ബംഗാളിലെയും അസമിലെയും കുടി​യേറ്റ ജനസംഖ്യ അളക്കാൻ അതിർത്തി സർവെയുമായി രഹസ്യാന്വേഷണ ഏജൻസികൾ

ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ബംഗാളിലെയും അസമിലെയും പ്രദേശങ്ങളിലെ, പ്രത്യേകിച്ച് ഗണ്യമായ മുസ്‍ലിം ജനസംഖ്യയുള്ള മേഖകളിലെ ജനസംഖ്യാപരമായ മാറ്റത്തിന്റെ വ്യാപ്തി അളക്കാൻ സർവേയുമായി രഹസ്യാന്വേഷണ ഏജൻസികൾ. ഇരു സംസ്ഥാനങ്ങളിലും അടുത്തുവരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഈ നീക്കം, മുസ്‍ലിംകളുടെ മതപരമായ പ്രൊഫൈലിങ് ആരോപണങ്ങൾക്ക് വഴിവെച്ചേക്കുമെന്ന് ‘ദ ടെലഗ്രാഫ്’ റിപ്പോർട്ട്​ ചെയ്യുന്നു.

എന്നാൽ, ബന്ധപ്പെട്ട സ്രോതസ്സുകൾ ഇതിന്റെ രാഷ്ട്രീയ ലക്ഷ്യം നിഷേധിക്കുകയാണ്. അതിർത്തി പട്ടണങ്ങളിലെ തീവ്രവാദ ഘടകങ്ങളുടെ സാന്നിധ്യം നിരീക്ഷിക്കാൻ ഉദ്ദേശിച്ചുള്ള അസമിലെയും ബംഗാളിലെയും അതിർത്തി ജനസംഖ്യയുടെ പതിവ് വിശകലനം മാത്രമാണിതെന്നാണ് വാദം. ഇത്തരം സർവേകൾ മുമ്പും നടത്തിയിട്ടുണ്ടെന്ന് ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ പറഞ്ഞതായി വാർത്താ പോർട്ടൽ പറയുന്നു.

ഒപ്പം, ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട് അതിർത്തി പ്രദേശങ്ങളിലെ, പ്രത്യേകിച്ച് മുസ്‍ലിം പോക്കറ്റുകളിലെ ജനസംഖ്യാപരമായ മാറ്റങ്ങളെക്കുറിച്ചുള്ള ഡാറ്റ അപ്‌ഡേറ്റ് ചെയ്യുന്നതിനാണ് നിലവിലെ സർവേ നടത്തുന്നതെന്നും അദ്ദേഹം പറയുന്നു.

ബംഗാളിലെ വോട്ടർ പട്ടികയിൽ പ്രത്യേക തീവ്ര പരിഷ്കരണം നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ച സമയത്താണ് ഈ സർവേ വരുന്നത്. വോട്ടർമാരുടെ പൗരത്വം തെളിയിക്കാൻ അത് ആവശ്യപ്പെടുന്നു. എസ്.ഐ.ആറിൽ ‘വോട്ടർ ലിസ്റ്റ് കൃത്രിമത്വം’ പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിട്ടുമുണ്ട്.

ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്റെ രാഷ്ട്രീയ രക്ഷാകർതൃത്വത്തിനു കീഴിൽ ബംഗാളിൽ ‘ഭയാനകമായ ജനസംഖ്യാപരമായ മാറ്റം’ ഉണ്ടെന്ന് ബി.ജെ.പി അവകാശപ്പെടുന്നു. നിരവധി അതിർത്തി മണ്ഡലങ്ങളിൽ വോട്ടർമാരുടെ എണ്ണത്തിൽ കുത്തനെ വർധനയുണ്ടായതായും ആരോപിക്കുന്നു.

മെയ് മുതൽ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നൂറുകണക്കിന് ബംഗാളി സംസാരിക്കുന്ന കുടിയേറ്റ തൊഴിലാളികളെ, കൂടുതലും മുസ്‍ലിംകളെ പൊലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചതായി ആരോപണമ​ുയർന്നിരുന്നു. ഇത് ആയിരക്കണക്കിന് ആളുകളെ ബംഗാളിലേക്ക് മടങ്ങാൻ പ്രേരിപ്പിച്ചു.

കഴിഞ്ഞ മാസം കൊൽക്കത്ത സന്ദർശിച്ച മോദി, ‘നുഴഞ്ഞുകയറ്റക്കാർ’ രാജ്യത്തിന്റെ വിഭവങ്ങളിലും അടിസ്ഥാന സൗകര്യങ്ങളിലും സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് പറഞ്ഞിരുന്നു. കൂടാതെ ഈ അനധികൃത കുടിയേറ്റക്കാരിൽ നിന്ന് ബംഗാളിനെ മോചിപ്പിക്കാൻ ബി.ജെ.പിക്ക് വോട്ട് ചെയ്യാനും ജനങ്ങളെ പ്രേരിപ്പിച്ചു. വോട്ടുകൾ നേടുന്നതിനായി മമത ബാനർജി സർക്കാർ നുഴഞ്ഞുകയറ്റത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് മോദി ആരോപിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി സംസ്ഥാനങ്ങളിൽ നടക്കുന്ന സർവേ ‘രാഷ്ട്രീയ പ്രേരിത’മാണെന്ന് ഒരു മുൻ ഐ.ബി ഉദ്യോഗസ്ഥൻ പറഞ്ഞതായി ‘ടെലഗ്രാഫ്’ റി​​പ്പോർട്ട് ചെയ്തു. അല്ലെങ്കിൽ, ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിൽ ഇത്തരമൊരു സർവേ നടത്താത്തത് എന്തുകൊണ്ടെന്നും അദ്ദേഹം ചോദിച്ചു. വലതുപക്ഷവാദവും മുസ്‍ലിം വിരുദ്ധതയും പ്രചരിപ്പിക്കുന്നതിനിടെ നടക്കുന്ന ഈ സർവേ, ന്യൂനപക്ഷങ്ങൾക്കിടയിൽ തങ്ങൾ നിരീക്ഷണത്തിലാണെന്നും വ്യവസ്ഥാപിതമായുള്ള ചാരപ്പണിക്ക് ഇരകളാക്കപ്പെടുകയും ചെയ്യുമെന്ന ഭയം ജനിപ്പിക്കുമെന്നും അദ്ദേഹം വാദിച്ചു. ‘ഇത്തരം വംശീയവും മതപരവുമായ പ്രൊഫൈലിങ് ഫലപ്രദമല്ലാത്ത പൊലീസിങ്ങിന്റെ മാത്രമല്ല, നികുതിദായകരുടെ പണം പാഴാക്കുന്നതിന്റെയും ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Intelligence agencies conduct survey at border to gauge migrant population in Bengal and Assam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.