മോദിയുടെ ഇന്ത്യയിൽ മുസ്​ലിമായിരിക്കുക ഭീകരം, ശ്രീനഗറിൽ അഗ്​നിപർവതം പുകയുന്നു, ഏത്​ നിമിഷവും പൊട്ടിത്തെറിക്കാം -ഫാറൂഖ്​ അബ്​ദുല്ല

നരേന്ദ്ര മോദി ഭരിക്കുന്ന ഇന്ത്യയിൽ മുസ്​ലിം ആയിരിക്കുക എന്നത്​ അങ്ങേയറ്റം ഭയങ്കരമായ അവസ്ഥയാണെന്ന്​ മുൻ കശ്​മീർ മുഖ്യമന്ത്രി ഫാറൂഖ്​ അബ്​ദുല്ല. 'ദി വയർ' ഓൺലൈൻ ചാനലിൽ പ്രമുഖ മാധ്യമപ്രവർത്തകൻ കരൺ ഥാപ്പറിന്​ നൽകിയ അഭിമുഖത്തിലാണ്​ ഫാറൂഖ്​ അബ്​ദുല്ലയുടെ അഭിപ്രായ പ്രകടനം.

കശ്​മീരിലെ ജനങ്ങൾ അങ്ങേയററം പ്രതീക്ഷ നശിച്ചവരായിരിക്കുന്നു. ശ്രീനഗറിൽ ഒരു അഗ്​നിപർവതം പുകഞ്ഞുകൊണ്ടിരിക്കുന്നു. ഏത്​ നിമിഷവും എന്തും സംഭവിക്കാവുന്ന അവസ്ഥയാണുള്ളതെന്നും ഫാറൂഖ്​ അബ്​ദുല്ല അഭിമുഖത്തിൽ മുന്നറിയിപ്പ്​ നൽകി. അഭിമുഖത്തിലുടനീളം പൊട്ടിക്കരഞ്ഞുകൊണ്ടാണ്​ കശ്​മീരിലെ നിലവിലെ അവസ്ഥ സംബന്ധിച്ച്​ അദ്ദേഹം വിവരിക്കുന്നത്​.

കശ്​മീരിനേക്കാൾ ജമ്മുവിൽ നിയമസഭ സീറ്റുകളുടെ എണ്ണം വർധിപ്പിച്ച വിഷയത്തിലും രൂക്ഷമായാണ്​ അദ്ദേഹം പ്രതികരിച്ചത്​. ജമ്മു കശ്മീരില്‍ നിലവിലുള്ളതിന് പുറമെ ഏഴ് പുതിയ നിയമസഭാ മണ്ഡലങ്ങള്‍ കൂടി ഉള്‍പ്പെടുത്താനായിരുന്നു ഇതിനായി ചുമതലപ്പെടുത്തിയ മണ്ഡല പുനര്‍നിര്‍ണയ കമ്മിഷന്‍റെ നിര്‍ദേശം. ജമ്മു മേഖലയില്‍ ആറും കശ്മീര്‍ മേഖലയില്‍ ഒരു അധിക സീറ്റിനുമാണ് ശുപാര്‍ശ. ജമ്മുവിനെകാൾ 50 ലക്ഷം ആളുകൾ കശ്മീരില്‍ അധികമുണ്ട്​ എന്ന്​ സെൻസസ്​ പറയുമ്പോഴാണ്​ ഈ നടപടി. ഇത്​ എന്തിനു വേണ്ടിയാണെന്നും അദ്ദേഹം ചോദിക്കുന്നു. കശ്മീരിനെ പൂർണമായും മറന്നുകൊണ്ടുള്ള ഒരു നടപടിയാണിത്​. സർക്കാർ രൂപീകരിക്കുക എന്ന അവരുടെ സ്വപ്​ന പൂർത്തീകരണത്തിന്​ വേണ്ടിയാണ്​ ഇതൊക്കെ ചെയ്യുന്നത്​.

ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും അനുകൂല തീരുമാനം ഉണ്ടാകുമെന്ന്​ പ്രതീക്ഷിക്കുമെന്ന്​ കരുതുന്നതായും ഫാറൂഖ്​ അബ്​ദുല്ല പറഞ്ഞു. ഇന്ത്യ ഒരു സമ്പൂർണ മതേതര രാജ്യം ആയിരുന്നു. ഈ രാജ്യം ഇപ്പോൾ ഭരിക്കുന്നവർ അത്​ വർഗീയമാക്കി മാറ്റി. അവർ രാജ്യത്തെ ജനങ്ങളെ വിഭജിച്ചു. ഹിന്ദുക്കളെ മുസ്​ലിംകൾക്കും കൃസ്ത്യാനികൾക്കും എതിരെ തിരിച്ചുവിട്ടു. കശ്മീരിലെ ജനങ്ങൾ ഡൽഹിയിലെ ഭരണം വെറുത്തുകഴിഞ്ഞു. കരിനിയമങ്ങൾ ചുമത്തി നിരപരാധികൾ ഇന്നും ജയിലുകളിലാണ്​. മാധ്യമങ്ങൾ സത്യം പറയുന്നില്ല. അവ ഭരണകൂടത്തിനൊപ്പമാണ്​. തെരഞ്ഞെടുപ്പിൽ പോരാടാൻ തന്നെയാണ്​ എന്‍റെയും പാർട്ടിയുടെയും തീരുമാനം. എനിക്ക്​ ദൈവത്തിൽ വിശ്വാസമുണ്ട്​. എന്‍റെ ജനത തിരികെ വരും.

വിഭജനവും ആൾക്കൂട്ട​ ആക്രമണങ്ങളുംആണ്​ എങ്ങും. ഇതിന്​ മാറ്റം വരണം. ഇത്​ ഗാന്ധിയുടെയും നെഹ്​റുവിന്‍റെയും ഇന്ത്യ അല്ലാതായിരിക്കുന്നു. തിരസ്കരിക്കപ്പെട്ടവർ എന്ന ചിന്തയാണ്​ കശ്മീരിലെ ജനങ്ങൾക്കുള്ളത്​. അവർക്കായി ആരും സംസാരിക്കുന്നില്ല എന്ന തോന്നലും അവർക്കുണ്ട്​. ഒരു പ്രതീക്ഷയും നിലവിൽ ഇല്ല. ശ്രീനഗറിൽ ഒരു അഗ്​നിപർവതം പുകയുന്നുണ്ട്​. ഒരിക്കൽ അത്​ പൊട്ടിത്തെറിക്കും. ആർക്കും ഒന്നും ചെയ്യാനാവില്ല. ഞങ്ങൾക്ക്​ ചൈനയിലേക്ക്​ പോകാനാവില്ല. പാകിസ്താനിലേക്കും പോകാനാവില്ല. ഞങ്ങൾ ഈ രാജ്യത്തിന്‍റെ ഭാഗമാണ്​. അത്​ ഇവിടെയുള്ളവർ തിരിച്ചറിയണം.

ഞങ്ങൾ ഗാന്ധിയുടെ ഇന്ത്യയുടെ ഭാഗമാണ്​. ഞങ്ങൾക്ക്​ ഗോഡ്​സെയുടെ ഇന്ത്യ വേണ്ട. മിസ്​റ്റർ മോദിയെ കുറിച്ച്​ അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിൽ ഒരു സിവിൽ വാർ ഉടൻ പൊട്ടിപ്പുറപ്പെടും എന്നാണോ താങ്കൾ പറഞ്ഞുവെക്കുന്നത്​ എന്ന ചോദ്യത്തിന്​ ഇതിന്​ ഉത്തരം പറയാൻ കരൺ എന്നെ നിർബന്ധിക്കരുത്​ എന്നായിരുന്നു മറുപടി. എന്‍റെ ജനങ്ങൾ എത്രമാത്രം സഹിക്കുന്നുവെന്ന്​ ഓരോ ദിവസവും ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ്​. ഒരു മാധ്യമത്തിലും സത്യസന്ധമായ വാർത്തകൾ വരുന്നില്ല. ലെഫ്​റ്റനന്‍റ്​ ഗവർണറുടെയും പൊലീസ്​ ജനറലിന്‍റെയും വാർത്തകളാണ്​ അവയിൽ നിറയെ.

ഇന്ത്യ അപകടത്തിലാണ്​ എന്ന യാഥാർഥ്യം രാഷ്ട്രീയ നേതാക്കൾ തിരിച്ചറിയുന്നില്ല. രാജ്യവും ജനങ്ങളും തങ്ങൾക്ക്​ ശേഷം മാത്രമാണെന്നാണ്​ അവർ പറയുന്നത്​. പ്രതിപക്ഷ ഐക്യം ഉണ്ടായേ മതിയാകൂ. മതതീവ്രവാദികൾക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസ്​ ഒപ്പം നിന്നില്ല എന്നൊരു തോന്നൽ മമതക്കുണ്ട്​. ഇതേ തോന്നൽ എനിക്കുമുണ്ട്​. അതൊക്കെ മറന്ന്​ ഒന്നിച്ചുനിൽക്കണം എന്നാണ്​ എല്ലാവരോടും പറയാനുള്ളത്​. പരസ്പരം പൊറുത്തും ക്ഷമിച്ചും മാത്രമേ അത്​ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. ഈ ദുരന്തത്തിലൂടെ എത്രകാലം നമുക്ക്​ മുന്നോട്ട്​ പോകാനാകും. അദ്ദേഹം ചോദിക്കുന്നു. 

Tags:    
News Summary - ‘It Is Terrible to Be a Muslim in Modi’s India’: Farooq Abdullah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.