ലോകത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങളിൽ ഇന്ത്യ ഒന്നാമത്; പ്രതിവർഷം 58,000 കേസുകൾ

ന്യൂഡൽഹി: ആഗോളതലത്തിൽ പാമ്പുകടിയേറ്റുള്ള മരണങ്ങളിൽ ഏറ്റവും ഉയർന്ന നിരക്ക് ഇന്ത്യയിൽ. ജനീവയിൽ അടുത്തിടെ സമാപിച്ച 78-ാമത് വേൾഡ് ഹെൽത്ത് അസംബ്ലിയിൽ ഗ്ലോബൽ സ്നേക്ക്ബൈറ്റ് ടാസ്‌ക്‌ഫോഴ്‌സ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് കണ്ടെത്തൽ. 'ടൈം ടു ബൈറ്റ് ബാക്ക്: കാറ്റലൈസിങ് എ ഗ്ലോബൽ റെസ്പോൺസ് ടു സ്നേക്ക്ബൈറ്റ് എൻവെനോമിങ്' എന്ന റിപ്പോർട്ടിലാണ് ഇന്ത്യയിൽ പ്രതിവർഷം 58,000 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുവെന്നും അതിന്‍റെ കാരണങ്ങളും വ്യക്തമാക്കുന്നത്. പാമ്പുകടിയേറ്റതിനെ തുടർന്ന് ഉണ്ടാകുന്ന മരണങ്ങളും വൈകല്യങ്ങളും കുറക്കുന്നതിനുള്ള ആഗോള കാമ്പയ്‌നിന്‍റെ ഭാഗമാണിത്.

ആഗോളതലത്തിൽ പാമ്പുകടിയേറ്റുള്ള മരണങ്ങളിൽ ഏകദേശം 50 ശതമാനവും ഇന്ത്യയിലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ദരിദ്രരും തദ്ദേശീയരുമായ സമൂഹങ്ങൾക്കിടയിലാണ് മരണപെട്ടവരിൽ കൂടുതലെന്നും റിപ്പോർട്ട് ചൂണ്ടികാട്ടുന്നു. പരമ്പരാഗത വൈദ്യശാസ്ത്രത്തിലുള്ള വിശ്വാസം മൂലം ചികിത്സയിലുണ്ടാകുന്ന കാലതാമസം, ഗുണനിലവാരമുള്ള ചികിത്സയുടെ അഭാവം എന്നിവയെല്ലാം മരണത്തിന് കാരണമാകുന്നു.

പാമ്പുകടിയേറ്റതിനെ തുടർന്ന് ഉണ്ടാകുന്ന മരണങ്ങളും വൈകല്യങ്ങളും കുറക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ദേശീയ കർമ്മ പദ്ധതി ഇന്ത്യ ആരംഭിച്ചിട്ടുണ്ടെന്നും അത് നടപ്പിലാക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

2030 ആകുമ്പോഴേക്കും പാമ്പുകടിയേറ്റുള്ള മരണങ്ങളും വൈകല്യങ്ങളും പകുതിയായി കുറക്കുക എന്ന ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതിൽ ഇന്ത്യക്ക് വെല്ലുവിളികൾ നിലനിൽക്കുന്നുണ്ടെന്നും റിപ്പോർട്ട് കാണിക്കുന്നു.

'പാമ്പുകടിയേറ്റ മരണങ്ങൾ തടയുന്നതിൽ ഇന്ത്യ ഇപ്പോഴും പരാജയപ്പെടുന്നു'വെന്ന് പൊതുജനാരോഗ്യ പ്രവർത്തകനും റിപ്പോർട്ടിന്‍റെ രചയിതാക്കളിൽ ഒരാളുമായ ഡോ. യോഗേഷ് ജെയിൻ അഭിപ്രായപ്പട്ടു. അവരുടെ ആരോഗ്യ സംരക്ഷണ സംവിധാനം എപ്പോഴും സജ്ജമല്ല. കേസുകൾ ഫലപ്രദമായി ചികിത്സിക്കുന്നതിനുള്ള പരിശീലനമോ ഉപകരണങ്ങളോ ആത്മവിശ്വാസമോ ഡോക്ടർമാർക്ക് പലപ്പോഴും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ എണ്ണം കുറക്കുന്നതിൽ ഇന്ത്യ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് 2023ൽ നടത്തിയ വിലയിരുത്തൽ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഇന്ത്യയിലുടനീളമുള്ള മിക്ക പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലും പാമ്പുകടിയേറ്റവരുടെ പരിചരണത്തിന് ഫലപ്രദമായ സൗകര്യംപോലും ഇല്ലെന്നും വിലയിരുത്തൽ വെളിപ്പെടുത്തി.

ലോകമെമ്പാടുമായി ഓരോ വർഷവും ഏകദേശം 5.4 ദശലക്ഷം ആളുകൾക്ക് പാമ്പുകടിയേൽക്കുന്നുണ്ട്. 81,000 മുതൽ 138,000 വരെ മരണങ്ങളും ഉണ്ടാകുന്നു.

Tags:    
News Summary - India tops world in snakebite deaths 58000 cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.