ദേശീയ സർവേ: ഏറ്റവുമധികം ശ്വാസകോശ ക്ഷയരോഗബാധയുള്ള സംസ്ഥാനം ഡൽഹി, കുറവ് കേരളം

ന്യൂഡൽഹി: ലോക ക്ഷയരോഗ ദിനത്തോടനുബന്ധിച്ച് ദേശീയ ക്ഷയരോഗ വ്യാപന സർവേ 2019-2021 പുറത്തിറക്കി. ഇന്ത്യയിൽ ക്ഷയരോഗബാധിതരുടെ എണ്ണം മുൻവർഷത്തേക്കാൾ 19 ശതമാനം വർധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതൽ ശ്വാസകോശ ക്ഷയരോഗ കേസുകൾ ഡൽഹിയിലും കുറവ് കേരളത്തിലുമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

വ്യാഴാഴ്ച പുറത്തിറക്കിയ വാർഷിക ടി.ബി റിപ്പോർട്ടിലാണ് പുതിയ ടി.ബി കേസുകളുടെ കണക്കുകൾ വ്യക്തമാക്കിയത്. ആറ് പതിറ്റാണ്ടുകൾക്ക് ശേഷം നടത്തിയ സർവേയിൽ ഇന്ത്യയിൽ ടി.ബിയുടെ വർധന നേരത്തെ കണക്കാക്കിയതിനേക്കാൾ വളരെ കൂടുതലാണെന്നും വ്യക്തമാക്കുന്നു. 2020ൽ 16,28,161 ക്ഷയരോഗബാധിതരുണ്ടായിരുന്ന ഇന്ത്യയിൽ 2021 ആയപ്പോൾ പുതിയതും വീണ്ടും രോഗം ബാധിച്ചതുമായ കേസുകൾ 19,33,381 ആയി കുതിച്ചു.

''ഇന്ത്യയിൽ 15 വയസു മുതലുള്ളവരുടെ ജനസംഖ്യയിൽ ശ്വാസകോശ ക്ഷയരോഗത്തിന്റെ വ്യാപനം 100,000ൽ 316 ആണ്. അതേസമയം ഇന്ത്യയിലെ എല്ലാ പ്രായക്കാർക്കിടയിലുമുള്ള ക്ഷയരോഗങ്ങളുടെ വ്യാപനം 100,000ൽ 312ഉം ആണ്'' -സർവേ വ്യക്തമാക്കുന്നു.

രാജ്യത്ത് ക്ഷയരോഗബാധിതരായ ജനങ്ങളിൽ 64 ശതമാനത്തിനും കോവിഡുകാലത്ത് ആരോഗ്യ സേവനങ്ങൾ തേടാനും കഴിഞ്ഞിട്ടില്ല. 2019നും 2020 നും ഇടയിൽ ടി.ബി മൂലമുള്ള മരണനിരക്കിൽ രാജ്യത്ത് 11 ശതമാനം വർധനവാണുണ്ടായത്.

എച്ച്.ഐ.വി ഒഴികെയുള്ള ക്ഷയരോഗികളിൽ ആകെ മരണങ്ങളുടെ എണ്ണം 2020-ൽ 4.93 ലക്ഷം ആയിരുന്നു എന്നാൽ ഇത് 2019 ലെ കേസുകളെക്കാൾ 13 ശതമാനം കൂടുതലാണ്. പോഷകാഹാരക്കുറവ്, പ്രമേഹം, എച്ച്.ഐ.വി, പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങൾ ക്ഷയരോഗമുള്ള വ്യക്തിയെ സാരമായി ബാധിക്കുന്നു.

2021-ൽ രോഗനിർണയം നടത്തിയ 21,35,830 രോഗികളിൽ 20,30,509 (95 ശതമാനം) രോഗികൾ ചികിത്സയിലാണ്. ചികിത്സയിൽ കഴിയുന്നവരിൽ 61 ശതമാനം പുരുഷന്മാരും 39 ശതമാനം സ്ത്രീകളുമാണുള്ളത്. ആറ് ശതമാനം രോഗികൾ ശിശുരോഗ വിഭാഗത്തിലുള്ളവരാണ്. 2020-ലെ കണക്കു പ്രകാരം രോഗികളിൽ 83 ശതമാനം പേർ വിജയകരമായി ചികിത്സ നേടിയിട്ടുണ്ട്. നാല് ശതമാനം രോഗികൾ ചികിത്സക്കിടെ മരണപ്പെടുകയും ചെയ്തു. ഏറ്റവും കൂടുതൽ രോഗ വ്യാപനം ഡൽഹിയിലും കുറവ് ഗുജറാത്തിലുമാണ്. 

Tags:    
News Summary - India reports 19% jump in TB cases in 2021: India TB Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.