ശ്രീനഗർ: കശ്മീരിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പാക് പൗരനും ലശ്കറെ ത്വയ്യിബ കമാൻഡറുമായ അബു ദുജാനയുടെ മൃതദേഹം പാകിസ്താൻ ഏറ്റുവാങ്ങണമെന്ന് ഇന്ത്യ. ഇൗ ആവശ്യമുന്നയിച്ച് ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങൾ മുഖേന പാക് ഹൈകമീഷനുമായി ബന്ധപ്പെടുമെന്ന് കശ്മീർ റേഞ്ച് പൊലീസ് െഎ.ജി മുനീർ ഖാൻ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഉടൻ കത്തയക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ആദ്യമായാണ് കശ്മീരിൽ കൊല്ലപ്പെടുന്ന തീവ്രവാദിയുടെ മൃതദേഹം പാകിസ്താൻ ഏറ്റെടുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നത്. തെക്കൻ കശ്മീരിലെ പുൽവാമയിൽ ചൊവ്വാഴ്ച പുലർച്ചയാണ് അബു ദുജാന കൊല്ലപ്പെട്ടത്. അതേസമയം, അബു ദുജാനയുടെ വധത്തെ തുടർന്ന് താഴ്വരയിൽ സംഘർഷാവസ്ഥ തുടരുകയാണ്. പുൽവാമയിലെ ഏറ്റുമുട്ടലിനിടെ കല്ലെറിഞ്ഞ ജനക്കൂട്ടത്തിനുനേരെ സൈന്യം നടത്തിയ െപല്ലറ്റ് പ്രയോഗത്തിൽ ഗുരുതര പരിക്കേറ്റ ഒരാൾ മരിച്ചു. ഗബാർപുരയിലെ അഖീൽ അഹ്മദ് ഭട്ടാണ് ബുധനാഴ്ച മരിച്ചത്. വയറ്റിലാണ് െപല്ലറ്റ് തറച്ചത്. ഇതോടെ ഇൗ സംഭവത്തിൽ മരിച്ച സിവിലിയന്മാരുടെ എണ്ണം രണ്ടായി. ഫിർദൗസ് അഹ്മദ് എന്നയാൾ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
അബു ദുജാനയുടെയും രണ്ട് സിവിലിയന്മാരുടെയും വധത്തിൽ പ്രതിഷേധം തുടരുകയാണ്. ഹുർറിയത്ത് കോൺഫറൻസിലെ ഇരുവിഭാഗങ്ങളും ജെ.കെ.എൽ.എഫും ആഹ്വാനം ചെയ്തതുപ്രകാരം ബുധനാഴ്ച ബന്ദാചരിച്ചു. സംഘർഷാവസ്ഥ നിയന്ത്രിക്കാൻ ശ്രീനഗറിലെ ഏഴ് പൊലീസ് സ്റ്റേഷൻ പരിധികളിൽ നിരോധനാജ്ഞയുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയാണ്. ചൊവ്വാഴ്ച മുതൽ ഇൻറർനെറ്റ് സർവിസുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.