അഞ്ചാം ദിനം സർക്കാർ ഉണർന്നു; വിമാന ടിക്കറ്റ് കൊള്ളക്ക് മൂക്കുകയർ; 500 കി.മീ വരെ 7500 രൂപ; ഫെയർ ക്യാപ് ലംഘിച്ചാൽ നടപടി

ന്യൂഡൽഹി: ഇൻഡിഗോ എയർലൈൻസ് പ്രതിസന്ധി മുതലെടുത്ത് നിരക്ക് വർധിപ്പിച്ച് തീവെട്ടികൊള്ള നടത്തുന്ന വിമാനകമ്പനികൾക്ക് തടയിട്ട് കേന്ദ്ര സർക്കാറിന്റെ ഇടപെടൽ. വിമാന മുടക്കം അഞ്ചാം ദിനത്തിലേക്ക് നീങ്ങുകയും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാർ പെരുവഴിയിലാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് മറ്റു എയർലൈൻസുകൾ നിരക്ക് വർധിപ്പിച്ച് പെരു കൊള്ള നടത്തുന്നത്. ഇതോടെയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം നിരക്ക് വർധന തടയുന്നതിനായി നിരക്ക് പരിധി നിശ്ചയിച്ചുകൊണ്ട് ഫെയർകാപ് പ്രഖ്യാപിച്ചത്. നിശ്ചിത നിരക്കിന് മുകളിൽ ടിക്കറ്റ് ഈടാക്കാൻ പാടില്ലെന്നാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. കോവിഡ് കാലത്താണ് സമാനമായ രീതിയിൽ വ്യോമയാന മന്ത്രാലയം ഫെയർക്യാപ് പ്രഖ്യാപിച്ച് നിരക്ക് വർധന പിടിച്ചു കെട്ടാൻ ഇട​പെട്ടത്.

ഒരോ ദൂര പരിധിക്കും നിശ്ചിത തുകയിൽ കൂടുതൽ ടിക്കറ്റുകൾ ഈടാക്കരുതെന്ന് ശനിയാഴ്ച പുറപ്പെടുവിച്ച നിർദേശത്തിൽ വ്യക്തമാക്കുന്നു.

വ്യോമ പ്രതിസന്ധിക്കിടയിൽ ചില എയർലൈൻ കമ്പനികൾ അസാധാരണമാം വിധം ടിക്കറ്റ് നിരക്കുയർത്തിയത് ഗൗരവത്തോടെ പരിഗണിക്കുന്നതായും, ഈ സാഹചര്യത്തിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും കൊള്ളയടിക്കുന്നത് തടയാനും മന്ത്രാലയത്തിന് ഉത്തരവാദിത്തമുണ്ടെന്നും വ്യക്തമാക്കി. പ്രതിസന്ധി ബാധിച്ച റൂട്ടുകളിലെ വിമാനനിരക്ക് മന്ത്രാലയം നിരീക്ഷിക്കും.

വ്യോമയാന മന്ത്രാലയം നിശ്ചയിച്ച പരിധി

  • 500 കിലോമീറ്റർ വരെ 7,500 രൂപ
  • 500 കി.മീ മുതൽ 1000 കി.മീ വരെ 12,000 രൂപ
  • 1000-1500 കി.മീ വരെ 15,0000 രൂപ
  • 1500 കി.മീ മുകളിൽ 18,000രൂപ

യൂസർ ഡെവലപ്മെന്റ് ഫീ (യു.ഡി.എഫ്), പാസഞ്ചർ സർവീസ് ഫീസ് (പി.എസ്.എഫ്), ടാക്സ് എന്നിവ ഉൾപ്പെടെതെയാണ് ഈ നിരക്ക്. ബിസിനസ് ക്ലാസിനും പരിധി ബാധകമല്ല.

പ്രതിസന്ധി അവസാനിക്കുന്നത് വരെ ഈ നിയന്ത്രണം പാലിക്കുന്നത് ഡി.ജി.സി.എയും കേന്ദ്ര വ്യോമയാന മന്ത്രാലയും ഉറപ്പാക്കും.

എയർലൈൻ കമ്പനികളിലെ നേരിട്ട് ബുക്കിങ്ങുകളിലും, ട്രാവൽ പോർടലുകൾ വഴിയുള്ള ബുക്കിങ്ങുകളിലും നിയന്ത്രണം ബാധകമാണ്.

നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി സർവീസ് വർധിപ്പിച്ചും, കൂടുതൽ സീറ്റുകൾ നീക്കിവെച്ചും മറ്റു വിമാനകമ്പനികൾ സഹകരിക്കണമെന്നും നിർദേശം നൽകി.

പുതിയ നിരക്ക് പരിധികൾ കർശനമായി പാലിക്കണമെന്ന് എല്ലാ വിമാനക്കമ്പനികൾക്കും ഔദ്യോഗിക നിർദേശം നൽകിയതായി വ്യോമയാന മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നത് വരെ ഫെയർ ക്യാപ് പരിധി തുടരും. ടിക്കറ്റ് നിരക്ക് നിർണയത്തിൽ അച്ചടക്കം ഉറപ്പാക്കുക, ദുരിതത്തിലായ യാത്രക്കാരെ ചൂഷണം ചെയ്യുന്നത് തടയുക, മുതിർന്ന പൗരന്മാർ, വിദ്യാർത്ഥികൾ, രോഗികൾ എന്നിവരുൾപ്പെടെ അടിയന്തര യാത്രക്കാരെ  കൊള്ളയടിക്കുന്നത് തടയുക എന്നിവയാണ് ലക്ഷ്യം.

അതേസമയം, അഞ്ചാം ദിവസത്തിലേക്ക് കടന്ന വ്യോമ യാത്രാ പ്രതിസന്ധിയിൽ കഴിഞ്ഞ ദിവസങ്ങളിലൊന്നും കാര്യമായി ഇടപെടാതെ നോക്കി നിന്ന കേന്ദ്ര സർക്കാറിനെതിരെയും വിമർശനം ശക്തമാണ്. കഴിഞ്ഞ ദിവസങ്ങളിൽ യഥാർത്ഥ നിരക്കിനേക്കാൾ മൂന്നും നാലും ഇരട്ടിയാണ് മറ്റു വിമാനകമ്പനികൾ ഇടാക്കിയത്. 10,000 രൂപയുടെ റൂട്ടിൽ 30,000ത്തിലേക്കും മറ്റുമായി ഉയർന്നുവെന്ന് വ്യാപക പരാതിയാണ് ഉയർന്നത്.

അതേസമയം കേന്ദ്ര സർക്കാറിന്റെ ഇടപെടലിനു പിന്നാലെയും വിമാനകമ്പനികളുടെ കൊള്ള തുടരുന്നുവെന്ന പരാതിയുമായി യാത്രക്കാർ രംഗത്തെത്തി. മന്ത്രിയുടെ ‘എക്സ്’ പേജിൽ അറിയിപ്പിനു താളെയും സ്ക്രീൻ ഷോട്ടുകൾ പങ്കുവെച്ചുകൊണ്ടാണ് യാത്രക്കാർ പ്രതിഷേധം അറിയിക്കുന്നത്.

അഞ്ചാം ദിനമായ ശനിയാഴ്ചയും ഇൻഡിയോ യാത്രാ പ്രതിസന്ധിക്ക് കുറവില്ല. ഡൽഹി, മുംബൈ, കൊൽക്കത്ത, ബംഗളൂരു, ചെന്നൈ, കൊച്ചി തുടങ്ങി വിവിധ വിമാനത്താവളങ്ങളിൽ നിന്നുള്ള നിരവധി വിമാനങ്ങൾ അഞ്ചാം ദിനവും സർവീസ് മുടക്കി. ലക്ഷക്കണക്കിന് യാത്രക്കാരാണ് സമാനതയില്ലാത്ത പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ പെരുവഴിയിലായത്.

Tags:    
News Summary - Indigo crisis: Govt imposes fair cap on airlines amid surge in air ticket prices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.