കോയമ്പത്തൂര്‍: തൂത്തുക്കുടി ജില്ലയിലെ തിരുച്ചെന്തൂര്‍ മണപ്പാട് കടലില്‍ ബോട്ട് മറിഞ്ഞ് ഒമ്പത് വിനോദസഞ്ചാരികള്‍ മരിച്ചു. ഇവരില്‍ നാല് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടും. രണ്ട് ബാലികമാരുള്‍പ്പെടെ ഏഴുപേരെ രക്ഷപ്പെടുത്തി. ഇവരെ തിരുച്ചെന്തൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോട്ടിലുണ്ടായിരുന്ന മറ്റ് പത്തോളം പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
ഞായറാഴ്ച വൈകീട്ടായിരുന്നു അപകടം. ബോട്ട് യാത്രക്കാരില്‍ ഭൂരിഭാഗവും തിരുച്ചി, തൂത്തുക്കുടി ജില്ലയില്‍നിന്നുള്ളവരായിരുന്നു. മത്സ്യബന്ധന ബോട്ട് അനധികൃതമായി വിനോദസഞ്ചാരത്തിന് ഉപയോഗപ്പെടുത്തുകയായിരുന്നു. ഏഴ് പേര്‍ക്ക് മാത്രം യാത്ര ചെയ്യാവുന്ന ബോട്ടില്‍ ഇരുപതിലധികം പേരെയാണ് കയറ്റിയിരുന്നത്. ബോട്ടിന്‍െറ ഉടമ ശെല്‍വമാണ് ഓടിച്ചിരുന്നത്.
അപകടത്തില്‍നിന്ന് രക്ഷപ്പെട്ട ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്. ശക്തമായ കാറ്റടിച്ചതും കൂടുതല്‍ പേര്‍ യാത്ര ചെയ്തതുമാണ് അപകടകാരണമായതെന്ന് അറിയുന്നു. റവന്യൂ-പൊലീസ് അധികൃതരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.