ആറാം തവണയും മുഖ്യമന്ത്രിപദത്തിലെത്തിയത് റെക്കോർഡിട്ട്

 

ചെന്നൈ: അണ്ണാഡി.എം.കെ എന്നാല്‍ പുരട്ച്ചി തലൈവി ജയലളിതയായിരുന്നു. തമിഴകത്തിന്‍െറ വികാരമായിരുന്ന പുരട്ച്ചിതലൈവര്‍ എം.ജി.ആറിന് നല്‍കിയ ഭരണത്തുടര്‍ച്ച ദ്രാവിഡ ജനത ജയലളിതയുടെ മുന്നിലും സമര്‍പ്പിച്ചു. 1977 മുതല്‍ 87ല്‍ മരിക്കുന്നതു വരെ തുടര്‍ച്ചയായി മൂന്ന് പ്രാവശ്യം എം.ജി.ആറാണ് തമിഴകം ഭരിച്ചത്. സംസ്ഥാനത്തിന്‍െറ മുഖ്യമന്ത്രിയായി തുടര്‍ച്ചയായി രണ്ടു തവണയും ജയലളിത അധികാരമേറ്റു. അഴിമതികേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇക്കാലത്ത് പുറത്തുപോകുകയും രണ്ട് പ്രാവശ്യം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത കണക്കെടുത്താല്‍ മുഖ്യമന്ത്രി കസേരയില്‍ അഞ്ചു ടേം അവർ പൂർത്തിയാക്കി. ആറാം വട്ടം വീണ്ടും ആ കസേരയിലെത്തി. പതിറ്റാണ്ടുകള്‍ രാഷ്ട്രീയ പാരമ്പര്യമുള്ള കലൈഞ്ജര്‍ക്ക് അഞ്ചുപ്രാവശ്യം മാത്രമാണ് മുഖ്യമന്ത്രി കസേരയിരിക്കാനുള്ള ഭാഗ്യം ഉണ്ടായതെന്ന് എടുത്ത് പറയേണ്ടതാണ്. 

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്രം ആവര്‍ത്തിക്കുകയായിരുന്നു. പ്രചാരണത്തിന്‍െറ അവസാന കാലത്തെ അണ്ണാഡി.എം.കെ-ഡി.എം.കെ ബലാബലത്തെയും പ്രതിപക്ഷത്തിന് മുന്‍തൂക്കമെന്ന എക്സിറ്റ് പോള്‍ അഭിപ്രായങ്ങളെയും മറികടക്കുന്നതാണ് ജയലളിത വിജയിച്ചത്. ചെന്നൈ ഉള്‍പ്പെടെ പ്രളയ ബാധിത നഗരങ്ങളില്‍ വോട്ടുകള്‍ കുറഞ്ഞു ഭരണവിരുദ്ധത പ്രകടമായപ്പോഴും ഗ്രാമങ്ങളിലെ എം.ജി.ആര്‍ ഭക്തര്‍ അണ്ണാഡി.എം.കെക്കൊപ്പം നിന്നു. 5.77 കോടി വോട്ടര്‍മാരില്‍ 4.28 കോടി പേര്‍ വോട്ട്ചെയ്തു 74.26 ശതമാനമായിരുന്നു പോളിങ് ശതമാനം. സ്ത്രീകളായിരുന്നു മുന്നില്‍. 2.16 കോടി സ്ത്രീകളും 2.12 കോടി പുരുഷന്‍മാരും വോട്ട് രേഖപ്പെടുത്തി. ജനക്ഷേമ പദ്ധതികളിലൂടെ ജന മനസ്സുകളില്‍ പ്രത്യേകിച്ച് വനിതകളോടൊപ്പം കൂട്ടുകൂടിയ ജയലളിത ആത്മവിശ്വാസത്തിന്‍െറ ബലത്തിലാണ് ചരിത്രത്തില്‍ ആദ്യമായി എല്ലാ സീറ്റുകളിലും പാര്‍ട്ടിയുടെ ചിഹ്നമായ രണ്ടിലയില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. അണ്ണാഡി.എം.കെ ഉദയം ചെയ്യുന്നതിന് മുമ്പുള്ള കാലത്ത് ഡി.എം.കെ പോലും ഇത്തരമൊരു സാഹസത്തിന് തുനിഞ്ഞിരുന്നില്ല.

ബഹുകോണ മത്സരം നടക്കുന്നതിനിടെ വിഭജിച്ച് പോയ പ്രതിപക്ഷ വോട്ടുകളാണ് അണ്ണാഡി.എം.കെയുടെ വിജയത്തിന് ഹേതുവായ മറ്റൊരു ഘടകം. ഇരു ദ്രാവിഡ പാര്‍ട്ടികളും സൗജന്യങ്ങള്‍ വാരിവിതറിയെങ്കിലും അമ്പത് ശതമാനം സബ്സിഡിയോടെ ഇരുചക്ര വാഹനവും മൊബൈല്‍ ഫോണും വിവിധ വിഭാഗങ്ങള്‍ക്ക് പ്രഖ്യാപിക്കപ്പെട്ട പെന്‍ഷന്‍ പദ്ധതികളും വോട്ടുവീഴ്ത്തി. ഘട്ടം ഘട്ടമായ മദ്യനിരോധനമെന്ന വാഗ്ദാനം സ്ത്രീകള്‍ തള്ളി ഒറ്റയടിക്ക് നിരോധനമെന്ന ഡി.എംകെയുടെ വാഗ്ദാനം അംഗീകരിക്കപ്പെട്ടതാണ് ഡി.എംകെയുടെ സീറ്റ് വര്‍ധിപ്പിച്ചത്. കേരളവും കര്‍ണ്ണാടകയുമായുള്ള ജലതര്‍ക്കങ്ങളിലെ കേന്ദ്ര ഏജന്‍സികളില്‍ നിന്ന് അനുകൂല തീരുമാനവും സഹായകമായി. കാര്‍ഷിക മേഖലകളില്‍ അണ്ണാഡി.എം.കെക്ക് കടന്ന് കയറാനായി. എങ്കിലും മധുരിക്കുന്നതല്ല ജയലളിതയുടെയും അണികളുടെയും വിജയം. ചെന്നൈ ആര്‍.കെ നഗറില്‍ ജയലളിതയുടെ ഭൂരിപക്ഷത്തിന് 1.10 ലക്ഷത്തിന്‍െറ കുറവുണ്ടായി. കഴിഞ്ഞവര്‍ഷം നടന്ന ഉപതെരഞ്ഞെടുപ്പിലെ ലഭിച്ച ഭൂരിപക്ഷം 1.50 ലക്ഷത്തില്‍ നിന്ന് 39, 537 ആയി കുറഞ്ഞു. ജയലളിതക്ക് 97,000 വോട്ടുകള്‍ കിട്ടി. ഡി.എം.കെ സ്ഥാനാര്‍ഥി അഡ്വ. ഷിംല മുത്തുചോഴന്‍ രണ്ടാംസ്ഥാനത്ത്. പ്രമുഖ മന്ത്രിമാരായ ഗോകുല ഇന്ദിര, വൈദ്യലിംഗം, നത്തം വിശ്വനാഥന്‍ എന്നിവര്‍ തോറ്റു. ഭരണപക്ഷ എം.എല്‍.എമാരുടെ ഭൂരിപക്ഷം കുറഞ്ഞിട്ടുണ്ട്.

പ്രളയം ആഞ്ഞടിച്ച വടക്കന്‍ തമിഴകത്തെ പിന്നോക്കം പോയതും മന്ത്രിസഭയിലെ പ്രമുഖരുടെ പിന്നോട്ടടിയും ഭരണവിരുദ്ധത ചെറിയ തോതില്‍ ഏകീകരിക്കപ്പെട്ടതായി കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. ചെന്നൈ ജില്ലയിലെ 16 മണ്ഡലങ്ങളില്‍ അഞ്ചിടത്ത് മാത്രമാണ് അണ്ണാഡി.എം.കെ വിജയിച്ചത്. പതിനൊന്നിടത്തും ഡി.എം.കെ വിജയിച്ചു. കഴിഞ്ഞ നിയമസഭാ -ലോക്സഭാ തെരഞ്ഞെടുപ്പിലും കിട്ടിയ മൃഗീയ ഭൂരിപക്ഷം തമിഴകം ഇക്കുറി നല്‍കാഞ്ഞതു അമ്മക്കുള്ള മക്കളുടെ മുന്നറിയിപ്പായിരുന്നു. 

Tags:    
News Summary - jayalalitha death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.