തമിഴ്നാട്ടിൽ ബി.ജെ.പിക്ക് ബൂമറാങ്ങായി അണ്ണാമലൈയുടെ ജയലളിതവിരുദ്ധ പരാമർശം: സഖ്യത്തെക്കുറിച്ച് പുനരാലോചിക്കുമെന്ന് എ.ഐ.എ.ഡി.എം.കെ

ചെന്നൈ: മുൻ മുഖ്യമന്ത്രി ജയലളിത അഴിമതിക്കാരിയാണെന്ന തരത്തിൽ സംസാരിച്ച ബി.ജെ.പി തമിഴ്നാട് പ്രസിഡണ്ട് അണ്ണാമലൈക്കെതിരെ സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെ ​പ്രതിഷേധം കടുപ്പിച്ചു. നിരുത്തരവാദപരവും അപക്വവും രാഷ്ട്രീയ പരിചയവുമില്ലാത്ത പ്രസ്താവനയാണ് അണ്ണാ​മലൈയുടേതെന്ന് മുൻ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറിയുമായ എടപ്പാടി പളനിസ്വാമി പ്രതികരിച്ചു.

അന്തരിച്ച ജയലളിതയെ ഗൂഢലക്ഷ്യത്തോടെയാണ് ബി.ജെ.പി നേതാവ് അധിക്ഷേപിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. അണ്ണാ​മലൈക്കെതിരെ പാർട്ടിയുടെ ജില്ല സെക്രട്ടറിമാർ പ്രമേയം അവതരിപ്പിച്ചെന്നും പളനിസ്വാമി അറിയിച്ചു. വിപ്ലവ നേതാവും ഇദയ ദൈവവുമായ (ഹൃദയത്തിലെ ദേവത) ജയലളിതയുടെ സൽപേരിനെ ആസൂത്രിതമായി അണ്ണാമലൈ കളങ്കപ്പെടുത്തിയെന്ന് പ്രമേയത്തിൽ പറയുന്നു.

ജയലളിതയെ കുറിച്ച് അണ്ണാമ​ലൈ പറഞ്ഞത്:

1991 മുതൽ 96 വരെയായിരുന്നു തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ അഴിമതി നടന്നതെന്നായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പറഞ്ഞത്. 1991 മുതൽ 96 വരെ ജയലളിതയുടെ ഭരണകാലമായിരുന്നു. നിരവധി മുഖ്യമന്ത്രിമാർ ജയലിൽ കിടന്നതിനാലാണ് തമിഴ്നാടിനെ ഏറ്റവും വലിയ അഴിമതി സംസ്ഥാനമെന്ന് വിളിക്കുന്നതെന്നും അണ്ണാ​മലൈ ആരോപിച്ചിരുന്നു.

അണ്ണാമലൈയെ നിയന്ത്രിച്ചില്ലെങ്കിൽ സഖ്യത്തെക്കുറിച്ച് പുനരാലോചിക്കാൻ നിർബന്ധിതരാകുമെന്ന് മുൻ മന്ത്രി ഡി. ജയകുമാർ പറഞ്ഞു. എ.ബി വാജ്പേയ്, എൽ.കെ അദ്വാനി, നരേന്ദ്ര മോദി എന്നിവർക്കും മറ്റ് ദേശീയ നേതാക്കൾക്കും ജയലളിതയോട് ആദരവും ബഹുമാനവുമായിരുന്നെന്ന് എ.ഐ.എ.ഡി.എം.കെ പ്രമേയത്തിൽ ചുണ്ടിക്കാട്ടി. 20 വർഷത്തിന് ശേഷം ബി.ജെ.പിക്ക് നിയമസഭയിൽ അംഗങ്ങളെ കിട്ടിയതിന് കാരണം എടപ്പാടി പളനിസ്വാമിയാണെന്നും പ്രമേയം ഓർമിപ്പിക്കുന്നു. പളനിസ്വാമി അധ്യക്ഷനായ യോഗത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. എതിർവിഭാഗം നേതാവ് ഒ. പന്നീർ സെൽവവും അണ്ണാമ​ലൈക്കെതിരെ രംഗത്തെത്തി.

മന്ത്രിയുടെ അറസ്റ്റിൽ തമിഴ്നാട് തിളച്ചു മറിയുന്നു

തമിഴ്നാട് വൈദ്യുതി-എക്സൈസ് മന്ത്രി സെന്തിൽ ബാലാജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത് സംസ്ഥനത്ത് പുതിയ രാഷ്ട്രീയ കോളിളക്കത്തിന് വഴിയൊരുക്കുന്നു. 2011-15ൽ ജയലളിതയുടെ കാലത്ത് സെന്തിൽ ഗതാഗത മന്ത്രിയായിരുന്നപ്പോൾ മെട്രോ ട്രാൻസ്​പോർട്ട് കോർപറേഷൻ നിയമനങ്ങൾക്ക് കോഴ വാങ്ങിയെന്ന് ആരോപിച്ചുള്ള കേസിലാണ് അറസ്റ്റ്. അറസ്റ്റിന് പിന്നാലെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തളർന്നുവീണ ബാലാജിയെ ആശുപത്രിയിലേക്ക് മാറ്റി. അറസ്റ്റിന് പിന്നാലെ ഡി.എം.കെ നേതാക്കളും പ്രവർത്തകരും ആശുപത്രിയിലെത്തിയെങ്കിലും ബാലാജിയെ കാണാൻ ആരെയും അനുവദിച്ചില്ല. കടുത്ത മനുഷ്യാവകാശലംഘനമാണ് നടക്കുന്നതെന്ന് ഡി.എം.കെ നേതാവ് ഇളങ്കോ പറഞ്ഞു. ബി.ജെ.പി വിരട്ടിയാൽ തങ്ങൾ പേടിക്കില്ലെന്നായിരുന്നു ഉദയ്‌നിധി സ്റ്റാലിന്റെ പ്രതികരണം.

ജയലളിതയുടെ കീഴിൽ മന്ത്രിയായിരുന്ന ബാലാജി ​‘ജോലിക്ക് കോഴ’കേസിൽ ആരോപണം നേരിട്ടിരുന്നു. പിന്നീട് ഡി.എം.കെയിലേക്ക് കൂടുമാറിയ ഇദ്ദേഹത്തിനെതിരെ പൊലീസ്, ഇ.ഡി അന്വേഷണം നടത്താൻ സുപ്രീംകോടതി അനുമതി നൽകിയിരുന്നു. കഴിഞ്ഞ മാസം ആദായനികുതി ഉദ്യോഗസ്ഥർ ബാലാജിയുടെ അടുപ്പക്കാരുടെ വീടുകളിൽ പരിശോധന നടത്തിയതിന് പിന്നാലെയാണ് ഇ.ഡിയുടെ വരവ്. ആന്റി കറപ്ഷൻ മൂവ്മെന്റും ഇ.ഡിയുമാണ് മ​ദ്രാസ് ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.

അതേസമയം, കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി രാഷ്ട്രീയ എതിരാളികളെ പിൻവാതിലിലൂടെ ഭീഷണിപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആരോപിച്ചു. ‘രാഷ്ട്രീയമായി നേരിടാൻ കഴിയാത്തതിനാൽ നടത്തുന്ന പിൻവാതിൽ ഭീഷണി വിജയം കാണില്ല. അത് അവർ തന്നെ തിരിച്ചറിയുന്ന സമയം അടുത്തിരിക്കുന്നു’- സ്റ്റാലിൻ പ്രസ്താവനയിൽ പറഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റിൽ കയറി മന്ത്രിയുടെ ഓഫിസിൽ പരിശോധിച്ചത് ഫെഡറലിസത്തി​നേറ്റ കളങ്കമാണെന്നും തമിഴ്നാട് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. അമിത് ഷായുടെ തമിഴ്നാട് സന്ദർശനം കഴിഞ്ഞ് രണ്ടു ദിവസത്തിനു ശേഷമാണ് ഇ.ഡി റെയ്ഡെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി.

Tags:    
News Summary - "Irresponsible": AIADMK Slams Tamil Nadu BJP Chief K Annamalai Over Jayalalithaa Dig

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.