ചികബല്ലാപുര മുദ്ദനഹള്ളി ശ്രീ മധുസൂദൻ സായി മെഡിക്കൽ സയൻസസ് ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് പ്രധാനമന്ത്രി നരന്ദ്രേ മോദി ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: 2047ൽ ഇന്ത്യ വികസിത രാജ്യമാകുമെന്നും കൂട്ടായ യത്നത്തിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ചികബല്ലാപുരയിലെ മധുസൂദൻ സായി മെഡിക്കൽ സയൻസസ് ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ നൂറാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഇത്രയും ചുരുങ്ങിയ കാലത്തിനുള്ളിൽ എങ്ങനെയാണ് വികസിത രാജ്യമാകാൻ കഴിയുകയെന്നാണ് എല്ലാവരും ചോദിക്കുന്നത്. എന്നാൽ എല്ലാവരുടെയും പരിശ്രമത്തിന്റെ ഫലമാകും അത്.
മുമ്പ് രാജ്യത്ത് 380 മെഡിക്കൽ കോളജുകളായിരുന്നു ഉണ്ടായിരുന്നത്. ബി.ജെ.പി അധികാരത്തിൽ വന്ന ശേഷം അത് 650 ആയി. ഇതിൽ 40 എണ്ണം ഏറ്റവും അർഹമായ ജില്ലകളിലാണുള്ളത്. ആവശ്യമനുസരിച്ച് രാജ്യത്തെ മെഡിക്കൽ സീറ്റുകളുടെ എണ്ണം വർധിപ്പിക്കുകയാണ്.
75 വർഷത്തിനിടെ ഉണ്ടായ ഡോക്ടർമാരുടെ അത്രയും എണ്ണം പേർ കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്തുണ്ടായി. കർണാടകയിൽ 70 മെഡിക്കൽ കോളജുകളാണ് ഉള്ളത്. സംസ്ഥാനത്തെ മുൻ കോൺഗ്രസ് സർക്കാറുകൾ കന്നട ഭാഷയിൽ മെഡിക്കൽ, എൻജിനീയറിങ് വിദ്യാഭ്യാസം നൽകാനുള്ള ഒരു പദ്ധതിയും നടപ്പാക്കിയില്ല.
എന്നാൽ ഇപ്പോൾ കന്നട അടക്കം എല്ലാ ഇന്ത്യൻ ഭാഷകളിലും മെഡിക്കൽ വിദ്യാഭ്യാസം നേടാനുള്ള അവസരമുണ്ട്. കോൺഗ്രസ് വോട്ടുബാങ്കായി മാത്രമാണ് പാവപ്പെട്ടവരെ കണ്ടത്. ‘ജൻ ഔഷധി’ കടകളിലൂടെ കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ കിട്ടുന്നു. പാവപ്പെട്ടവർക്ക് അഞ്ച് ലക്ഷം രൂപ വരെയുള്ള ചികിത്സ സൗജന്യമായി കിട്ടാനുള്ള സൗകര്യമൊരുക്കി- മോദി പറഞ്ഞു.
ചിക്കബല്ലാപുര മുദ്ദെനഹള്ളി സത്യസായി വില്ലേജിലെ ശ്രീ മധുസൂദൻ സായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച് മെഡിക്കൽ കോളജിൽ മുഴുവൻ എം.ബി.ബി.എസ് സീറ്റുകളിലും സൗജന്യപഠനമാണ് വാഗ്ദാനം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.