സൗദിയുമായി വിപുലമായ നയതന്ത്ര പങ്കാളിത്തമെന്ന് ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യക്കും സൗദി​ അറേബ്യക്കുമിടയിൽ വിപുലമായ നയതന്ത്ര പങ്കാളിത്തമാണുള്ളതെന്ന് കേന്ദ്ര വിദേശ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പാകിസ്താനും സൗദി അറേബ്യയും തമ്മിലുണ്ടാക്കിയ സൈനിക കരാറിനോടുള്ള ഇന്ത്യൻ പ്രതികരണം എന്താണെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രൺധീർ ജയ്സ്വാൾ.

ഒരു രാജ്യത്തി​നെതിരായ ആ​ക്രമണം രണ്ടു രാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്ന് വ്യക്തമാക്കിയാണ് സൗദിയും പാകിസ്താന​ും കഴിഞ്ഞ ദിവസം കരാറിലൊപ്പിട്ടത്. ഇന്ത്യ-സൗദി നയതന്ത്ര ബന്ധം ഏതാനും വർഷങ്ങളായി മികച്ച നിലയിലാണെന്ന് ജയ്സ്വാൾ തുടർന്നു.

ഇന്ത്യക്ക് പങ്കാളിത്തമുള്ള ഇറാനിലെ ഛബഹർ തുറമുഖത്തിന് ഉപരോധം പുനഃസ്ഥാപിക്കുമെന്ന യു.എസ് പത്രപ്രസ്താവന കണ്ടെന്നും അത് ഇന്ത്യക്ക് മേലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ പരിശോധിക്കുകയാണെന്നും ജയ്സ്വാൾ പറഞ്ഞു.

16ന് നടന്ന വ്യാപാര കരാറിനുള്ള ഇന്ത്യ-യു.എസ് ചർച്ചകൾ ക്രിയാത്മകമായിരുന്നെന്നും പരസ്പരം പ്രയോജനപ്രദമാക​ുന്ന വ്യാപാര കരാറിലേക്ക് എത്രയും പെട്ടെന്ന് എത്താൻ ഇരുരാജ്യവും തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം തുടർന്നു.

മറ്റ് അറബ് രാഷ്ട്രങ്ങളുമായും കരാറുണ്ടായേക്കാം -പാക് പ്രതിരോധമന്ത്രി

ഇസ്‍ലാമാബാദ്: സൗദി അറേബ്യയുമായി പ്രതിരോധ സഹകരണ കരാറിൽ ഒപ്പിട്ടതിന് പിന്നാലെ മറ്റു അറബ് രാഷ്ട്രങ്ങളുമായും കരാറുണ്ടാക്കിയേക്കാമെന്ന സൂചനയുമായി പാകിസ്താൻ. ഇപ്പോൾ അക്കാര്യത്തിൽ ഒന്നും പറയാനാവില്ലെങ്കിലും ആ സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് ഇതുസംബന്ധിച്ച ചോദ്യത്തോട് പാക് പ്രതിരോധമന്ത്രി ഖാജ ആസിഫ് പ്രതികരിച്ചത്.

തങ്ങളിൽ ഏതെങ്കിലും ഒരു രാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണത്തെ രണ്ടു രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കാണുമെന്ന് വ്യക്തമാക്കുന്ന വ്യവസ്ഥയടക്കമുള്ള പ്രതിരോധ സഹകരണ കരാറിൽ കഴിഞ്ഞ ദിവസമാണ് പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ശരീഫും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഒപ്പുവെച്ചത്.

Tags:    
News Summary - India says it has expanded diplomatic partnership with Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.