സി.ബി.ഐ തലപ്പത്ത് മോദിയുടെ ഇഷ്ടക്കാരന്‍; പ്രതിഷേധവുമായി പ്രതിപക്ഷം

 ന്യൂഡല്‍ഹി: സി.ബി.ഐ തലപ്പത്ത് ഇഷ്ടക്കാരനെ പ്രതിഷ്ഠിച്ച മോദി സര്‍ക്കാറിന്‍െറ നടപടിക്കെതിരെ പ്രതിപക്ഷം രംഗത്ത്. കടുത്ത പ്രതിഷേധം അറിയിച്ച് ലോക്സഭയിലെ കോണ്‍ഗ്രസ് സഭാനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി. നിയമനം നിയമവിരുദ്ധമാണെന്നും അംഗീകരിക്കാനാകില്ളെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി.

സി.ബി.ഐ ഡയറക്ടര്‍  സ്ഥാനത്തുനിന്ന് അനില്‍ സിന്‍ഹ  വിരമിച്ച ഒഴിവിലാണ്  ഗുജറാത്ത് കേഡര്‍ ഐ.പി.എസ് ഓഫിസറായ രാകേഷ് അസ്ഥാനയെ നിയമിച്ചത്.
സി.ബി.ഐ ഡയറക്ടര്‍ പദവി നല്‍കാതെ, ചുമതലയാണ് രാകേഷ് അസ്ഥാനക്ക് നല്‍കിയത്. 10 വര്‍ഷത്തിനിടെ ആദ്യമായാണ്  സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് സ്ഥിരം നിയമനം നടത്താതെ ചുമതല മാത്രം നല്‍കുന്നത്. 

സീനിയോറിറ്റി പ്രകാരം സി.ബി.ഐ ഡയറക്ടര്‍ പദവിക്ക് അര്‍ഹനായ സി.ബി.ഐ സ്പെഷല്‍ ഡയറക്ടര്‍ ആര്‍.കെ. ദത്തയെ മറികടന്നായിരുന്നു നിയമനം. അസ്ഥാനക്കായി ദത്തയെ സി.ബി.ഐയില്‍നിന്ന് ആഭ്യന്തര മന്ത്രാലയത്തില്‍ സ്പെഷല്‍ സെക്രട്ടറിയായി സ്ഥലം മാറ്റുകയും ചെയ്തു. ആഭ്യന്തര മന്ത്രാലയത്തില്‍ രണ്ടാമതൊരു സ്പെഷല്‍ സെക്രട്ടറിയുടെ തസ്തിക സൃഷ്ടിച്ചായിരുന്നു സ്ഥലം മാറ്റം.

പ്രധാനമന്ത്രി, ലോക്സഭ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങിയ കൊളീജിയമാണ് സി.ബി.ഐ തലവനെ തെരഞ്ഞെടുക്കേണ്ടത്.  അനില്‍ സിന്‍ഹ പടിയിറങ്ങിയിട്ടും  പകരക്കാരനെ നിയമിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ കൊളീജിയം യോഗം വിളിച്ചില്ല.  അന്വേഷണ ഏജന്‍സികളുടെ കാര്യത്തില്‍ സ്വജനപക്ഷപാതം അവസാനിപ്പിക്കണമെന്നും കൊളീജിയം വിളിച്ചുചേര്‍ത്ത് പുതിയ ഡയറക്ടറെ തീരുമാനിക്കണമെന്നും ഖാര്‍ഗെ കത്തില്‍ ആവശ്യപ്പെട്ടു.

 

Tags:    
News Summary - IPS officer Rakesh Asthana to take over as interim CBI chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.