ചൊവ്വാഴ്ച വ്യോമയാന മന്ത്രാലയത്തിലെത്തിയ ഇൻഡിഗോ സി.ഇ.ഒ പീറ്റർ എൽബേഴ്സ് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു കിഞ്ചരപുവുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ |ഫോട്ടോ: X/@RamMNK| 

ശൈത്യകാലത്ത് വിമാനയാത്രയിൽ തിരക്കേറിയേക്കും; ഇൻഡിഗോയുടെ 10 ശതമാനം സർവീസുകൾ വെട്ടിക്കുറച്ച് വ്യോമയാന മന്ത്രാലയം

ന്യൂഡൽഹി: ഇൻഡിഗോ എയർലൈൻസിന്റെ ആഭ്യന്തര സർവീസുകളുടെ എണ്ണം വെട്ടിക്കുറച്ച് വ്യോമയാന മന്ത്രാലയം. 10 ശതമാനം സർവീസുകളാണ് കുറച്ചത്. ഇതോടെ, ശൈത്യകാലത്ത് രാജ്യത്ത് വിവിധ കേന്ദ്രങ്ങളിലേക്കുള്ള വിമാനയാത്രക്ക് തിരക്കേറിയേക്കും.

ഇന്ന്, രാവിലെ അഞ്ചുശതമാനം സർവീസുകൾ വെട്ടിക്കുറക്കുമെന്നാണ് ഡി.ജി.സി.എ അറിയിച്ചിരുന്നത്. എന്നാൽ, വൈകീട്ടോടെ ഇത് 10 ശതമാനമാക്കി ഉയർത്തുകയായിരുന്നു.

പ്രതിദിനം 2,200 ലധികം ആഭ്യന്തര വിമാന സർവീസുകളാണ് ഇൻഡിഗോ നടത്തുന്നത്. നിലവിലെ നിയന്ത്രണത്തോടെ പ്രതിദിനം 216-ഓളം സർവീസുകൾ കുറയും. വാസ്തവത്തിൽ, ഇൻഡിഗോയുടെ കൂടുതൽ സർവീസുകൾ റദ്ദായേക്കാമെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. നിലവിലെ സാഹചര്യത്തിൽ 2,200ന് പകരം 1,800-1,900 സർവീസുകളേ ഇൻഡിഗോക്ക് നടത്താനായേക്കൂ.

ഇൻഡിഗോ സി.ഇ.ഒ പീറ്റർ എൽബേഴ്സിനെ ചൊവ്വാഴ്ച മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തി വിവരങ്ങളാരാഞ്ഞതായി വ്യോമയാന മന്ത്രി റാം മോഹൻ നായിഡു കിഞ്ചരപു പറഞ്ഞു. ​സംഭവത്തിൽ അന്വേഷണവും അനുബന്ധ നടപടികളും പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

‘ഡിസംബർ ആറുവരെ ബാധിച്ച വിമാനങ്ങളിൽ ടിക്കറ്റ് റദ്ദായവർക്ക് 100 ശതമാനം റീഫണ്ടുകളും പൂർത്തിയായതായി ഇൻഡിഗോ സി.ഇ.ഒ പീറ്റർ എൽബേഴ്സ് സ്ഥിരീകരിച്ചു. ബാക്കി റീഫണ്ടുകളും ബാഗേജ് കൈമാറ്റവും പൂർത്തിയാക്കാൻ കർശന നിർദ്ദേശം നൽകി. ഇൻഡിഗോയുടെ സർവീസുകളിൽ കൂടുതൽ നിയന്ത്രണം ആവശ്യമുണ്ടെന്നാണ് മന്ത്രാലയം കരുതുന്നത്. ഇത് എയർലൈനിന്റെ പ്രവർത്തനങ്ങൾ സാധാരണ നിലയിലാക്കാനും റദ്ദാക്കലുകൾ കുറക്കാനും സഹായിക്കും. നിലവിൽ, 10 ശതമാനം സർവീസുകൾ വെട്ടിക്കുറച്ച് ഉത്തരവിട്ടിട്ടുണ്ട്. നിർദേശങ്ങൾ പാലിച്ചു​​കൊണ്ട് ഇൻഡിഗോ മുമ്പത്തെപ്പോലെ തന്നെ സർവീസുകൾ തുടരും,’ കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു എക്സിലെ കുറിപ്പിൽ വ്യക്തമാക്കി.

അതേസമയം, ഇൻഡിഗോയുടെ പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്കെത്തുകയാണെന്ന് സി.ഇ.ഒ പീറ്റർ എൽബേഴ്സ് ചൊവ്വാഴ്ച വ്യക്തമാക്കി. ടിക്കറ്റ് റദ്ദായ ഉപയോക്താക്കൾക്ക് മുഴുവൻ തുകയും റീഫണ്ട് ചെയ്യുന്നത് തുടരുകയാണെന്നും പീറ്റർ എൽബേഴ്സ് പറഞ്ഞു.

‘വിമാനങ്ങളിൽ കുടുങ്ങിയ ഭൂരിഭാഗം ബാഗുകളും യാത്രക്കാർക്ക് എത്തിച്ച് നൽകിക്കഴിഞ്ഞു. യാത്രക്കാരുടെ വിവിധ ആവശ്യങ്ങൾ കേട്ടറിഞ്ഞ് പരിഹരിക്കുന്നുണ്ട്. തിങ്കളാഴ്ച വരെ 138 കേന്ദ്രങ്ങളിലേക്ക് സർവീസുകൾ സാധാരണനിലയിലായി. സർക്കാറുമായി പൂർണമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. പ്രതിസന്ധി വിശദമായി പരിശോധിച്ച്‍ വരികയാണ്. നിലവിലെ സാഹചര്യത്തിന്റെ കാരണങ്ങൾ തിരിച്ചറിയുന്നതിനൊപ്പം ഇതിൽ നിന്നുമുൾക്കൊള്ളേണ്ട പാഠങ്ങളെന്താണെന്നും എങ്ങിനെ കരുത്തരായി തിരിച്ചെത്താമെന്നുമാണ് പരിശോധിക്കുന്നത്,’ എൽബേഴ്സ് പറഞ്ഞു.

ഇൻഡിഗോയുടെ സേവനങ്ങൾ അതിവേഗം പൂർവ നിലയിലാവുന്നുണ്ടെന്നും സ്ഥിരത കൈവരിക്കുന്നുണ്ടെന്നും വ്യോമയാന വകുപ്പ് മന്ത്രി രാം മോഹൻ നായിഡുവും ചൊവ്വാഴ്ച ലോക്സഭയെ അറിയിച്ചു. ഇൻഡിഗോ പ്രതിസന്ധിയിൽ ലോക്സഭയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ഒരുവിമാനക്കമ്പനിയെയും യാത്രക്കാരെ ബുദ്ധിമുട്ടിക്കാൻ അനുവദിക്കില്ല. ഇതര കമ്പനികളുടെ വിമാനങ്ങൾ തടസമില്ലാതെ സർവീസ് തുടരുന്നുണ്ട്. വിമാനത്താവളങ്ങൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഇൻഡിഗോയുടെ വ്യാപകമായ ഫ്ലൈറ്റ് റദ്ദാക്കൽ മൂലമുണ്ടായ പ്രതിസന്ധിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആശങ്ക പ്രകടിപ്പിച്ചു. നിയമങ്ങളും ചട്ടങ്ങളും സംവിധാനത്തെ ശരിയാക്കാനാണെന്നും ജനങ്ങളെ ഉപദ്രവിക്കാനല്ലെന്നും മോദി പറഞ്ഞു.

Tags:    
News Summary - IndiGo flight cut doubled to 10%; airline may operate even lesser flights

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.