ബർലിൻ: കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാറിനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി. രാജ്യത്തെ ഭരണഘടന സ്ഥാപനങ്ങളെ ബി.ജെ.പി ആയുധമാക്കി മാറ്റുകയാണെന്ന് രാഹുൽ പറഞ്ഞു. ബർലിനിൽ നടന്ന പരിപാടിയിൽസംസാരിക്കുമ്പോഴാണ് രാഹുലിന്റെ പരാമർശം.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും ബി.ജെ.പി രാഷ്ട്രീയ എതിരാളികളെ തകർക്കാനാണ് ഉപയോഗിക്കുന്നത്. ഏതെങ്കിലുമൊരു ബിസിനസുകാരൻ കോൺഗ്രസുമായി ബന്ധപ്പെട്ടാൽ ഉടൻ അയാളെ തകർക്കുന്നതിനായി ഈ ഏജൻസികൾ രംഗത്തെത്തുകയാണെന്ന് രാഹുൽ ആരോപിച്ചു.
ഇന്ത്യയിൽ ജനാധിപത്യം ആക്രമണത്തിനിരയാവുകയാണ്. അതിനെതിരെ ഒരു സഖ്യമുണ്ടാക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളിൽ കൃത്രിമം നടന്നു. മഹാരാഷ്ട്രയിൽ നടന്ന തെരഞ്ഞെടുപ്പ് അതിന്റെ ഉദാഹരണമാണ്. ഇതിനെതിരെ വലിയ പോരാട്ടം ഉയർത്തികൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ഒരുവിഭാഗം ജനങ്ങൾ പ്രധാനമന്ത്രി മോദിയെ ഇഷ്ടപ്പെടുന്നുണ്ട്. എന്നാൽ, മറുവിഭാഗത്തിന് അദ്ദേഹത്തിനെ ഇഷ്ടമല്ല. പരസ്പരം പോരടിക്കാനാണ് മോദിയുടെ നയം ഇന്ത്യയിലെ ജനങ്ങളോട് ആവശ്യപ്പെടുന്നത്. അത് വലിയ രീതിയിൽ ഇവിടെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. എന്നാൽ, രാഹുലിന്റെ ആരോപണങ്ങൾക്കെതിരെ രൂക്ഷഭാഷയിലാണ് ബി.ജെ.പി പ്രതികരിച്ചത്. രാജ്യത്തെ സ്നേഹിക്കുന്ന ഒരാൾക്ക് ഇങ്ങനെ ആഗ്രഹിക്കാൻ കഴിയുമോയെന്നായിരുന്നു ബി.ജെ.പിയുടെ ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.