് കൈകാര്യം ചെയ്യുകയെന്ന ചോദ്യമുയരുന്നു. കുടുംബത്തില്‍ പിന്തുടര്‍ച്ചാവകാശികളില്ലാത്ത സാഹചര്യത്തില്‍ ഉറ്റ തോഴി ശശികലക്ക് മാത്രമേ ഇതുസംബന്ധിച്ച വിവരങ്ങള്‍ അറിയുകയുള്ളൂ. സ്വത്തുക്കള്‍ തന്‍െറ പിന്‍കാലം ശശികല ഉള്‍പ്പെടെയുള്ള വ്യക്തികള്‍ക്കും ചില ട്രസ്റ്റുകള്‍ക്കും ഒസ്യത്തായി എഴുതിവെച്ചിട്ടുണ്ടെന്നും പറയുന്നു. യഥാര്‍ഥ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും. 

ജയലളിതയുടെയും ബിനാമികളുടെയും പേരില്‍ തമിഴ്നാട്ടിലും പുറം സംസ്ഥാനങ്ങളിലുമായി നിരവധി സ്വത്തുക്കളുണ്ട്. നീലഗിരി ജില്ലയിലെ കോടനാട് എസ്റ്റേറ്റില്‍ ബംഗ്ളാവുകളോടുകൂടിയ 898 ഏക്കര്‍ തേയിലത്തോട്ടമാണിതില്‍ പ്രധാനം. ഒരു ഏക്കറിന് സുമാര്‍ അഞ്ച് കോടി മതിപ്പുള്ളതിനാല്‍ ഈ സ്വത്തിന് മാത്രം 4000 കോടി രൂപ വരും. തിരുനല്‍വേലിയില്‍ 1,197 ഏക്കര്‍, വാലാജപേട്ടയില്‍ 200 ഏക്കര്‍, ഊത്തുക്കോട്ടയില്‍ 100 ഏക്കര്‍, ശിറുതാവൂരില്‍ 25 ഏക്കര്‍, കാഞ്ചിപുരത്തില്‍ 200 ഏക്കര്‍, തൂത്തുക്കുടി തിരുവൈകുണ്ഠത്ത് 200 ഏക്കര്‍, സ്വകാര്യ ആഗ്രോ ഫാമിന്‍െറ പേരില്‍ 100 ഏക്കര്‍, ഹൈദരാബാദിലെ 14.50 ഏക്കര്‍ മുന്തിരി തോട്ടം എന്നിങ്ങനെ വേറെയും. അവിഹിത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് ജയലളിതയുടെ പോയസ് ഗാര്‍ഡന്‍ തോട്ടത്തില്‍നിന്ന് 21.283 കിലോ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തിരുന്നു. 

ചെന്നൈയിലെ പോയസ് ഗാര്‍ഡനിലുള്ള 24,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള ‘വേദനിലയം’ വസതിക്കുമാത്രം 100 കോടിയിലധികം മതിപ്പുണ്ട്. 1967 ജൂലൈയില്‍ ജയലളിതയും അമ്മയും ചേര്‍ന്ന് 1.32 ലക്ഷം രൂപക്കാണ് പോയസ്ഗാര്‍ഡനിലെ വസതി വാങ്ങിയത്. 2015ല്‍ ചെന്നൈ ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച ജയലളിത തന്‍െറ പേരില്‍ മൊത്തം 117.13 കോടി രൂപയുടെ സ്വത്തുക്കളുണ്ടെന്ന് ഇലക്ഷന്‍ കമീഷനെ ബോധിപ്പിച്ചിരുന്നു.  


 

Tags:    
News Summary - jayalalitha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.