ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ പ്രതിഷേധത്തെരുവായ ജന്ദർമന്ദറിലും പാർലമെൻറ് സ്ട്രീറ്റിലും സമരം ചെയ്യാൻ ഉപാധികളുമായി ഡൽഹി പൊലീസ്. പാർലമെൻറ് സ്ട്രീറ്റിൽ 2,000 ആളുകൾ വരെയുള്ള പ്രതിഷേധവും ജന്ദർമന്ദറിൽ 1,000 ആളുകൾ ഉള്ള പ്രതിഷേധവും മാത്രമേ ഇനി പൊലീസ് അനുമതി നൽകൂ. ഇന്ത്യാ ഗേറ്റിന് സമീപമുള്ള ബോട്ട് ക്ലബിൽ 100 ആളുകൾ വരേയുള്ള പ്രതിേഷധത്തിനും അനുമതി നൽകും.
ജന്ദർമന്ദറിലെ സമരം പൂർണമായും നിരോധിച്ച ഹരിത ട്രൈബ്യൂണൽ വിധി സുപ്രീംകോടതി റദ്ദാക്കിയതിന് പിന്നാലെയാണ് ഡൽഹി പൊലീസ് ഉപാധികളോടെ മാത്രമേ അനുവദിക്കൂ എന്ന നിർദേശം പുറപ്പെടുവിച്ചത്. ഒരേസമയം, രണ്ടിലധികം പ്രതിഷേധങ്ങൾ അനുവദിക്കില്ല, കോലം കത്തിക്കനോ ഭക്ഷണം പാകംചെയ്യാനോ മറ്റോ പാടില്ല. നേരത്തേ നൽകിയ അനുമതി അംഗീകരിച്ചാൽ മാത്രമേ ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടുള്ളൂ.
ഉച്ചഭാഷണി അനുവദിക്കുകയാണെങ്കിൽതന്നെ രാവിലെ 11 മുതൽ വൈകീട്ട് നാലുവരെ സമയം നൽകുക, 2,000 ആളുകൾക്ക് മുകളിൽ നടക്കുന്ന പ്രതിഷേധം രാംലീല മൈതാനിയിൽ അനുവദിക്കും തുടങ്ങി നിർദേശങ്ങൾ ഡൽഹി പൊലീസ് മുന്നോട്ടു വെച്ചു. സമരം പൂർണമായും നിരോധിച്ച ഹരിത ട്രൈബ്യൂണൽ വിധിക്കെതിരെ കിസാൻ ശക്തി സംഘട്ടനാണ് സുപ്രീംകോടതിയെ സമീപിച്ചത്.
പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടനയുടെ കീഴിൽ മൗലികാവകാശമെന്ന നിലയിൽ അംഗീകരിച്ചിട്ടുണ്ടെന്നും ഒരു പ്രത്യേക സ്ഥലത്ത് മാത്രേമേ സമരം നടത്താൻ പാടുള്ളൂ എന്നു പറയാൻ ആർക്കും സാധിക്കില്ലെന്നും വ്യക്തമാക്കി ട്രൈബ്യൂണൽ വിധി സുപ്രീംകോടതി തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.