ഷില്ലോങ്: ഹണിമൂൺ യാത്രക്കിടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യസൂത്രധാരയെന്ന് കരുതപ്പെടുന്ന ഭാര്യക്ക് മേഘാലയ കോടതി ജാമ്യം അനുവദിച്ചു. ഇൻഡോർ സ്വദേശിയായ ഗതാഗത വ്യവസായി രാജ രഘുവംശിയുടെ മരണത്തിൽ പ്രതിയായ സോനത്തിനാണ് ജാമ്യം ലഭിച്ചത്. ഈ തീരുമാനത്തിനെതിരെ രാജയുടെ കുടുംബം മേഘാലയ ഹൈകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം മേയ് 23നാണ് ഹണിമൂൺ യാത്രക്കിടെ രാജ രഘുവംശിയെ മേഘാലയയിൽ നിന്ന് കാണാതാകുന്നത്. തുടർന്ന് നടത്തിയ തിരച്ചിലിൽ ജൂൺ 2ന് മേഘാലയയിലെ ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലുള്ള സോഹ്‌റയിലെ ഒരു വെള്ളച്ചാട്ടത്തിന് സമീപത്തെ കൊക്കയിൽ നിന്ന് രാജയുടെ വികൃതമാക്കപ്പെട്ട മൃതദേഹം കണ്ടെത്തുകയായിരുന്നു. ഭാര്യ സോനവും അവരുടെ കാമുകനും ഉൾപ്പെടെ എട്ടുപേർ ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
തന്റെ മകന്റെ കൊലപാതകത്തിന് പിന്നിലെ പ്രധാനി സോനമായിരുന്നിട്ടും അവർക്ക് എങ്ങനെ ജാമ്യം ലഭിച്ചുവെന്ന് മനസ്സിലാകുന്നില്ലെന്ന് രാജയുടെ അമ്മ ഉമ മാധ്യമങ്ങളോട് പറഞ്ഞു. മേഘാലയ പൊലീസ് ഒൻപത് മാസത്തോളം കൃത്യമായി അന്വേഷണം നടത്തിയ കേസിൽ പെട്ടെന്ന് കാര്യങ്ങൾ മാറിയത് ദുരൂഹമാണെന്നും അവർ ആരോപിച്ചു. നീതിക്കായി സി.ബി.ഐ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട നിയമപരമായ നടപടിക്രമങ്ങൾ പൊലീസ് പാലിച്ചില്ലെന്നും, അറസ്റ്റ് ചെയ്യാനുള്ള കാരണം കൃത്യമായി സോനത്തെ ബോധിപ്പിച്ചിട്ടില്ലെന്നുമാണ് അവരുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. ഇത് കണക്കിലെടുത്താണ് കീഴ്ക്കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ അന്വേഷണത്തിൽ അട്ടിമറി നടന്നിട്ടുണ്ടെന്നും തങ്ങൾക്ക് ചാർജ് ഷീറ്റിന്റെ പകർപ്പ് പോലും നൽകിയിട്ടില്ലെന്നും രാജയുടെ സഹോദരൻ വിപിൻ രഘുവംശി ആരോപിച്ചു.
2025 ജൂൺ 9ന് ഉത്തർപ്രദേശിലെ ഗാസിപൂരിൽ നിന്നാണ് സോനത്തെ അറസ്റ്റ് ചെയ്തത്. പത്ത് മാസത്തിലേറെയായി ഇവർ ഷില്ലോങ് ജില്ലാ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. സോനവും കാമുകൻ രാജ് കുശ്‌വാഹയും ഉൾപ്പെടെ എട്ടുപേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി സെപ്റ്റംബറിൽ മേഘാലയ പൊലീസ് 790 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരുന്നു. ഈ വിധി ചോദ്യം ചെയ്ത് വരും ദിവസങ്ങളിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് കുടുംബത്തിന്റെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.