മസാജ് ചെയ്തത് ഫിസിയോതറാപിസ്റ്റല്ല പീഡനക്കേസ് പ്രതി; സത്യേന്ദര്‍ ജെയിന്‍റെ വിഡിയോയിൽ വിശദീകരണവുമായി ജയിൽ അധികൃതർ

ന്യൂഡൽഹി: ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിന് ജയിലിൽ വി.ഐ.പി പരിഗണന ലഭിക്കുന്നതായുള്ള ആരോപണങ്ങൾക്ക് പിന്നാലെ വിശദീകരണവുമായി തിഹാർ ജയിൽ അധികൃതർ. മന്ത്രിക്ക് ജയിലിൽ വെച്ച് മസാജ് ചെയ്ത് നൽകിയത് ഫിയോതറാപിസ്റ്റ് അല്ലെന്നും ബലാത്സംഗ കേസിലെ പ്രതിയാണെന്നും ജയിൽ അധികൃതര്‍ അറിയിച്ചു.

ബലാത്സംഗ കേസിലെ പ്രതി റിങ്കുവാണ് മന്ത്രിക്ക് മസാജ് ചെയ്ത് നൽകിയതെന്ന് ജയിൽ അധികൃതർ പറഞ്ഞു. പത്താം ക്ലാസ് വിദ്യാര്‍ഥിയായ സ്വന്തം മകളെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഇയാള്‍. തടവുകാരൻ മന്ത്രിയുടെ കാലും തലയും മസാജ് ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ ബി.ജെ.പിയാണ് പുറത്തുവിട്ടത്. ജെയ്ന് ജയിലിൽ വി.ഐ.പി പരിഗണന ലഭിക്കുന്നുണ്ടെന്ന് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ച് ദിവസങ്ങൾക്ക് ശേഷമാണ് വിഡിയോ പുറത്തുവന്നത്.

മസാജ് ചികിത്സയുടെ ഭാഗമാണെന്നായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ വിശദീകരണം. ഓക്‌സിജൻ കുറഞ്ഞതിനെ തുടർന്ന് സത്യേന്ദർ ജെയിനിന് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. മരുന്നിനൊപ്പം ചികിത്സയുടെ ഭാഗമായി അക്യുപ്രഷർ മസാജും നടത്തിയിരുന്നതായി എ.എ.പി വ്യക്തമാക്കിയിരുന്നു.

മെയ് 30നാണ് സത്യേന്ദറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. മന്ത്രിയുടെ അറസ്റ്റ് ഡൽഹി എ.എ.പി സർക്കാറും കേന്ദ്ര സർക്കാറും തമ്മിൽ പുതിയ യുദ്ധത്തിന് വഴിയൊരുക്കിയിരുന്നു. ഇത് കള്ളക്കേസാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആരോപിച്ചിരുന്നു. കൊൽക്കത്ത കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് സത്യേന്ദർ ജെയിൻ അറസ്റ്റിലായത്. അദ്ദേഹത്തിന്‍റെ 4.81 കോടി മൂല്യമുള്ള സ്വത്ത് വകകൾ നേരത്തെ കണ്ടുകെട്ടിയിരുന്നു.

Tags:    
News Summary - Jailed Delhi Minister Massaged By Man Accused Of Raping His Child

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.