ന്യൂഡൽഹി: എച്ച്-വൺബി വിസ കൈവശമുള്ള നിരവധി ഇന്ത്യക്കാർ വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കെയായിരുന്നു വിസ ഫീസ് കൂട്ടിയതായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇടിത്തീ പോലുള്ള പ്രഖ്യാപനം. എച്ച്-വൺബി വിസയുടെ ഫീസ് ഒരുലക്ഷം ഡോളറായാണ് വർധിപ്പിച്ചത്. തുടർന്ന് മറ്റ് രാജ്യങ്ങളിലുള്ള ജീവനക്കാരോട് എല്ലാ പരിപാടികളും ഒഴിവാക്കി എത്രയും പെട്ടെന്ന് മടങ്ങിയെത്താൻ യു.എസിലെ പ്രമുഖ ടെക് കമ്പനികൾ നിർദേശം നൽകി. സെപ്റ്റംബർ 21 ന് രാവിലെ 9.31നകം മടങ്ങിയെത്താനാണ് എല്ലാവർക്കും കിട്ടിയ ഇ-മെയിൽ സന്ദേശം.
യു.എസിൽ നിന്ന് ഏതാനും ദിവസത്തെ അവധിയിൽ നാട്ടിലെത്തിയ ആളുകളാണ് അതിന്റെ വേദന പങ്കിടുന്നത്. വർഷങ്ങളുടെ ഇടവേളക്കിടെയാണ് അവരിൽ പലരും നാട്ടിലെത്തിയത്. കുടുംബാംഗങ്ങൾക്കൊപ്പം ഒരാഴ്ച ഒന്നിച്ച് സന്തോഷത്തോടെ ചെലവഴിക്കുന്നതിനിടയിലാണ് ഉടൻ മടങ്ങിയെത്തണമെന്ന് ജോലി ചെയ്യുന്ന കമ്പനികളുടെ അന്ത്യശാസനം വരുന്നത്. എത്രയും പെട്ടെന്ന് എല്ലാവരെയും വിട്ട് പെട്ടിയുമായി ഇറങ്ങിവരുമ്പോൾ മനസ് പിടിവിട്ടുപോകുന്നത് ആരോടാണ് പറയുകയെന്ന് അവർ ചോദിക്കുന്നു.
''ഞങ്ങളെല്ലാവരും മറ്റ് രാജ്യങ്ങളിലായിരിക്കുമ്പോഴാണ് പെട്ടെന്ന് മടങ്ങിവരണമെന്ന് പറഞ്ഞ് കമ്പനികൾ യു.എസിലേക്ക് തിരിച്ചുവിളിക്കുന്നത്. അതോടെ എല്ലാ പരിപാടികളും പാതിവഴിയിൽ നിർത്തിവെച്ച് വീട്ടുകാരോടും അടുത്ത സുഹൃത്തുക്കളോടും യാത്ര പറഞ്ഞ് ഞങ്ങളിറങ്ങി. ഒരുപാട് പണം ഞങ്ങൾക്ക് നഷ്ടമായി. പ്രിയപ്പെട്ടവർക്കൊപ്പം ഒത്തുചേരാനുള്ള അവസരങ്ങളും. കനത്ത ഹൃദയഭാരത്തോടെ മടങ്ങിവരുന്നതിനിടയിലും നിങ്ങളോട് ഒന്നേ പറയാനുള്ളു...ഒട്ടും ശരിയായിരുന്നില്ല ഇത്. ഞങ്ങളിങ്ങനെയൊരു മടക്കം പ്രതീക്ഷിച്ചിരുന്നുമില്ല.
എന്റെ അമ്മ പൊട്ടിക്കരയുന്നത് നിങ്ങൾക്ക് കാണാൻ കഴിയില്ലായിരിക്കാം. കാരണം കുറെകാലങ്ങൾക്ക് ശേഷം ആദ്യമായാണ് അവർ എന്നെ കാണുന്നത്. വർഷങ്ങളുടെ ഇടവേളക്കു ശേഷം ഒരാഴ്ച മാത്രമേ ഞങ്ങൾക്ക് ഒന്നിച്ചു കഴിയാൻ കഴിഞ്ഞുള്ളൂ...വിസയുടെ ചട്ടക്കൂടിന് പുറത്തും ജീവിതങ്ങളുണ്ട്. ഞങ്ങളെല്ലാം മനുഷ്യരാണ്...''ഇങ്ങനെ പോകുന്നു റെഡ്ഡിറ്റിൽ ഒരു യൂസർ പങ്കുവെച്ച കുറിപ്പ്.
അതേസമയം, വിസ ഫീസ് കുത്തനെ വർധിപ്പിച്ചെങ്കിലും വിസ കൈവശമുള്ളവർ വീണ്ടും യു.എസിലേക്ക് പ്രവേശിക്കാൻ അധിക ഫീസ് നൽകേണ്ടതില്ല എന്ന പ്രഖ്യാപനം വളരെ വൈകിയാണ് യു.എസ് നടത്തിയത്. ഇത് പലർക്കും ആശ്വാസം നൽകി. എന്നാൽ ചിലർ മടക്കയാത്രയിലായപ്പോഴാണ് അതറിയുന്നത്. ഇക്കൂട്ടരിൽ സ്വന്തം വിവാഹത്തിനായി നാട്ടിലെത്തിയവരുമുണ്ട്. വിവാഹം മാറ്റിവെച്ചാണ് അവർ മടക്കയാത്രക്ക് വിമാനടിക്കറ്റെടുത്തത്. മാറ്റി വെച്ച ചടങ്ങ് ഇനിയെന്ന് നടക്കുമെന്ന അനിശ്ചിതത്വവും പേറിയായിരുന്നു ആ യാത്ര.നിലവിലെ എച്ച്-വൺബി വിസ ഉടമകളെയോ വിസ പുതുക്കുന്നവരെയോ കമ്പനി മാറുന്നവരെയോ ഈ ഫീസ് ബാധിക്കില്ല. നിലവിൽ വിസയുള്ളവർക്ക് പുതിയ ഫീസ് അടയ്ക്കാതെ തന്നെ യാത്ര ചെയ്യാനും യു.എസിലേക്ക് തിരികെ പ്രവേശിക്കാനും സാധിക്കും.
വലിയൊരു ആഘാതമാണ് ട്രംപിന്റെ വെള്ളിയാഴ്ച വൈകിയുള്ള പ്രഖ്യാപനം ഉണ്ടാക്കിയതെന്ന് പലരും പറയുന്നു. ഒരർഥത്തിൽ ഇതൊരു യാത്ര വിലക്ക് തന്നെയാണെന്ന പലരും സമ്മതിക്കുന്നു. എച്ച്-വൺബി വിസ കൈവശമുള്ള ആളുകൾ മറ്റൊരു രാജ്യത്ത് യാത്രയിലായിരിക്കുമ്പോൾ, അല്ലെങ്കിൽ അവധിയാഘോഷിക്കുമ്പോൾ ഒരുലക്ഷം ഡോളർ അടച്ചില്ലെങ്കിൽ രാജ്യത്തേക്ക് കടക്കാനാവില്ലെന്ന് പെട്ടെന്ന് ഒരു പ്രഖ്യാപനം വരുന്നു. എന്താണ് അതിന്റെ നടപടിക്രമങ്ങളെന്ന് ഒരാൾക്ക് പോലും അറിയില്ല. അതോടെ വല്ലാത്തൊരു ഭീതി പിടികൂടി''-പി.ടി.ഐയോട് ഒരാൾ വേദന പങ്കുവെച്ചു.
മടക്കയാത്രക്കുള്ള ടിക്കറ്റിനായി വിമാനത്താവളങ്ങളിൽ കാത്തുനിൽക്കുന്നവർ...നാളെയോ മറ്റന്നാളോ നടക്കേണ്ടിയിരുന്ന വിവാഹം മാറ്റിവെച്ചവരും അക്കൂട്ടത്തിലുണ്ട്. അവരുടെ മനസിലെ അപ്പോഴത്തെ വികാരത്തെ കുറിച്ച് ആർക്കെങ്കിലും ചിന്തിക്കാൻ കഴിയുമോയെന്ന് മറ്റൊരാൾ ചോദിക്കുന്നു. എച്ച്‍-വൺബി വിസ ഹോൾഡേഴ്സിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. വളരെ വിചിത്രമായ ഒന്നാണിത്. ഇത്രയും അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ എല്ലാം ഉപേക്ഷിച്ച് ഇനിയുള്ള കാലം യു.എസിൽ കഴിയണോ എന്ന ചിന്തയിലാണ് പല ഇന്ത്യൻ യുവാക്കളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.