ബലൂണുകൾക്ക് പകരം ഡ്രോണുകൾ; കാലാവസ്ഥ വിവരങ്ങൾ ശേഖരിക്കാൻ പുതിയ വഴിതേടി ഇന്ത്യ

ന്യൂഡൽഹി: കാലാവസ്ഥ വിവരങ്ങൾ ശേഖരിക്കാൻ കാലാവസ്ഥ ബലൂണുകൾക്ക് പകരം ഡ്രോണുകൾ ഉപയോഗിക്കാനൊരുങ്ങി ഇന്ത്യ. കാലാവസ്ഥ നിർണയത്തിന് പ്രധാനമായ വിവരങ്ങൾ ശേഖരിക്കാൻ ഡ്രോണുകൾ ഉപയോഗിക്കുന്നതിനുള്ള സാധ്യത പരിശോധിച്ചു വരികയാണെന്ന് ഭൗമശാസ്ത്ര മന്ത്രാലയ സെക്രട്ടറി എം. രവിചന്ദ്രൻ വാർത്ത ഏജൻസിയോട് പറഞ്ഞു.

പരമ്പരാഗത കാലാവസ്ഥ ബലൂണുകളേക്കാൾ സെൻസറുകൾ ഘടിപ്പിച്ച ഡ്രോണുകൾ വഴി കൂടുതൽ വ്യക്തമായ വിവരങ്ങൾ ലഭിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു. കൂടാതെ ഉയർന്നും താഴ്ന്നും പറക്കാൻ സാധിക്കും എന്നതും ഡ്രോണുകളുടെ പ്രത്യേകതയാണ്. കൂടാതെ കാലാവസ്ഥ ബലൂണുകളേക്കാൾ വേഗത്തിൽ ഡ്രോണുകൾക്ക് വിവരങ്ങൾ ശേഖരിക്കാൻ കഴിയും.

കാലാവസ്ഥ ബലൂണുകളിലെ ടെലിമെട്രി ഉപകരണമായ റേഡിയോസോൺഡെയിൽ ഘടിപ്പിച്ച സെൻസറുകൾ വഴി അന്തരീക്ഷമർദ്ദം, താപനില, കാറ്റിന്‍റെ ദിശ, വേഗത എന്നിവയെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ച് അവ റിസീവറിലേക്ക് അയക്കുന്നു. ഹൈഡ്രജൻ നിറച്ച ഈ ബലൂണുകൾ 12 കി.മീ ഉയരത്തിൽ പറക്കുന്നു.

അഞ്ച് കിലോമീറ്റർ ഉയരത്തിലുള്ള വിവരങ്ങൾ ശേഖരിക്കാൻ ഡ്രോണുകളുപയോഗിക്കാനും ലഭിക്കുന്ന വിവരങ്ങൾ കാലാവസ്ഥ ബലൂണിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുമായി താരതമ്യം ചെയ്യാനുമാണ് ഇന്ത്യൻ കാലാവസ്ഥ നിലയം പദ്ധതിയിടുന്നത്.

കാലാവസ്ഥ സ്റ്റേഷനുകളിൽ നിന്നും വിടുന്ന കാലാവസ്ഥ ബലൂണുകളും റേഡിയോസോൺഡെകളെയും പിന്നീട് തിരിച്ചുവിളിക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ ഓരോ ദിവസവും 100 ലധികം റേഡിയോസോൺഡെ ഉപകരണങ്ങളാണ് പാഴാവുന്നത്. ഇന്ത്യൻ കാലാവസ്ഥ കേന്ദ്രം നിലവിൽ രാജ്യമൊട്ടാകെ 550 സ്ഥലങ്ങളിൽനിന്നായി കാലാവസ്ഥ നിലയങ്ങൾവഴി കാലാവസ്ഥ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. 

Tags:    
News Summary - India Set To Replace Weather Balloons With Drones

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.