വീടുകൾക്കുള്ള ഗ്യാസിന്റെ തൂക്കം കുറക്കുന്നു, വിലയിലും മാറ്റം ഉണ്ടായേക്കും; തീരുമാനം ഉടൻ

ന്യൂഡൽഹി: ഇസ്രായേലും അമേരിക്കയും ചേർന്ന് ഇറാനെ ആക്രമിച്ചതിന് പിന്നാലെ ലോകമാകെ രൂപപ്പെട്ട പാചകവാതക പ്രതിസന്ധിയുടെ രൂക്ഷത കുറക്കാൻ നീക്കവുമായി എണ്ണ കമ്പനികൾ. വീടുകളിൽ ഉപയോഗിക്കുന്ന എൽ.പി.ജി സിലിണ്ടറുകളിൽ നിറക്കുന്ന പാചകവാതകത്തിന്റെ അളവ് കുറക്കാനാണ് ശ്രമം. 14.2 കിലോ ഗ്യാസാണ് നിലവിൽ സിലിണ്ടറുകളിൽ നിറക്കുന്നത്. ഇത്, 10 കിലോ ആയി കുറക്കും. ഇതിലൂടെ കൂടുതൽ പേരിലേക്ക് സിലിണ്ടർ എത്തിക്കാം എന്നാണ് കണക്കുകൂട്ടൽ.

തൂക്കം കുറക്കുന്നതിന് അനുസരിച്ച് വിലയിലും കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതാണ്ട് മൂന്നിലൊന്ന് തൂക്കമാണ് കുറയുന്നത്. വിലയിൽ ഇത്രതന്നെ മാറ്റം ഉണ്ടാകുമോ എന്ന് കണ്ടറിയണം. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഗാർഹിക, വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കൂട്ടിയിരുന്നു. 14.2 കി.ഗ്രാം ഗാർഹിക സിലിണ്ടറിന് 60 രൂപയും വാണിജ്യ സിലിണ്ടറിന് 115 രൂപയുമാണ് കൂട്ടിയത്. കമ്പനികള്‍ നിയമപരമായ അനുമതി വാങ്ങിയ ശേഷമാകും ഇത് നടപ്പാക്കുകയെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കമ്പനികളുടെ കണക്കനുസരിച്ച്, ഒരു ശരാശരി കുടുംബത്തിന് 14.2 കിലോഗ്രാം സിലിണ്ടർ 35-40 ദിവസമാണ് ഉപയോഗിക്കുന്നത്. 10 കിലോഗ്രാം ആക്കിയാൽ ഏകദേശം ഒരു മാസത്തേക്ക് ഉപയോഗിക്കാം. അതേസമയം, എൽപിജി ബുക്കിങ് ഇടവേള 25ൽ നിന്ന് 45 ദിവസമായി വർധിപ്പിച്ചിരിക്കുകയാണ്. അളവ് കുറക്കുന്നതിനോപ്പം ബുക്കിങ് ഇടവേള കുറച്ചി​ല്ലെങ്കിൽ 10 കിലോ ഗ്യാസ് സിലിണ്ടര്‍ 45 ദിവസം ഉപയോഗിക്കേണ്ടിവരും.

അളവുകുറക്കാനുള്ള നിർ​ദേശം സർക്കാർ അംഗീകരിച്ചാൽ ബോട്ട്ലിങ് പ്ലാന്റുകളിൽ തൂക്ക സംവിധാനം പുനഃക്രമീകരിക്കണം. അളവ് കുറച്ചത് സംബന്ധിച്ച് പുതിയ സ്റ്റിക്കർ സിലിണ്ടറുകളിൽ പതിക്കുകയും ചെയ്യും. വില ആനുപാതികമായി കുറയ്ക്കുമെന്നും കമ്പനി അധികൃതർ പറയുന്നു. എൽപിജി ലഭ്യത കുറയുന്നതിനാൽ അടുത്ത മാസം വിതരണം കൂടുതൽ വഷളായേക്കാമെന്നും അത് പരിഹരിക്കാൻ ഇത്തരം മാർഗങ്ങൾ ആശ്രയിക്കുക മാത്രമാണ് വഴിയെന്നും കമ്പനികൾ മുന്നറിയിപ്പ് നൽകുന്നു.

പ്രതിദിനം 93,500 ടൺ എൽ‌പി‌ജിയാണ് ഇന്ത്യയിൽ ഉപയോഗിക്കുന്നത്. ഇതിൽ 80,400 ടൺ അഥവാ 86 ശതമാനവും വീടുകൾക്കും ബാക്കി 14 ശതമാനം വാണിജ്യ ആവശ്യത്തിനുമാണ് ഉപയോഗിക്കുന്നത്. രാജ്യത്ത് 40 ശതമാനം മാത്രമാണ് ഉൽപാദിപ്പിക്കുന്നത്. ബാക്കി 60 ശതമാനത്തിന് ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. യുദ്ധത്തിന് മുമ്പ് ഗൾഫിൽ നിന്നാണ് ഇതിന്റെ 90% കൊണ്ടുവന്നിരുന്നത്. എന്നാൽ, ഹുർമൂസ് കടലിടുക്ക് അടച്ചതോടെ പ്രതിസന്ധി കനക്കുകയായിരുന്നു. 

Tags:    
News Summary - israel us Iran war: OMCs plan smaller LPG cylinders to boost supply, consider-reducing-lpg-cylinder-weight-to-10kg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.